ആസാദി മുദ്രാവാക്യത്തിലൂടെ ആവേശം കൊള്ളിച്ച വിദ്യാര്‍ഥി നേതാവ്; കനയ്യ കുമാറിന്റെ രാഷ്ട്രീയ ജീവിതം ഇതുവരെ
ശക്തനായ സംഘപരിവാര്‍ വിരുദ്ധനായി വാഴ്ത്തപ്പെടുമ്പോള്‍ തന്നെ സ്വത്വപരമായ പ്രശ്‌നങ്ങളില്‍ കനയ്യ കുമാര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. ജെ.എന്‍.യുവിലെ സഹപാഠികളായിരുന്ന ഉമര്‍ ഖാലിദിനെതിരായ പൊലീസ് വേട്ടയിലും നജീബിന്റെ തിരോധാനത്തിലും കനയ്യ കുമാര്‍ മൗനം പാലിച്ചുവെന്നാണ് ഇവരുടെ വിമര്‍ശനം.
ബിഹാര്‍ സ്വദേശിയായ കനയ്യ കുമാര്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫിലൂടെയാണ്. ജെ.എന്‍.യുവില്‍ ബിരദാനന്തരബിരുദ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് കനയ്യ സജീവ രാഷ്ട്രീയത്തിലെത്തിയത്. എം.ഫില്‍ പഠനകാലത്ത് ജെ.എന്‍.യുവിലെ വിദ്യാര്‍ഥി നേതാവായി മാറി.
2015ല്‍ കനയ്യ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ ജെ.എന്‍.യുവിലുണ്ടായ ചില സംഭവ വികാസങ്ങളുടെ തുടര്‍ന്നാണ് കനയ്യ ദേശീയ ശ്രദ്ധയിലേക്ക് വരുന്നത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ പരിപാടിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ഡല്‍ഹി പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തു.
2016 ആസാദി മുദ്രാവാക്യം മുഴക്കിയത് രാജ്യദ്രോഹപരമാണെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസ് കനയ്യയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്ന കനയ്യയെ കോടതിക്ക് മുന്നില്‍വെച്ച് സംഘപരിവാര്‍ അനുകൂലികള്‍ ആക്രമിച്ചത് വലിയ വിവാദമായി. തുടര്‍ന്ന് സുപ്രീംകോടതി ഇടപെടുകയും അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തു. ജാമ്യം ലഭിച്ചതിന് ശേഷം രാത്രിയോടെ ജെ.എന്‍.യു ക്യാമ്പസിലെത്തിയ കനയ്യയെ സ്വീകരിക്കാന്‍ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഒത്തുകൂടിയത്. അവിടെവെച്ച് അദ്ദേഹം വീണ്ടും ആസാദി മുദ്രാവാക്യം മുഴക്കി ദേശീയ ശ്രദ്ധയാകര്‍ഷിച്ചു.
ഇതോടെ അദ്ദേഹത്തിന്റെ ആസാദി മുദ്രാവാക്യം വൈറലായി മാറി. കേരളത്തിലടക്കം വിവിധ തെരഞ്ഞെടുപ്പുകളില്‍ സി.പി.ഐയുടെയും ഇടതുപക്ഷത്തിന്റെയും താരപ്രചാരകനായി കനയ്യ എത്തി. അദ്ദേഹത്തിന്റെ ആസാദി മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കാന്‍ നൂറുകണക്കിനാളുകളാണ് ആവേശത്തോടെ സംഗമിച്ചത്. സി.പി.ഐയുടെ ദേശീയ മുഖമായി വളരുമെന്ന് പ്രവചിക്കപ്പെട്ട നേതാവായിരുന്നു കനയ്യ.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെഗുസരായ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും നാലര ലക്ഷത്തോളം വോട്ടിന് പരാജയപ്പെട്ടു. പിന്നീട് അദ്ദേഹവും സി.പി.ഐ നേതൃത്വവുമായി ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. അതിനിടെ അദ്ദേഹത്തിനെതിരെ സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. സി.പി.ഐ നേതൃത്വം അനുനയ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അതിന് വഴങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ന് വൈകീട്ട് ഗുജറാത്തിലെ ദളിത് നേതാവായ ജിഗ്നേഷ് മേവാനിക്കൊപ്പം എ.ഐ.സി.സി ആസ്ഥാനത്തെത്തിയ കനയ്യ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.
ശക്തനായ സംഘപരിവാര്‍ വിരുദ്ധനായി വാഴ്ത്തപ്പെടുമ്പോള്‍ തന്നെ സ്വത്വപരമായ പ്രശ്‌നങ്ങളില്‍ കനയ്യ കുമാര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. ജെ.എന്‍.യുവിലെ സഹപാഠികളായിരുന്ന ഉമര്‍ ഖാലിദിനെതിരായ പൊലീസ് വേട്ടയിലും നജീബിന്റെ തിരോധാനത്തിലും കനയ്യ കുമാര്‍ മൗനം പാലിച്ചുവെന്നാണ് ഇവരുടെ വിമര്‍ശനം. ഇത് പൂര്‍ണമായും തള്ളിക്കളയാവുന്നതുമല്ല. അംബേദ്കറൈറ്റ് രാഷ്ട്രീയവും കമ്മൂണിസ്റ്റ് രാഷ്ട്രീയവും യോജിപ്പിച്ച് 'നീല്‍ സലാം ലാല്‍ സലാം' വിളിച്ചു വളര്‍ന്ന കനയ്യ കോണ്‍ഗ്രസ് നേതാവാകുമ്പോള്‍ തന്റെ രാഷ്ട്രീയത്തെ എങ്ങനെ മാറ്റിപ്പണിയുമെന്നാണ് ഇനി കാണാനുള്ളത്.
Adjust Story Font
16