കൊല്‍ക്കൊത്തയില്‍ 'വത്തിക്കാന്‍ സിറ്റി'; ശ്രദ്ധ നേടി ദുര്‍ഗ പൂജ പന്തല്‍
പന്തലുകളില്‍ ഓരോ വര്‍ഷവും പുതിയ തീമുകള്‍ കൊണ്ടുവരാന്‍ സംഘാടകര്‍ ശ്രമിക്കാറുണ്ട്
കൊല്‍ക്കൊത്ത: ദുര്‍ഗ പൂജ ആഘോഷങ്ങളുടെ തിരക്കിലാണ് കൊല്‍ക്കൊത്ത. എവിടെ നോക്കിയാലും കൊടിതോരണങ്ങളും പന്തലുകളും. ദുര്‍ഗ പൂജയിലെ പന്തലുകള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. പന്തലുകളില്‍ ഓരോ വര്‍ഷവും പുതിയ തീമുകള്‍ കൊണ്ടുവരാന്‍ സംഘാടകര്‍ ശ്രമിക്കാറുണ്ട്. ഇത്തവണ വത്തിക്കാന്‍ സിറ്റിയുടെ മാതൃകയില്‍ ഒരുക്കിയിരിക്കുന്ന പന്തലാണ് കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നത്.
എല്ലാ വര്‍ഷവും പുതിയ ആശയങ്ങള്‍ കൊണ്ടുവരാറുള്ള ശ്രീഭൂമി സ്‌പോർട്ടിംഗ് ക്ലബാണ് ദുർഗാപൂജയുടെ ആരാധനാ പന്തലിന്‍റെ തീം 'വത്തിക്കാൻ സിറ്റി' ആക്കിയത്. കൊൽക്കത്തയിലെ ബിധന്നാറിൽ സ്ഥിതി ചെയ്യുന്ന ശ്രീ ഭൂമി സ്‌പോർട്ടിംഗ് ക്ലബ്ബിന്‍റെ സുവർണ ജൂബിലി ആഘോഷവും അവർ ആഘോഷിക്കുകയാണ്. ''50-ാം വാര്‍ഷികം ആഘോഷിക്കുന്ന ശ്രീഭൂമി സ്‌പോർട്ടിംഗ് ക്ലബ് വത്തിക്കാൻ സിറ്റിയിലെ സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയാണ് ഇത്തവണ പന്തലിന്‍റെ പ്രമേയമായിരിക്കുന്നതെന്ന്'' പശ്ചിമ ബംഗാൾ ഫയർ ആൻഡ് എമർജൻസി സർവീസ് മന്ത്രിയും ശ്രീഭൂമി സ്‌പോർട്ടിംഗ് ക്ലബ് പ്രസിഡന്‍റുമായ സുജിത് ബോസ് എ.എൻ.ഐയോട് പറഞ്ഞു."എല്ലാവരും റോമിലെ വത്തിക്കാൻ സിറ്റിയെക്കുറിച്ച് കേട്ടിട്ടുണ്ട്, എന്നാൽ ഭാഗ്യമുള്ളവര്‍ക്കു മാത്രമേ വിദേശ യാത്രയിലൂടെ ഇത് കാണാൻ കഴിഞ്ഞിട്ടുള്ളൂ. വത്തിക്കാൻ സിറ്റി സന്ദർശിക്കാനുള്ള അവരുടെ ആഗ്രഹം ഈ വർഷം ഞങ്ങളുടെ പന്തലിലൂടെ സഫലമാകും," സുജിത് ബോസ് കൂട്ടിച്ചേർത്തു.
60 ദിവസം കൊണ്ട് നൂറിലധികം കരകൗശല വിദഗ്ധർ ചേർന്നാണ് ഈ പന്തൽ നിർമ്മിച്ചത്. കഴിഞ്ഞ വര്‍ഷം ബുര്‍ജ് ഖലീഫയുടെ മാതൃകയില്‍ ഒരുക്കിയ പന്തലും ശ്രദ്ധ നേടിയിരുന്നു. ഒക്ടോബർ 1 മുതൽ ഒക്ടോബർ 5 വരെയാണ് ദുർഗാപൂജ നടക്കുക. ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണിത്.
West Bengal | Kolkata's Sree Bhumi Puja Pandal, has this year been designed on the theme of 'Vatican City' ahead of Durga Pooja festival pic.twitter.com/4TWW2RtJla
— ANI (@ANI) September 22, 2022
Adjust Story Font
16