സുധ ഭരദ്വാജ് ജയില്‍ മോചിതയായി
മൂന്ന് വര്‍ഷത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്
എല്‍ഗര്‍ പരിഷത്ത് കേസില്‍ അറസ്റ്റിലായ അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമായ സുധ ഭരദ്വാജ് ജയില്‍ മോചിതയായി. മൂന്ന് വര്‍ഷത്തിനു ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
സുധ ഭരദ്വാജിനെ തടവിലിട്ടത് ബൈക്കുള ജയിലിലാണ്. എല്‍ഗര്‍ പരിഷത്ത് കേസില്‍ 16 പേരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ പുനെ പൊലീസ് കൈകാര്യം ചെയ്തിരുന്ന കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. പൊലീസ് കേസ് അന്വേഷിക്കുമ്പോൾ ആദ്യം യർവാഡ ജയിലിലായിരുന്നു സുധ ഭരദ്വാജ്. പിന്നീട് എൻഐഎ ഏറ്റെടുത്തതിന് ശേഷം ബൈക്കുള വനിതാ ജയിലിലേക്ക് മാറ്റി. കേസിന്റെ വിചാരണ തുടങ്ങാനിരിക്കുന്നതേയുള്ളൂ.
വ്യവസ്ഥകളോടെയാണ് സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ചത്. മുംബൈ വിട്ടുപോകരുത്, പാസ്പോര്‍ട്ട് സമര്‍പ്പിക്കണം, മുംബൈ വിട്ടുപോകണമെങ്കില്‍ കോടതിയിൽ നിന്ന് അനുമതി തേടണം, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയവയാണ് വ്യവസ്ഥകള്‍. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് പറയുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് അഭിഭാഷകൻ യുഗ് മോഹിത് ചൗധരി കോടതിയില്‍ വാദിച്ചു. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നേരിട്ടോ വീഡിയോ കോളിലോ ഹാജരവുകയും വേണം. കേസിലെ മറ്റു പ്രതികളുമായി ഒരു തരത്തിലുമുള്ള ബന്ധവുമുണ്ടാകരുതെന്നും രാജ്യാന്തര കോളുകൾ ചെയ്യരുതെന്നും നിർദേശമുണ്ട്.
2017 ഡിസംബർ 31ന് നടന്ന എൽഗർ പരിഷത്ത് സമ്മേളനത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് കേസ്. ഈ പ്രസംഗങ്ങള്‍ ഭീമ കൊറേഗാവ് യുദ്ധസ്മാരകത്തിന് സമീപം അടുത്ത ദിവസം അക്രമത്തിന് കാരണമായെന്ന് പൊലീസ് പറയുന്നു. മാവോയിസ്റ്റുകളുടെ പിന്തുണയോടെയാണ് സമ്മേളനം നടന്നതെന്നാണ് മറ്റൊരു ആരോപണം. 2018 ഓഗസ്റ്റ് 28നാണ് സുധ ഭരദ്വാജ് അറസ്റ്റിലായത്.
ആരോഗ്യപരമായ കാരണങ്ങളാല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന സുധ ഭരദ്വാജിന്‍റെ അപേക്ഷ കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. അതിനിടെ എൽഗാർ പരിഷത്ത് കേസിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പുരോഹിതനും ആക്ടിവിസ്റ്റുമായ സ്റ്റാൻ സ്വാമി (84) പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. കേസിലെ മറ്റൊരു പ്രതിയും കവിയുമായ വരവര റാവുവിന് ഈ വർഷം ആദ്യം ആരോഗ്യപരമായ കാരണങ്ങളാലല്‍ ജാമ്യം അനുവദിച്ചു.
എല്‍ഗാര്‍ പരിഷത്ത് കേസില്‍ സുധീർ ദവാലെ, റോണ വിൽസൺ, സുരേന്ദ്ര ഗാഡ്‌ലിംഗ്, ഷോമ സെൻ, മഹേഷ് റൗട്ട്, വെർനൺ ഗോൺസാൽവസ്, അരുൺ ഫെരേര തുടങ്ങിയവരുടെ ജാമ്യാപേക്ഷ കോടതി തള്ളുകയുണ്ടായി.
Adjust Story Font
16