Quantcast

'അവൻ രണ്ട് ദിവസം ഭക്ഷണം കഴിച്ചില്ല; അസ്വസ്ഥനായി നടക്കുകയായിരുന്നു'; അധ്യാപികയുടെ വിദ്വേഷ നടപടിക്കിരയായ കുട്ടിയുടെ പിതാവ്

മകനെ തല്ലിച്ച അധ്യാപിക തൃപ്ത ത്യാ​ഗിക്കെതിരെ ശക്തമായ നടപടി വേണമെന്ന് പിതാവ് ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Updated:

    28 Aug 2023 1:20 PM

Published:

28 Aug 2023 9:22 AM

അവൻ രണ്ട് ദിവസം ഭക്ഷണം കഴിച്ചില്ല; അസ്വസ്ഥനായി നടക്കുകയായിരുന്നു; അധ്യാപികയുടെ വിദ്വേഷ നടപടിക്കിരയായ കുട്ടിയുടെ പിതാവ്
X

മുസഫർന​ഗർ: യുപിയിലെ സ്‌കൂളിൽ സഹപാഠികളെ കൊണ്ട് അധ്യാപിക തല്ലി‌‌ച്ച മുസ്‌ലിം വിദ്യാർഥിയുടെ സംഭവത്തിനു ശേഷമുണ്ടായ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി കുടുംബം. രണ്ട് ദിവസം കുട്ടി ഭക്ഷണം കഴിക്കാതെ വീട്ടിൽ അസ്വസ്ഥനായി നടക്കുകയായിരുന്നെന്ന് പിതാവ് മുഹമ്മദ് ഇർഷാദ് പറഞ്ഞു.

"അവൻ വളരെ അസ്വസ്ഥനായിരുന്നു. രണ്ട് ദിവസം ഭക്ഷണം കഴിച്ചില്ല. ഇത്തരമൊരു സംഭവം ഒരു ചെറിയ കുട്ടിയെ എങ്ങനെ ബാധിക്കുമെന്ന് ഇതിൽ നിന്ന് മനസിലാക്കാം"- അദ്ദേഹം പ്രതികരിച്ചു. സംഭവത്തിന് ശേഷം കുട്ടിക്ക് ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടായെന്നും അവന്റെ അവസ്ഥ വഷളായതായും പിതാവ് പറഞ്ഞു.

ഒടുവിൽ കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കായി മീററ്റിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. "അവന് കുറച്ച് സ്വകാര്യത ആവശ്യമാണെന്ന് ഡോക്ടർ ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ അത് ഉറപ്പാക്കി. അതോടെയാണ് അവസ്ഥ കുറച്ച് ഭേദമായത്"- പിതാവ് വിശദമാക്കി.

മകൻ കരഞ്ഞുകൊണ്ടാണ് വീട്ടിലെത്തിയതെന്നും മാനസികമായി തകർന്നിരുന്നതായും നേരത്തെ മാതാവ് റുബീനയും പറഞ്ഞിരുന്നു. സഹപാഠികളെക്കൊണ്ട് അടിപ്പിക്കുന്ന ശീലം ഇതേ അധ്യാപികയ്ക്കു നേരത്തെയുമുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു. പാഠഭാഗങ്ങൾ കാണാതെ പഠിച്ചില്ലെന്ന് ആരോപിച്ച് ഇവരുടെ ബന്ധുവായ മറ്റൊരു കുട്ടിക്കെതിരെയും ഇത്തരത്തിൽ നടപടി സ്വീകരിച്ചതായും അവർ വിശദമാക്കി.

അതേസമയം, മകനെ തല്ലിച്ച അധ്യാപിക തൃപ്ത ത്യാ​ഗിക്കെതിരെ ശക്തമായ നടപടി വേണമെന്ന് പിതാവ് ആവശ്യപ്പെട്ടു. സംഭവത്തിൽ പിതാവ് നൽകിയ പരാതിയിൽ പൊലീസ് അധ്യാപികയ്ക്കെതിരെ കേസെടുക്കുകയും പിന്നാലെ അധികൃതർ നേഹ പബ്ലിക് സ്കൂൾ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.

ബോധപൂർവമുള്ള മർദനം (323), മനഃപൂർവമുള്ള അപമാനം (504) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിവ. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ ബാലാവകാശ കമ്മീഷനും അന്വേഷണത്തിന് നിർദേശം നൽകുകയും ചെയ്തിരുന്നു.

എന്നാൽ, മുസ്‌ലിം വിദ്യാർഥിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തില്‍ തനിക്ക് ലജ്ജ തോന്നുന്നില്ലെന്ന് നേഹ പബ്ലിക് സ്കൂളിലെ പ്രധാനധ്യാപിക കൂടിയായ തൃപ്ത ത്യാഗി പ്രതികരിച്ചിരുന്നു. അധ്യാപികയായി താന്‍ ഗ്രാമത്തിലെ ജനങ്ങളെ സേവിച്ചിട്ടുണ്ടെന്നും ഗ്രാമവാസികള്‍ തനിക്കൊപ്പമുണ്ടെന്നും തൃപ്ത പറഞ്ഞു. കുട്ടികളെ നിയന്ത്രിക്കുക പ്രധാനമാണെന്ന് പറഞ്ഞ് അവർ തന്‍റെ പ്രവൃത്തിയെ ന്യായീകരിക്കുകയും ചെയ്തു.

Read Alsoമുസ്‌ലിം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവം: നേഹ പബ്ലിക് സ്‌കൂൾ അടച്ചുപൂട്ടി





TAGS :

Next Story