കർണാടകയിൽ ബി.ജെ.പിക്ക് 'ഷോക്ക്'; പ്രമുഖ ലിംഗായത്ത് നേതാക്കളും 500ഓളം പ്രവർത്തകരും കോൺഗ്രസിൽ
ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയുടെ വിശ്വസ്തനായിരുന്ന എച്ച്.ഡി തമ്മയ്യയും മുൻ കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വലംകൈയായ കെ.എസ് കിരൺകുമാറുമാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെയുള്ള കർണാടകയിൽ ബി.ജെ.പിക്ക് തിരിച്ചടി. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയും കർണാടകയിലെ പ്രബലനായ നേതാവുമായ സി.ടി രവിയുടെ വിശ്വസ്തനായിരുന്ന എച്ച്.ഡി തമ്മയ്യ പാർട്ടി വിട്ടു. സംസ്ഥാനത്തെ പ്രമുഖ ലിംഗായത്ത് നേതാവായ തമ്മയ്യ 500ഓളം പ്രവർത്തകർക്കൊപ്പം കോൺഗ്രസിൽ ചേർന്നു.
18 വർഷത്തോളമായി ബി.ജെ.പിയിൽ സജീവമാണ് എച്ച്.ഡി തമ്മയ്യ. ലിംഗായത്ത് സമുദായത്തിന്റെ വോട്ട് പാർട്ടിയിൽ ഉറപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചയാളാണ്. ഇതുകൊണ്ടു തന്നെ തൊമ്മയ്യയുടെ കൂടുമാറ്റം ബി.ജെ.പിക്ക് വൻ തിരിച്ചടിയാകുമെന്നുറപ്പാണ്. തമ്മയ്യയ്‌ക്കൊപ്പം മറ്റൊരു പ്രമുഖ നേതാവായ കെ.എസ് കിരൺകുമാറും കോൺഗ്രസിൽ ചേർന്നിട്ടുണ്ട്.
സി.ടി രവിയുടെ മണ്ഡലമായ ചിക്മഗളൂരു തമ്മയ്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സീറ്റ് നിഷേധിച്ചതാണ് പാർട്ടി വിടാൻ പ്രകോപനമായതെന്നാണ് വിവരം. കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ തമ്മയ്യയ്ക്കും കിരൺകുമാറിനും നേതാക്കൾക്കും പാർട്ടി അംഗത്വം നൽകി. നേതാക്കളെ ഡി.കെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
ബി.ജെ.പി പ്രാഥമികാംഗത്വവും എല്ലാ പദവികളും ഞാൻ രാജിവച്ചിരിക്കുകയാണ്. കോൺഗ്രസിൽ ചേരണമെന്നാണ് അനുയായികളും അഭ്യുദയകാംക്ഷികളും പറയുന്നത്. തുടർന്നാണ് ഞാൻ കോൺഗ്രസ് നേതാക്കളെ കണ്ട് പാർട്ടിയിൽ ചേരാൻ താൽപര്യം അറിയിച്ചത്-തമ്മയ്യ പ്രതികരിച്ചു.
കിരൺകുമാർ മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വിശ്വസ്തനാണ്. യെദ്യൂരപ്പയുടെ സമുദായമായ സദർ ലിംഗായത്ത് അംഗമാണ് കിരണും. കർണാടക നിയമമന്ത്രി ജെ.സി മധുസ്വാമിയുടെ മണ്ഡലമായ ചിക്കനായകഹള്ളിയിൽ ഇദ്ദേഹം താൽപര്യം അറിയിച്ചിരുന്നു. എന്നാൽ, സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് രാജിവച്ചതെന്നാണ് അറിയുന്നത്. കിരൺ കഴിഞ്ഞ ദിവസം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്കും യെദ്യൂരപ്പയ്ക്കും രാജി നൽകിയിരുന്നു.
ഇനിയും നിരവധി നേതാക്കൾ കോൺഗ്രസിൽ ചേരാൻ താൽപര്യം അറിയിച്ചിട്ടുണ്ടെന്നും എന്നാൽ, ഇപ്പോൾ അവരുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും ഡി.കെ ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ബി.ജെ.പിയുടെ ഒന്നാംനിര, രണ്ടാംനിര നേതാക്കൾ കൂട്ടത്തിലുണ്ട്. കർണാടകയിൽ മാറ്റം ആഗ്രഹിക്കുന്നവരാണ് അവർ. ബൊമ്മൈ സർക്കാരിന്റെ അഴിമതിയിൽ മനംമടുത്താണ് അവർ ബി.ജെ.പി വിടുന്നതെന്നും ഡി.കെ ശിവകുമാർ കൂട്ടിച്ചേർത്തു.
Summary: Two Lingayat leaders close to CT Ravi and BS Yediyurappa, HD Thammaiah and KS Kiran Kumar join Congress in a big setback to BJP in the assembly election bound Karnataka
Adjust Story Font
16