Quantcast

10 പേരുടെ മരണം: മണിപ്പൂരിൽ സിആർപിഎഫിനെതിരെ നടപടി ആവശ്യപ്പെട്ട് കുക്കികൾ

തട്ടിക്കൊണ്ടുപോയ ആറുപേരെ മോചിപ്പിക്കാൻ പ്രധാനമന്ത്രിക്ക് നിവേദനമയച്ച് മെയ്തെയ് വിഭാഗം

MediaOne Logo

Web Desk

  • Published:

    15 Nov 2024 5:25 PM GMT

manipur crpf
X

ഇംഫാൽ: മണിപ്പൂരിൽ സിആർപിഎഫ് 10 പേരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധവുമായി കുക്കി വിഭാഗം. നവംബർ ഏഴിനാണ് ജിരിബാം ജില്ലയി​ൽ 10 പേർ കൊല്ലപ്പെടുന്നത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച കുക്കി ഭൂരിപക്ഷ ജില്ലകളിൽ പ്രതിഷേധ പ്രകടനങ്ങൾ അര​ങ്ങേറി.

ചുരാചന്ദ്പുർ ആസ്ഥാനമായുള്ള കുക്കി വുമൺ ഓർഗനൈസേഷൻ ഫോർ ഹ്യൂമൺ റൈറ്റ്സിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കറുത്ത വസ്ത്രം ധരിച്ച പ്രതിഷേധക്കാർ ‘ഞങ്ങൾക്ക് നീതി വേണം, സിആർപിഎഫ് മടങ്ങിപ്പോകൂ, മനുഷ്യാവകാശങ്ങളെ മാനിക്കൂ’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി. സിആർപിഎഫിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. മെയ്തേയ് ആയുധധാരികൾ അധ്യാപികയെ കൊലപ്പെടുത്തിയതിലും അന്വേഷണം വേണമെന്ന് ഇവർ ആവശ്യപ്പെട്ടു.

ജിരിബാം ജില്ലയിലെ ജകുരധോറിലെയും ബോറോബെക്രയിലെയും സിആർപിഎഫ് ക്യാമ്പും പൊലീസ് സ്റ്റേഷനും ആക്രമിച്ച 10 ​സായുധ അംഗങ്ങളെ കൊലപ്പെടുത്തിയെന്നാണ് മണിപ്പൂർ പൊലീസ് പറയുന്നത്. ഇവരിൽനിന്ന് അത്യാധുനിക ആയുധങ്ങൾ പിടികൂടിയെന്നും പൊലീസ് അറിയിച്ചിരുന്നു.

എന്നാൽ, സിആർപിഎഫ് നടത്തിയ കൂട്ടക്കൊല മനുഷ്യാവകാശ ലംഘനമാണെന്ന് കുക്കികൾ പറയുന്നു. പ്രദേശത്ത് സമാധാനം നിലർത്തുന്ന കാര്യത്തിൽ സിആർപിഎഫ് പരാജയപ്പെട്ടു. തങ്ങളുടെ സമുദായത്തിന്റെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലും അവർ പരാജയപ്പെട്ടെന്നും ആഭ്യന്തര മന്ത്രി അമിത് ഷാക്ക് അയച്ച നിവേദനത്തിൽ കുക്കികൾ വ്യക്തമാക്കി.

അതേസമയം, കുക്കികൾ തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കുന്ന ആറുപേരെ സുരക്ഷിതമായി തിരികെയെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മെയ്തെയ് വിഭാഗക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം അയച്ചു. ഹീനമായ പ്രവൃത്തി മണിപ്പൂരിലെ ജനങ്ങളിൽ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അസ്ഥിരമായ സുരക്ഷാ സാഹചര്യമാണുള്ളത്. വിഷയത്തിൽ പ്രധാനമന്ത്രി ഉടൻ ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു.

നവംബർ ഏഴിന് 31കാരിയായ അധ്യാപികയെ മെയ്​തെയ് ആയുധധാരികളെന്ന സംശയിക്കുന്നവർ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ജീവനോടെ കത്തിക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങളുടെ തുടക്കം. 2023 ​മെയ് മുതൽ മണിപ്പൂർ അശാന്തമാണ്. കലാപത്തിൽ ഇതുവരെ 240 പേരാണ് കൊല്ലപ്പെട്ടത്. 60,000 പേർ കുടിയിറക്കപ്പെടുകയും ചെയ്തു. സൈന്യം ഉൾപ്പെടെ സുരക്ഷാ സേനകളുടെ സാന്നിധ്യം ഉണ്ടായിട്ടും അക്രമങ്ങൾ തുടരുകയാണ്.

TAGS :

Next Story