Quantcast

'സ്വേച്ഛാധിപത്യത്തിനെതിരെ പ്രതിപക്ഷം ഒന്നിച്ചാൽ കെജ്‌രിവാൾ 24 മണിക്കൂറിനകം പുറത്തുവരും': മനീഷ് സിസോദിയ

ജയില്‍ മോചിതനായതിന് പിന്നാലെ ശനിയാഴ്ച ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

MediaOne Logo

Web Desk

  • Updated:

    2024-08-10 10:45:43.0

Published:

10 Aug 2024 10:44 AM GMT

Manish Sisodia
X

ന്യൂഡല്‍ഹി: രാജ്യത്തെ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടാൻ പാർട്ടി പ്രവർത്തകരോടും ജനങ്ങളോടും ആഹ്വാനം ചെയ്ത് മുതിർന്ന എ.എ.പി നേതാവ് മനീഷ് സിസോദിയ. ജയില്‍ മോചിതനായതിന് പിന്നാലെ ശനിയാഴ്ച ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വേച്ഛാധിപത്യത്തിനെതിരെ പ്രതിപക്ഷ നേതാക്കള്‍ ഒത്തുചേരുകയാണെങ്കില്‍ കെജ്‌രിവാള്‍ 24 മണിക്കൂറിനകം ജയിലിന് പുറത്തെത്തുമെന്നും സിസോദിയ പറഞ്ഞു. ജയിലിൽ കഴിയുന്ന ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ രാജ്യത്തെ സത്യസന്ധതയുടെ പ്രതീകമാണെന്നും സിസോദിയ വ്യക്തമാക്കി. ഡല്‍ഹി മദ്യനയക്കേസില്‍ 17 മാസത്തെ ജയില്‍വാസത്തിനു ശേഷം വെള്ളിയാഴ്ചയാണ് സിസോദിയ ജയില്‍ മോചിതനായത്.

ഭരണഘടനയേക്കാൾ ഒരാളും ശക്തരല്ലെന്നും ബി.ജെ.പിയെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു. നേതാക്കളെ ജയിലിൽ അടയ്ക്കുക മാത്രമല്ല പൗരന്മാരെ ദ്രോഹിക്കുകയും ചെയ്യുന്ന ഈ ഏകാധിപത്യത്തിനെതിരെ ഓരോ വ്യക്തിയും പോരാടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''ജാമ്യം ലഭിക്കുമോ എന്ന ആശങ്ക തനിക്കുണ്ടായിരുന്നില്ല. എന്നാൽ ബി.ജെ.പിക്ക് പണം നൽകാത്തതിന്റെ പേരിൽ വ്യവസായികളെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുന്നത് കാണുമ്പോൾ വേദനയുണ്ടായി. കെജ്‌രിവാളിൻ്റെ പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാക്കൾ ഏകാധിപത്യത്തിനെതിരെ ഒന്നിച്ചാൽ 24 മണിക്കൂറിനുള്ളിൽ കെജ്‌രിവാൾ ജയിലിൽ നിന്ന് പുറത്തുവരും''- സിസോദിയ പറഞ്ഞു.

ഞങ്ങൾ ഒരു രഥത്തിന്റെ കുതിരകൾ മാത്രമാണ്, പക്ഷേ ഞങ്ങളുടെ യഥാർത്ഥ സാരഥി(കെജ്‌രിവാള്‍) ജയിലിലാണ്, അയാള്‍ ഉടൻ പുറത്തുവരും. ജയിലിലായി ഏഴ്-എട്ട് മാസങ്ങൾക്കുള്ളിൽ തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതിന് 17 മാസമെടുത്തു. എന്നാലും അവസാനം സത്യം വിജയിച്ചെന്ന സിസോദിയ പറഞ്ഞു.

അതേസമയം ജയില്‍ മോചിതനായതിന് പിന്നാലെ ഭാര്യക്കൊപ്പം ചായ കുടിക്കുന്ന ഫോട്ടോ സിസോദിയ എക്‌സില്‍ പോസ്റ്റ് ചെയ്തു. 17 മാസങ്ങള്‍ക്ക് ശേഷമുള്ള സ്വാതന്ത്ര്യത്തിന്റെ ആദ്യ പ്രഭാത ചായ എന്ന അടിക്കുറിപ്പോടെയാണ് സിസോദിയ ചിത്രം പങ്കുവച്ചത്. ജയില്‍ മോചിതനായ ശേഷം സിസോദിയ കെജരിവാളിന്റെ കുടുംബത്തെ കാണാനായി പോയിരുന്നു. അദ്ദേഹം ഉടൻ തന്നെ കെജ്‌രിവാൾ മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി ആലോചിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് മനീഷ് സിസോദിയയുടെ നീക്കം. കിഴക്കൻ ഡൽഹിയിലെ പട്പർഗഞ്ച് നിയോജക മണ്ഡലത്തിൽ നിന്നുള്ള സിറ്റിങ് എംഎൽഎയായ സിസോദിയയെ 2023 ഫെബ്രുവരി 26 നാണ് സിബിഐ അറസ്റ്റ് ചെയ്തത്.

TAGS :

Next Story