Quantcast

വിമതൻ ചതിച്ചു, സിറ്റിങ് സീറ്റിൽ ബിജെപി മൂന്നാമത്; പുത്തൂരിൽ കോൺഗ്രസിന് ജയം

ജാതി സമവാക്യങ്ങൾ അടിസ്ഥാനമാക്കി ബിജെപി ആശാ തിമ്മപ്പ ഗൗഡയെ സ്ഥാനാർത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പുത്തിലയുടെ കൂടെയുള്ളവര്‍ തൃപ്തരായില്ല. ഹിന്ദുത്വത്തെ ഉയർത്തിപിടിക്കാന്‍ പുത്തില ജയിക്കണമെന്നതില്‍ ഉറച്ചുനിന്നു

MediaOne Logo

Web Desk

  • Updated:

    2023-05-13 11:06:55.0

Published:

13 May 2023 11:02 AM GMT

BJP loses Puttur constituency to Congress: Read how rebel Sangh leader Arun Kumar Puthila caused serious damage to vote share
X

കർണാടക നിയമസഭ തെരഞ്ഞെടുപ്പിലെ ഏറെ ആവേശം നിറഞ്ഞ മത്സരം നടന്നതിൽ ഒരു മണ്ഡലമാണ് പുത്തൂർ. ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ വിമതൻ മത്സരത്തിനെത്തി. ഇതോടെ സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ഡലമായി പുത്തൂർ മാറി. അവസാനം മണ്ഡലം ബിജെപിയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർത്ഥി ആശോക് കുമാർ 4149 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കൗതുകമെന്താണെന്ന് വെച്ചാൽ രണ്ടാം സ്ഥാനത്ത് എത്തിയത് ബിജെപി വിമതനാണ്. ബിജെപി ഔദ്യോഗിക സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കോൺഗ്രസ് സ്ഥാനാർത്ഥി അശോക് കുമാർ 66607 വോട്ടുകൾ നേടിയപ്പോൾ 62458 വോട്ടാണ് ബിജെപി വിമതനായ അരുൺ കുമാർ പുതില നേടിയത്. ബിജെപി സ്ഥാനാർത്ഥി ആശ തിമ്മപ്പ 36,733 വോട്ടുകളും നേടി. ആർഎസ്എസ് നേതാവായ അരുണ്‍കുമാര്‍ പുത്തിലക്ക് മണ്ഡലത്തില്‍ ആദ്യമേ നോട്ടമുണ്ടായിരുന്നു. എന്നാല്‍ ബിജെപി നേതൃത്വം ടിക്കറ്റ് നിഷേധിച്ചു. ഇതോടെയാണ് സ്വതന്ത്രനായി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്.

ദക്ഷിണ കന്നഡയിലെ പുത്തൂർ മണ്ഡലത്തിൽ സംഘപരിവാർ ആഴത്തിലുള്ള സ്വാധീനമുണ്ട്. കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീലിന്റെ പ്രവർത്തന മേഖല കൂടിയാണിത്. എന്നാല്‍ ജാതി സമവാക്യങ്ങൾ അടിസ്ഥാനമാക്കി മുൻ ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ തിമ്മപ്പ ഗൗഡയെ സ്ഥാനാർത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പുത്തിലയുടെ കൂടെയുള്ളവര്‍ തൃപ്തരായില്ല. ഹിന്ദുത്വത്തെ ഉയർത്തിപിടിക്കാന്‍ പുത്തില ജയിക്കണമെന്നതില്‍ ഉറച്ചു നിന്നു. മത്സരിക്കുന്നതിൽ നിന്ന് പിന്മാറാൻ ബിജെപി, സംഘപരിവാർ നേതാക്കൾ പുത്തിലയെ സമീപിച്ചെങ്കിലും പരാജയപ്പെട്ടു. 2018 ലെ തിരഞ്ഞെടുപ്പിൽ ഗൗഡ സമുദായത്തിൽപ്പെട്ട ബിജെപിയുടെ സഞ്ജീവ മറ്റന്തൂർ ആയിരുന്നു പുത്തൂരില്‍‌ നിന്ന് നിയമസഭയിലെത്തിയത്.

അതേസമയം, കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കവേ വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലേക്ക്. മന്ത്രിമാർ ഉൾപ്പെടെ ബി.ജെ.പിയുടെ പ്രമുഖ നേതാക്കൾക്ക് അടിതെറ്റി. വോട്ടെണ്ണൽ എട്ട് മണിക്കൂർ പിന്നിട്ടപ്പോൾ കോൺഗ്രസ് 136 സീറ്റിൽ മുന്നിലാണ്. ബി.ജെ.പി 64 സീറ്റിലും ജെ.ഡി.എസ് 20 സീറ്റിലും മറ്റുള്ളവർ 4 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

TAGS :

Next Story