Quantcast

ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും; ശനിയാഴ്ച സത്യപ്രതിജ്ഞ

ഇന്ന് വൈകിട്ട് 7 മണിക്ക് ബംഗളൂരുവിൽ എം.എൽ.എമാരുടെ യോഗം ചേരും

MediaOne Logo

Web Desk

  • Updated:

    18 May 2023 1:09 AM

Published:

18 May 2023 1:01 AM

DK Shivakumar
X

ഡി.കെ ശിവകുമാര്‍

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും ചുമതലയേൽക്കും. ശനിയാഴ്ച സത്യപ്രതിജ്ഞ. ഇന്ന് വൈകിട്ട് 7 മണിക്ക് ബംഗളൂരുവിൽ എം.എൽ.എമാരുടെ യോഗം ചേരും.

അഞ്ചാം ദിവസത്തിലേക്ക് നീണ്ട സമവായ ചർച്ചകൾ ഇന്ന് പുലർച്ചെയോടെയാണ് ലക്ഷ്യം കണ്ടത്. പ്രതീക്ഷിച്ചിരുന്ന പോലെ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ പി.സി.സി അധ്യക്ഷൻ ഡികെ ശിവകുമാർ തയാറായതോടെ ചർച്ചകൾ വിജയം കണ്ടു.രാഹുൽ ഗാന്ധിയെ ഇന്നലെ കണ്ടിറങ്ങിയ സിദ്ധരാമയ്യയുടെ സംഘം വിജയചിഹ്നം ഉയർത്തിക്കാട്ടിയതും കർണാടകയിൽ ആഘോഷം തുടങ്ങിയിരുന്നു. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും പിന്നീട് ഡി.കെ ശിവകുമാറും മുഖ്യമന്ത്രി എന്നതായിരുന്നു തീരുമാനം. മുഖ്യമന്ത്രി പദം പങ്കിടാൻ കഴിയില്ലെന്ന് ശിവകുമാർ നിലപാട് സ്വീകരിച്ചതോടെ ദേശീയ നേതൃത്വം വെട്ടിലായി.

ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ആസൂത്രണം ചെയ്ത സത്യപ്രതിജ്ഞ ചടങ്ങിൽ നിന്നും വിട്ടു നിൽക്കുമെന്ന കടുത്ത നിലപാടാണ് സ്വീകരിച്ചത്. വിജയത്തിലേക്ക് കൈപിടിച്ച് നടത്തിയ തനിക്കു ഒരു പ്രാധാന്യവും നൽകാതെ സിദ്ധരാമയ്യയെ ഏകപക്ഷീയമായി ഉയർത്തിക്കാട്ടിയ നടപടിയാണ് ശിവകുമാറിനെ ചൊടിപ്പിച്ചത്.പുറത്ത് വരുന്ന വാർത്തകൾ ശരിയല്ലെന്ന് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു. പാതിരാത്രിയോടെ ചർച്ചയുടെ ഒടുവിലത്തെ ഘട്ടം ആരംഭിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയോടും കർണാടകത്തിന്‍റെ ചുമതലയുള്ള രൺദീപ് സുർജെവാലയോടും ഡികെ പൊട്ടിത്തെറിച്ചു. അനുകൂലിക്കുന്ന എം.എൽ.എമാരുടെ യോഗം സഹോദരനായ ഡികെ സുരേഷ് എംപിയുടെ വസതിയിൽ വിളിച്ചു ചേർത്തു.

കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് മനസിലായ സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സിദ്ധരാമയ്യയെ വസതിയിലേക്ക് വിളിച്ചു വരുത്തി.ഡികെയുടെ നേതൃപ്രഭാവത്തിന് പരിക്കേൽക്കുന്ന നടപടി ഒരു ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നു അറിയിച്ചു. സിദ്ധരാമയ്യ മുഖ്യമന്ത്രി,ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രി എന്നനിലയിലാണ് ഹൈക്കമാൻഡ് തീരുമാനമെന്ന് ഇരു നേതാക്കളെയും അറിയിച്ചു.രണ്ടാം ടേമിലെ ഡി.കെയെ മുഖ്യമന്ത്രിയാക്കുമെങ്കിലും ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കില്ല.ഇന്ന് വൈകിട്ട് 7 മണിക്ക് ചേരുന്ന എം.എൽ.എ മാരുടെ യോഗത്തിൽ ഔദ്യോഗികമായി തീരുമാനം അറിയിക്കും.



TAGS :

Next Story