ലെെഫ് മിഷൻ കേസിൽ എം.ശിവശങ്കറിന് ഇടക്കാല ജാമ്യം
ചികിത്സയ്ക്കു വേണ്ടിയാണ് രണ്ടുമാസത്തെ ജാമ്യം സുപ്രീംകോടതി അനുവദിച്ചത്.
എം.ശിവശങ്കർ
ഡൽഹി: ലൈഫ് മിഷൻ കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം. ചികിത്സയ്ക്കു വേണ്ടിയാണ് രണ്ടുമാസത്തെ ജാമ്യം അനുവദിച്ചത്. എത്രയും വേഗം ജാമ്യ നടപടികൾ പൂർത്തിയാക്കണമെന്നും നിർദേശം നൽകി. അന്വേഷണത്തിൽ ഇടപെടാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്ന കർശന താക്കീതും കോടതി നൽകി.
ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് ഇ.ഡി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടികാട്ടിയാണ് സത്യവാങ്മൂലം നൽകിയത്. എന്നാൽ ഇ.ഡിയുടെ വാദങ്ങൾ തള്ളി കൊണ്ടാണ് ഇപ്പോൾ സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഈ ജാമ്യ കാലയളവില്‍ ശിവശങ്കര്‍ തന്റെ വീടിനും, ആശുപത്രിക്കും, ആശുപ്രതി പരിസരത്തും മാത്രമേ പോവാൻ പാടുളളൂ എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഇടതു കാലിന്റെ സർജറിയ്ക്ക് വേണ്ടി മൂന്നു മാസത്തെ ജാമ്യം നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ രണ്ടു മാസത്തെ ജാമ്യമാണ് അനുവദിച്ചത്.
ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടി ആദ്യ ഘട്ടത്തിൽ വിജാരണ കോടതിയെ സമീപിച്ച ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തളളിയിരുന്നു. ശേഷം ഹെെക്കോടതിയെ സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ ചൂണ്ടികാട്ടി ജാമ്യാപേക്ഷ തളളി. ലൈഫ് മിഷൻ കേസിൽ ആറ് മാസമായി ജയിലിൽ കഴിയുകയാണ് ശിവശങ്കർ.
Adjust Story Font
16