യു.പിയിൽ കുടിയൊഴിപ്പിക്കൽ തുടരുന്നു; അക്ബർ നഗറിൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തത് 1,200 കെട്ടിടങ്ങൾ
രണ്ട് ഷിഫ്റ്റുകളിലായി 42 ബുൾഡോസറുകളാണ് കുടിയൊഴിപ്പിക്കലിന് നേതൃത്വം നല്‍കുന്നത്
ലഖ്നൗ: ഉത്തർപ്രദേശിലെ അക്ബർ നഗറിൽ ഒന്‍പത് ദിവസം കൊണ്ട് 1,200-ലധികം കെട്ടിടങ്ങൾ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. മുസ് ലിം ഭൂരിപക്ഷമേഖലയിൽ കുക്രയിൽ നദിയുടെ പുനരുജ്ജീവനത്തിനും കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനുമാണ് ഒഴിപ്പിക്കലെന്നാണ് ന്യായീകരണം. കുടിയൊഴിപ്പിക്കലിനെതിരെ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധവും തുടരുകയാണ്.
ജൂൺ 10 മുതലാണ് ലഖ്നൗ ഡെവലപ്മെന്റ് അതോറിറ്റി (എൽഡിഎ)യാണ് പ്രദേശത്തെ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയത്. അക്ബർനഗറിലെ 1,068 അനധികൃത പാർപ്പിടങ്ങളും 101 വാണിജ്യ നിർമാണങ്ങളും പൊളിക്കാൻ കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് നടപടികൾ ആരംഭിച്ചതെന്ന് അധികൃതർ പറയുന്നു. രണ്ടുദിവസത്തിനകം പൊളിക്കൽ നടപടികൾ പൂർത്തിയാകുമെന്നും അധികൃതർ വ്യക്തമാക്കി. രണ്ട് ഷിഫ്റ്റുകളിലായി 42 ബുൾഡോസറുകളാണ് കുടിയൊഴിപ്പിക്കലിന് നേതൃത്വം നല്‍കുന്നത്.
കഴിഞ്ഞ വർഷമാണ് കുക്രയിൽ നദിയുടെ തീരങ്ങളിലും അനധികൃത നിർമ്മാണം ചൂണ്ടിക്കാട്ടി എൽഡിഎ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. നദീതീരം ചേരി നിവാസികൾ ഏറെക്കാലമായി അനധികൃതമായി കൈയടക്കിയിരിക്കുകയാണെന്ന് അതോറിറ്റി കോടതിയെ അറിയിച്ചിരുന്നു. സ്ഥലം ഒഴിയാൻ മാർച്ച് 31 വരെ അലഹബാദ് ഹൈക്കോടതി സമയം അനുവദിച്ചിരുന്നു. ശേഷം പ്രദേശത്തെ കെട്ടിടങ്ങൾ പൊളിക്കാൻ എൽഡിഎയ്ക്ക് തുറന്നുകൊടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
അതേസമയം, പൊളിക്കലുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ച സുപ്രിംകോടതി ബദൽ താമസസൗകര്യം നൽകാതെ ഒരു ചേരി നിവാസികളെയും ഒഴിപ്പിക്കരുതെന്ന് മെയ് 10 ന് ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. വീടുകൾ നഷ്ടപ്പെടുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ പുനരധിവസിപ്പിക്കുമെന്ന് എൽഡിഎ വ്യക്തമാക്കിയിരുന്നു. അതേസമയം, സംസ്ഥാനത്തെ നദികളുടെയും മറ്റ് ജലാംശങ്ങളുടെയും തീരത്തെ കൈയേറ്റങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
Adjust Story Font
16