Quantcast

ബിജെപിക്ക് 60 കോടി രൂപ സംഭാവന; കൊട്ടകിന് അനുകൂലമായി തീരുമാനമെടുത്ത് ആർബിഐ

മറ്റു രാഷ്ട്രീയ കക്ഷികള്‍ക്ക് കൊട്ടക് ഗ്രൂപ്പ് ഇലക്ടറല്‍‌ ബോണ്ട് വഴി സംഭാവന നല്‍കിയിട്ടില്ല

MediaOne Logo

Web Desk

  • Published:

    28 March 2024 11:43 AM GMT

ബിജെപിക്ക് 60 കോടി രൂപ സംഭാവന; കൊട്ടകിന് അനുകൂലമായി തീരുമാനമെടുത്ത് ആർബിഐ
X

മുംബൈ: ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇടംപിടിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും. ബിജെപിക്ക് ബോണ്ട് വഴി സംഭാവന നൽകിയതിന് പിന്നാലെ കൊട്ടക് മഹീന്ദ്രക്ക് അനുകൂലമായ തീരുമാനം ആർബിഐ കൈക്കൊണ്ടു എന്നാണ് കണ്ടെത്തൽ. ബിജെപിക്ക് രണ്ടു ഘട്ടങ്ങളിലായി 60 കോടി രൂപയാണ് കൊട്ടക് ബോണ്ട് വഴി നൽകിയത്. യാദൃച്ഛികമെന്ന് തോന്നുംവിധം കൊട്ടകുമായി ബന്ധപ്പെട്ട തർക്കത്തിൽ ആർബിഐ കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പിലെത്തുകയായിരുന്നു.

കൊട്ടക് മഹീന്ദ്ര ബാങ്കിൽ പ്രൊമോട്ടര്‍ക്കുള്ള ഓഹരിയുമായി ബന്ധപ്പെട്ട് 2018 ഡിസംബറിലാണ് ഉദയ് കൊട്ടക് ആർബിഐക്കെതിരെ കോടതി കയറിയത്. റിസർവ് ബാങ്ക് വച്ച പരിധിക്കു മുകളിൽ സ്ഥാപകനായ ഉദയിന്റെ ഓഹരിയെത്തി എന്നാണ് തർക്കത്തിന് കാരണമായത്. സ്വകാര്യ ബാങ്കിൽ പ്രൊമോട്ടറുടെ ഓഹരി 15 ശതമാനം മാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്നതായിരുന്നു ആർബിഐയുടെ മാർഗനിർദേശം. ഘട്ടംഘട്ടമായി പ്രൊമോട്ടറുടെ ഓഹരി കുറയ്ക്കാൻ ആർബിഐ കൊട്ടക് മഹീന്ദ്ര ബാങ്കിനോട് ആവശ്യപ്പെടുകയും ചെയ്തു.

13 മാസങ്ങള്‍ക്ക് ശേഷം 2020 ജനുവരിയില്‍ കോടതിക്ക് പുറത്ത് തര്‍ക്കത്തില്‍ ആർബിഐയും കൊട്ടകും ഒത്തുതീർപ്പിലെത്തി. അതേ മാസം ബോണ്ട് വഴി 35 കോടി രൂപ കൊട്ടക് ഗ്രൂപ്പിൽനിന്ന് ബിജെപിയുടെ അക്കൗണ്ടിലുമെത്തി. ഇതിൽ പത്തു കോടി ഒത്തുതീർപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മാത്രമായിരുന്നു.

2021 ഏപ്രിലിലാണ് അടുത്ത സംഭാവന. കൊട്ടക് ഗ്രൂപ്പ് സ്ഥാപനമായ ഇൻഫിന ഫൈനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 25 കോടിയുടെ ബോണ്ടാണ് ബിജെപിക്ക് സംഭാവന നൽകിയത്. ഉദയ് കൊട്ടകിനെ മാനേജിങ് ഡയറക്ടർ, സിഇഒ സ്ഥാനത്തിരിക്കാൻ അനുവദിച്ച് ആർബിഐ കൊണ്ടു വന്ന മാർഗനിർദേശത്തിന് മൂന്നാഴ്ച മുമ്പായിരുന്നു ഇത്.

മുംബൈ ആസ്ഥാനമായ ഇൻഫിന ഫൈനാൻസിലെ 50.01 ശതമാനം ഓഹരിയും കൈവശം വയ്ക്കുന്നത് കൊട്ടക് കുടുംബമാണ്. ബാക്കിയുള്ള 49.99 ശതമാനം ഓഹരി കൊട്ടക് മഹീന്ദ്ര കാപിറ്റൽ കമ്പനി ലിമിറ്റഡിന്റെ കൈവശവും. ഉദയ് കൊട്ടക് ഇതിന്റെ ഡയ്‌റക്ടറാണ്. മറ്റേതെങ്കിലും രാഷ്ട്രീയപ്പാർട്ടികൾക്ക് കൊട്ടക് ഗ്രൂപ്പ് സംഭാവന നൽകിയിട്ടില്ല.

കൊട്ടക് ഗ്രൂപ്പിന് സമാനമായി, ബോണ്ട് നൽകിയ ശേഷം നിരവധി സ്ഥാപനങ്ങൾക്ക് സർക്കാർ ഇളവുകളോ ആനുകൂല്യങ്ങളോ ലഭിച്ചിട്ടുണ്ട്. ബോണ്ട് വഴി 150 കോടി രൂപ നൽകിയ ശേഷം ഭാരതി ഗ്രൂപ്പിന് ലേലമില്ലാതെ സ്‌പെക്ട്രം ലൈസൻസ് കേന്ദ്രസർക്കാർ അനുവദിച്ചത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Summary: Kotak group firm donated Rs 60 crore to BJP before crucial RBI decisions favoured Kotak Mahindra ബാങ്ക്

TAGS :

Next Story