എം.എ. യൂസഫലി ആന്ധ്രാ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
വിശാഖപട്ടണത്ത് എട്ട് സ്ക്രീനുകളുള്ള ഐമാക്സ് മൾട്ടിപ്ലക്‌സ് തിയറ്റുകൾ ഉൾക്കൊള്ളുന്ന ഷോപ്പിങ് മാൾ ലുലു സ്ഥാപിക്കും.
അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം അമരാവതിയിലെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ച ആന്ധ്രയുടെ വികസന പാതയിൽ വലിയ സാധ്യതകൾക്കാണ് വഴിതുറന്നത്. സംസ്ഥാനത്തെ വിവിധയിടങ്ങളിലായി വിവിധ പദ്ധതികൾ ആരംഭിക്കാൻ കൂടിക്കാഴ്ചയിൽ ധാരണയായി.
വിശാഖപട്ടണത്ത് എട്ട് സ്ക്രീനുകളുള്ള ഐമാക്സ് മൾട്ടിപ്ലക്‌സ് തിയറ്റുകൾ ഉൾക്കൊള്ളുന്ന ഷോപ്പിങ് മാൾ സ്ഥാപിക്കും. ആഗോള നിലവാരത്തിലുള്ള ഹൈപ്പർ മാർക്കറ്റുകൾ തിരുപ്പതിയിലും വിജയവാഡയിലും തുടങ്ങും. ഇതോടൊപ്പം അത്യാധുനിക ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും തുടങ്ങും.
ആന്ധ്രയിലേക്ക് മടങ്ങിവരാനുള്ള എം.എ യൂസഫലിയുടെ നിലപാട് സംസ്ഥാനത്തിന് ഊർജം പകരുന്നതാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. സർക്കാർ ലുലു ഗ്രൂപ്പിന് പൂർണ പിന്തുണ നൽകുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
I'm pleased to welcome the Chairman & MD of Lulu Group International, Mr @Yusuffali_MA, and the Executive Director, Mr Ashraf Ali MA, back to Andhra Pradesh. I had a very productive meeting with their delegation in Amaravati today. We discussed plans for a Mall and multiplex in… pic.twitter.com/itk1RuUIHX
— N Chandrababu Naidu (@ncbn) September 28, 2024
2200 കോടി രൂപയുടെ പദ്ധതികളാണ് 2019ൽ ലുലു ഗ്രൂപ്പ് ആന്ധ്രയിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ടിഡിപി സർക്കാർ വിശാഖപട്ടണത്ത് അനുവദിച്ച 13.8 ഏക്കർ ഭൂമി രാഷ്ട്രീയ കാരണങ്ങൾ പറഞ്ഞ് ജഗൻമോഹൻ റെഡ്ഢി സർക്കാർ റദ്ദാക്കുകയായിരുന്നു. ഇതോടെ ആന്ധ്രയിലെ പദ്ധതികളിൽ നിന്ന് ലുലു ഗ്രൂപ്പ് പിൻമാറി. ഇനി ഒരിക്കലും ആന്ധ്രയിൽ നിക്ഷേപത്തിനില്ല എന്ന് ലുലു അന്ന് പറഞ്ഞിരുന്നു.
ചന്ദ്രബാബു നായിഡുവുമായി 18 വർഷത്തെ സ്നേഹബന്ധമാണുള്ളതെന്നും അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും സംസ്ഥാനത്തിന്റെ ഉന്നമന പ്രവർത്തനവും അഭിനന്ദനാർഹമാണെന്നും യൂസഫലി പറഞ്ഞു. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഇന്ത്യ ഡയറക്ടർ ആനന്ദ് റാം എ.വി, ലുലു ഇന്ത്യ സിഇഒ ആൻഡ് ഡയറക്ടർ നിഷാദ് എം.എ, ലുലു ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
Adjust Story Font
16