Quantcast

യു.പിയിൽ പൊലീസ് ജീപ്പ് തകർത്ത് കാവഡ് യാത്രികർ; ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ഉദ്യോഗസ്ഥർ

ഒരു സംഘം തീർഥാടകർ വാഹനം നശിപ്പിക്കുകയും റോഡിന് നടുവിൽ മറിച്ചിടുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2024-07-29 12:59:03.0

Published:

29 July 2024 12:46 PM GMT

Kanwariyas Vandalise, Overturn Police Vehicle in UP
X

ലഖ്നൗ: കാവഡ് യാത്രയ്ക്കിടെ വാഹനങ്ങൾക്കു നേരെയുള്ള തീർഥാടകരുടെ അതിക്രമം തുടരുന്നു. വിവിധയിടങ്ങളിൽ കാറുകൾ തകർത്ത വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ യു.പിയിൽ പൊലീസ് വാഹനത്തിനു നേരെയും ആക്രമണം. ​ഗാസിയാബാദിലാണ് ഹൈഡെൽ വിജിലൻസ് ഡിപ്പാർട്ട്മെന്റ് ഉപയോ​ഗിച്ചുവരുന്ന പൊലീസ് എന്നെഴുതിയ മഹീന്ദ്ര ബൊലേറോ കാവഡ് യാത്രികർ തകർത്തത്.

മധുബൻ ബാപു ധാം പൊലീസ് സ്റ്റേഷൻ പരിധിയിൽ ദുഹൈ മെട്രോ സ്റ്റേഷന് സമീപം രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വാഹനം റിസർവ് ലൈനിൽ കടന്ന് ഒരു തീർഥാടകന്റെ മേൽ തട്ടിയെന്നാരോപിച്ചായിരുന്നു നടപടി. ഒരു സംഘം തീർഥാടകർ വാഹനം നശിപ്പിക്കുകയും റോഡിന് നടുവിൽ മറിച്ചിടുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

കാറിനെ വളഞ്ഞ ഒരു സംഘം കാവഡ് യാത്രികർ വടികളും കല്ലുകളും ബേസ്ബോൾ ബാറ്റുകളുമുൾപ്പെടെ ഉപയോ​ഗിച്ച് ഹെഡ്ലൈറ്റുകളും വിൻഡ്ഷീൽഡുകളുമുൾപ്പെടെ അടിച്ചുതകർക്കുകയും വണ്ടി റോഡിനു നടുവിൽ മറിച്ചിടുകയായിരുന്നു. സൈറണും ബീക്കൺ ലൈറ്റും ഘടിപ്പിച്ച വാഹനം ഡ്രൈവർ അവ്നിഷ് ത്യാഗിയാണ് ഓടിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി രം​ഗം ശാന്തമാക്കി. ഹൈഡൽ വിജിലൻസ് ഓഫീസറുടെ ഡ്യൂട്ടിക്ക് ഹാജരാകാൻ മുറാദ്‌നഗറിൽ നിന്ന് ഹൈഡൽ കവി നഗറിലെ ഓഫീസിലേക്ക് പോവുകയായിരുന്നുവെന്ന് എസ്‌.യു.വി ഡ്രൈവർ അവ്‌നിഷ് ത്യാഗി പറഞ്ഞതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് കുമാർ പറഞ്ഞു. സംഭവത്തിൽ ഡ്രൈവർ അവ്‌നിഷ്നെ കസ്റ്റഡിയിലെടുത്തതായും കാർ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

നേരത്തെ, യു.പിയിലെ തന്നെ മുസാഫർനഗറിലെ ചപ്പർ ​ഗ്രാമത്തിൽ കാവഡ് യാത്രയ്ക്കിടെ മുസ്‌ലിം ഡ്രൈവറെ തീർഥാടകർ ക്രൂരമായി മർദിച്ചിരുന്നു. കാർ ഡ്രൈവറായ ആഖ്വിബിനാണ് മർദനമേറ്റത്. ഇദ്ദേഹത്തിന്റെ കാർ തടഞ്ഞുനിർത്തി കല്ലും മണ്ണും വാരിയിട്ട കാവഡ് യാത്രികർ വാഹനം തല്ലിത്തകർക്കുകയും ചവിട്ടിപ്പൊളിക്കുകയുമായിരുന്നു.

ഗംഗാ നദിയിൽ നിന്നുള്ള ജലം കൊണ്ടുപോകുന്ന കാവഡിൽ കാർ ഇടിച്ചെന്നും കേടുപാടുകൾ വരുത്തിയെന്നും ആരോപിച്ചായിരുന്നു മർദനം. എന്നാൽ കാർ ഒരു കാവഡിനും കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നും പ്രകോപനമില്ലാതെയാണ് ഇദ്ദേഹത്തെ കാവഡ് യാത്രികർ ആക്രമിച്ചതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ പത്തോളം അജ്ഞാതരായ കാവഡ് യാത്രികർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.

കാവഡ് യാത്ര കടന്നുപോകുന്ന പശ്ചിമ യു.പിയിലെ 240 കിലോമീറ്റർ റോഡിൽ ഹോട്ടലുകളുടെയും പഴക്കടകളുടേയും മുന്നിൽ കടയുടമകളുടെ പേരുകൾ പ്രദർശിപ്പിക്കണമെന്ന യു.പി സർക്കാറിന്‍റെ വിവാദ ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു. ഗംഗയിൽ നിന്ന് ശേഖരിച്ച ജലവുമായി ഹരിദ്വാറിലേക്ക് പോകുന്ന യാത്രയാണ് കാവഡ് യാത്ര എന്നറിയപ്പെടുന്നത്.

കഴിഞ്ഞദിവസം കാവഡ് യാത്രാറൂട്ടിലെ പള്ളികളും ദര്‍ഗയും മറയ്ക്കാന്‍ ഉത്തരാഖണ്ഡ് ഭരണകൂടം ഉത്തരവിട്ടിരുന്നു. തുണികെട്ടി മറയ്ക്കാനാണ് ഡെറാഡൂണിലെ ഭരണകൂടം ഉത്തരവിട്ടത്. ഉത്തരവിനു പിന്നാലെ പള്ളികള്‍ മറച്ചുകെട്ടുകയും ചെയ്തു. എന്നാല്‍, നടപടി വിവാദമായതോടെ മറ പിന്നീട് മാറ്റി.

ആര്യനഗറിലെ ഇസ്‌ലാം നഗര്‍ മസ്ജിദും സമീപപ്രദേശത്തെ ദര്‍ഗയും തുണികെട്ടി മറയ്ക്കാനാണ് ഭരണകൂടം നിര്‍ദേശിച്ചത്. ഇവിടെ തന്നെ ഒരു മേല്‍പ്പാലത്തോടു ചേര്‍ന്നുനില്‍ക്കുന്ന പള്ളിയും മറയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ ഇവിടെയെല്ലാം അധികൃതരെത്തി വെള്ള നിറത്തിലുള്ള തുണികെട്ടി മറയ്ക്കുകയും ചെയ്തു.

അനിഷ്ട സംഭവങ്ങള്‍ തടയാന്‍ വേണ്ടിയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നായിരുന്നു ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിന്റെ വാദം. കാവഡ് യാത്രയുടെ സുഗമമായ നടത്തിപ്പും ഉത്തരവിന്റെ ലക്ഷ്യമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, നടപടിക്കു പിന്നാലെ വന്‍ വിമര്‍ശനവും ഉയര്‍ന്നു.

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉത്തരവിനെതിരെ പരസ്യമായി രംഗത്തെത്തി. പള്ളി, ദര്‍ഗ അധികൃതരും നടപടിക്കെതിരെ പ്രതിഷേധം അറിയിച്ചു. തങ്ങളെ അറിയിക്കുക പോലും ചെയ്യാതെയാണ് സര്‍ക്കാര്‍ വൃത്തങ്ങളെത്തി തുണികെട്ടി മറച്ചതെന്ന് ദര്‍ഗ നടത്തിപ്പുകാരനായ ഷകീല്‍ അഹ്മദ് പ്രതികരിച്ചു.





TAGS :

Next Story