കർണാടക തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയുമായി ബിജെപി
മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ മത്സരിക്കാൻ ആഗ്രഹിക്കുന്ന ഹൂബ്ലി ധാർവാഡ് സെന്ററിലെ സ്ഥാനാർഥി ആരെന്ന് ബിജെപി പട്ടികയിലില്ല
ബെംഗളൂരു: സ്ഥാനാർഥി നിർണയത്തിലെ ഭിന്നതക്കിടെ കർണാടകയിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പുറത്തുവിട്ട് ബിജെപി. 23 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. കോൺഗ്രസിൽ നിന്ന് ബിജെപിയിൽ എത്തിയ നാഗരാജ് ചബ്ബി കൽഗഡ്‌ഗിയിൽ നിന്ന് ജനവിധി തേടും. കോലാറിൽ നിന്ന് പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള അശ്വിനി സംപഗിയാണ്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ മത്സരിക്കാൻ ആഗ്രഹിക്കുന്ന ഹൂബ്ലി ധാർവാഡ് സെന്ററിലെ സ്ഥാനാർഥി ആരെന്ന് ബിജെപി പട്ടികയിലില്ല.
23 പേരുടെ ലിസ്റ്റിൽ 7 സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റില്ല. കൽഗഡ്‌ഗി സീറ്റാണ് ഇതിൽ ഏറ്റവും ചർച്ചയായത്. കോൺഗ്രസിൽ വലിയ തർക്കങ്ങളുണ്ടായ സ്ഥലം കൂടിയാണിത്. മുൻമന്ത്രി സന്തോഷ് ലാലിന് കോൺഗ്രസ് സീറ്റ് നൽകിയപ്പോൾ ആ സീറ്റിന് വേണ്ടി വാദിച്ച കോൺഗ്രസിന്റെ മുതിർന്ന നേതാവ് നാഗരാജ് ചബ്ബി വിമതനായി നിൽക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം അമിത് ഷാ ഉൾപ്പടെയുള്ള നേതാക്കളെ കണ്ട ചബ്ബി ബിജെപി അംഗത്വം സ്വീകരിക്കുകയാണുണ്ടായത്. കൽഗഡ്‌ഗിയിലെ മത്സരം ഇതോടെ കടുക്കുമെന്നാണ് സൂചന.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനായുളള ബി.ജെ.പി സ്ഥാനാർഥി പട്ടിക ഇനിയും വൈകിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടിരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷവും നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത തുടരുന്നുണ്ട്.
രാഹുൽ ഗാന്ധിയുടെ കോലാർ സന്ദർശനത്തിനു മുൻപ്, അന്തിമ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ, കോൺഗ്രസും തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. കോണ്‍ഗ്രസ് ഇതിനോടകം ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്. 124 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ നേതാക്കളെലാം ആദ്യ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സിദ്ധരാമയ്യ നേരത്തെ കോലാറിൽ നിന്നാണ് മത്സരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അവിടെ മത്സരിക്കുന്നത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് വരുണയിലേക്ക് കളംമാറ്റിയത്. കോൺഗ്രസിന്‍റെ ഉറച്ച കോട്ടയാണ് വരുണ. 2008, 2013 വർഷങ്ങളിൽ സിദ്ധരാമയ്യ വിജയം കണ്ട മണ്ഡലം കൂടിയാണ് വരുണ. കോൺഗ്രസ് ഏറെ പ്രതീക്ഷയോടെ ഈ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.
മേയ് 10 നാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മേയ് 13ന് നടക്കും. ഒറ്റഘട്ടമായിട്ടാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 20 ഉം പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 24 ഉം ആണ്.224 അംഗ നിയമസഭയുടെ കാലാവധി മെയ് 24നാണ് അവസാനിക്കുക.
Adjust Story Font
16