Quantcast

ഹിജാബ് അനുമതിയുള്ള സ്‌കൂളുകളും കോളജുകളും ആരംഭിക്കാൻ കർണാടക വഖഫ് ബോർഡ്

25 കോടി രൂപ വകയിരുത്തിയ പദ്ധതിയുടെ പ്രഖ്യാപനം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉടൻ നടത്തുമെന്നാണ് അറിയുന്നത്

MediaOne Logo

Web Desk

  • Published:

    30 Nov 2022 10:28 AM GMT

ഹിജാബ് അനുമതിയുള്ള സ്‌കൂളുകളും കോളജുകളും ആരംഭിക്കാൻ കർണാടക വഖഫ് ബോർഡ്
X

ബംഗളൂരു: ഹിജാബ് ധരിക്കാൻ അനുമതിയുള്ള സ്‌കൂളുകളും കോളജുകളും ആരംഭിക്കാൻ കർണാടക വഖഫ് ബോർഡ്. സംസ്ഥാനത്ത് വിദ്യാലയങ്ങളിൽ ഹിജാബ് വിലക്ക് തുടരുന്നതിനിടെയാണ് വഖഫ് ബോർഡ് നീക്കം. ഉടൻതന്നെ സ്ഥാപനങ്ങൾ തുറക്കാനാണ് ആലോചിക്കുന്നത്.

മംഗളൂരു, ശിവമോഗ, ഹാസ്സൻ, കൊടഗു, ബീജാപൂർ, ഹുബ്ബാളി എന്നിവിടങ്ങളിലാണ് പുതിയ സ്‌കൂളുകളും കോളജുകളും തുടങ്ങാൻ പദ്ധതിയിടുന്നതെന്ന് കർണാടക വഖഫ് ബോർഡ് ചെയർമാൻ ഷാഫി സാദി അറിയിച്ചു. വഖഫ് ബോർഡായിരിക്കും ഇതിന് ഫണ്ട് ചെയ്യുക. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉടൻ പ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്.

പുതിയ വിദ്യാലയങ്ങൾ ആരംഭിക്കാനായി വഖഫ് ബോർഡ് 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ കോളജുകൾക്ക് സ്വയംഭരണാധികാരമുണ്ടാകില്ല. ബോർഡിന്റെയും സർവകലാശാലകളുടെയും നിയമങ്ങൾക്ക് അനുസരിച്ചായിരിക്കും പ്രവർത്തിക്കുകയെന്നും ഷാഫി സാദി അറിയിച്ചു.

അതേസമയം, ഹിജാബ് വിവാദവുമായി പുതിയ നീക്കത്തിന് ബന്ധമൊന്നുമില്ലെന്നും ചെയർമാൻ വ്യക്തമാക്കി. സ്‌കൂളിൽ എല്ലാവർക്കും പ്രവേശനമെടുക്കാം. അഞ്ചാറ് മാസംമുൻപ് പ്രഖ്യാപിച്ച പദ്ധതിയാണിത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി വിദ്യാലയങ്ങൾ ആരംഭിക്കാൻ ബോർഡ് കോടികൾ വകയിരുത്തിയിട്ടുണ്ട്. പ്രധാനമായും വനിതാ കോളജുകളാണ് ലക്ഷ്യമിടുന്നതെന്നും ഷാഫി സാദി കൂട്ടിച്ചേർത്തു.

ഹിജാബ് വിവാദം

2021 ഡിസംബറിൽ ഉഡുപ്പിയിലെ ഗവ. പി.യു കോളജിലായിരുന്നു ഹിജാബ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഹിജാബ് ധരിച്ച ആറു വിദ്യാർത്ഥികളെ കോളജ് അധികൃതർ തടഞ്ഞതായിരുന്നു വിവാദങ്ങളുടെ തുടക്കം. കോളജിനെ പിന്തുടർന്ന് സംസ്ഥാനത്തെ നിരവധി വിദ്യാലയങ്ങളിലും ഹിജാബിന് വിലക്കേർപ്പെടുത്തി.

വിഷയം കോടതിയിലെത്തിയതോടെ സംസ്ഥാന സർക്കാർ വിലക്കിനെ പിന്തുണച്ചു. ഒടുവിൽ ഹിജാബ് ഇസ്‌ലാമിൽ അനിവാര്യമല്ലെന്നും വിദ്യാലയങ്ങളിൽ അധികൃതർക്ക് നിയന്ത്രണങ്ങൾ തുടരാമെന്നും കഴിഞ്ഞ മാർച്ച് 16ന് കർണാടക ഹൈക്കോടതി ഉത്തരവിറക്കി.

ചീഫ് ജസ്റ്റിസ് ഋതുരാജ് അശ്വതി അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി. വിദ്യാർത്ഥികളുടെ ഹരജിയിൽ കഴിഞ്ഞ ഒക്ടോബർ 14ന് സുപ്രിംകോടതി ഭിന്നവിധിയാണ് നടത്തിയത്.

Summary: The Karnataka Waqf board will soon start schools and colleges where students are allowed to wear the hijab

TAGS :

Next Story