അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേര് പറയാൻ സമ്മർദ്ദം; ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് കർണാടക പൊലീസ്
സാമൂഹിക ക്ഷേമ വകുപ്പ് അഡീഷനൽ ഡയറക്ടർ ബി. കലേഷിന്റെ പരാതിയിലാണ് നടപടി
ബംഗളൂരു: കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷനിലെ കോടിക്കണക്കിന് രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മുൻ കോൺഗ്രസ് മന്ത്രി ബി. നാഗേന്ദ്ര എന്നിവരുടെ പേര് പറയാൻ സർക്കാർ ഉദ്യോഗസ്ഥനെ നിർബന്ധിപ്പിച്ചെന്ന പരാതിയിൽ രണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് പൊലീസ്. സാമൂഹിക ക്ഷേമ വകുപ്പ് അഡീഷനൽ ഡയറക്ടർ ബി. കലേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്.
അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജൂലൈ 16ന് ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി ഇ.ഡി വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് അദ്ദേഹം ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ മുരളി കണ്ണൻ മുമ്പാകെ മൊഴി നൽകി. നിയമവിധേയമായിട്ടാണ് കാര്യങ്ങൾ ചെയ്തതെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിൽ അവർ സമ്മതിച്ചില്ലെന്നും തന്നെ അറസ്റ്റ് ചെയ്ത് ജയിലിലിടുമെന്ന് ഭീഷണിപ്പെടുത്തിയതായും കലേഷ് പരാതിയിൽ പറയുന്നു.
തന്നെ രക്ഷപ്പെടുത്തണമെങ്കിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും നാഗേന്ദ്രയുടെയും ധനവകുപ്പിലെ ഉന്നതരുടെയും പേര് പറയണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതി കേസുമായി ബന്ധപ്പെട്ട് ബി. നാഗേന്ദ്ര നേരത്തേ അറസ്റ്റിലായിട്ടുണ്ട്. ഇദ്ദേഹത്തെ ബംഗളൂരുവിലെ പ്രത്യേക കോടതി തിങ്കളാഴ്ച 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Adjust Story Font
16