ലുലു വിവാദം; സ്റ്റേഷൻ ഇൻചാർജിനെ സ്ഥലം മാറ്റി യുപി പൊലീസ്
ദക്ഷിണ മേഖലാ ഡിസിപി ഗോപാൽ കൃഷ്ണ ചൗധരിയെയും നീക്കി
ലഖ്നൗ: ലുലു മാളിൽ നമസ്‌കാരം നിർവഹിച്ചതിന് പിന്നാലെയുണ്ടായ വിവാദത്തിൽ സുശാന്ത് ഗോൾഫ് സിറ്റി സ്റ്റേഷൻ ഇൻചാർജിനെ സ്ഥലംമാറ്റി യുപി പൊലീസ്. അജയ് പ്രതാപ് സിങിനെയാണ് ലഖ്‌നൗ പൊലീസ് കമ്മിഷണറേറ്റ് സ്ഥലംമാറ്റിയത്. ഗോസായിഗഞ്ച് ഇൻസ്പക്ടർ ശൈലേന്ദ്ര പ്രതാപ് സിങ്ങാണ് പുതിയ സ്റ്റേഷൻ ഇൻചാർജ്. അജയ് പ്രതാപിനെ പൊലീസ് ലൈനിലേക്കു മാറ്റി.
ദക്ഷിണ മേഖലാ ഡിസിപി ഗോപാൽ കൃഷ്ണ ചൗധരിയെയും നീക്കി. സുഭാഷ് ഷാക്യയാണ് പുതിയ ഡിസിപി. ഗോപാൽ കൃഷ്ണയെ ക്രൈം വിഭാഗത്തിലെ ഡെപ്യൂട്ടി കമ്മിഷണറാക്കി.
നമസ്‌കാരത്തിനു പിന്നാലെ തീവ്രഹിന്ദു സംഘടനകൾ ഹനുമാൻ ചാലിസ ചൊല്ലാൻ ശ്രമിച്ചതും വിവാദമായിരുന്നു. നമസ്‌കാരം തുടരാൻ അനുവദിച്ചാൽ രാമായണത്തിലെ സുന്ദരകാണ്ഡം ചൊല്ലുമെന്നായിരുന്നു ഹിന്ദു മഹാസഭയുടെ ഭീഷണി. ഇതിനു പിന്നാലെ നമസ്‌കാരം നിർവഹിച്ച അജ്ഞാതർക്കെതിരെ യുപി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിശ്വാസികൾ നമസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഹിന്ദു സംഘടനകളുടെ പ്രതിഷേധങ്ങൾക്ക് പിന്നാലെ, മാളിന് സമീപം പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാളിന് മുമ്പിൽവച്ച് ജയ് ശ്രീരാം വിളിച്ച രണ്ട് യുവാക്കളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ച് പൊലീസിലേൽപ്പിച്ചു. ശനിയാഴ്ച മാത്രം 20 പേരെയാണ് പൊലീസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്.
രണ്ടായിരം കോടി രൂപ മുതൽമുടക്കിൽ നിർമിച്ച മാൾ ജൂലൈ പതിനൊന്നിനാണ് ആളുകൾക്കായി തുറന്നു കൊടുത്തത്. 22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ലഖ്നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് രണ്ട് നിലകളിലായുള്ള മാൾ. രണ്ടര ലക്ഷം ചതുരശ്രയടിയിലുള്ള ലുലു ഹൈപ്പർ മാർക്കറ്റാണ് മാളിന്റെ സവിശേഷത. ഇത് കൂടാതെ ലുലു കണക്ട്, ലുലു ഫാഷൻ, ഫണ്ടുര, മൂന്നുറിലധികം ദേശീയ അന്തർദേശീയ ബ്രാൻഡുകൾ, 11 സ്‌ക്രീൻ സിനിമ, ഫുഡ് കോർട്ട്, മൂവായിരത്തിലധികം വാഹന പാർക്കിംഗ് സൗകര്യം എന്നിവ മാളിന്റെ സവിശേഷതകളാണ്.
Adjust Story Font
16