പ്രവാചക നിന്ദാ പോസ്റ്റ്: പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി
കഴിഞ്ഞ മാസം 20നാണ് ഇയാൾക്കെതിരെ കോയമ്പത്തൂർ പൊലീസ് കേസെടുത്തത്.
ചെന്നൈ: പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന പോസ്റ്റ് സോഷ്യൽമീഡിയയിൽ പങ്കുവച്ച കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി. കോയമ്പത്തൂർ രത്നപുരി സ്വദേശിയായ ആർ. മുരുകൻ (48) നൽകിയ ഹരജിയാണ് ജസ്റ്റിസ് പി. ധനപാൽ തള്ളിയത്.
പ്രവാചകനിന്ദാ പോസ്റ്റ് പങ്കുവച്ചതിന് ഭാരതീയ ന്യായ് സംഹിത, ഐ.ടി നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കഴിഞ്ഞ മാസം 20നാണ് ഇയാൾക്കെതിരെ കോയമ്പത്തൂർ പൊലീസ് കേസെടുത്തത്. ആഗസ്റ്റ് എട്ടിന് ജില്ലാ കോടതി ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.
മറ്റൊരാൾ എഴുതിയ പോസ്റ്റാണ് ഷെയർ ചെയ്തത് എന്നതോ, തെറ്റ് തിരിച്ചറിഞ്ഞ ശേഷം ഡിലീറ്റ് ചെയ്തു എന്നതോ കുറ്റം ഇല്ലാതാക്കുന്നില്ലെന്ന ഗവ. പ്ലീഡർ എസ്. സന്തോഷിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സമൂഹമാധ്യങ്ങളിലെ പോസ്റ്റ് ഷെയർ ചെയ്യുന്നത് ശ്രദ്ധയോടെ വേണമെന്ന 2023ലെ കോടതി നിർദേശവും പ്ലീഡർ ചൂണ്ടിക്കാട്ടി.
പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതോടെ അതിനു മുമ്പ് സംഭവിച്ച പ്രത്യാഘാതങ്ങൾ ഇല്ലാതാകുന്നില്ലെന്നും അത്തരം വ്യക്തികൾ നിയമനടപടി നേരിടേണ്ടിവരുമെന്നും അന്ന് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കിയിരുന്നു. പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് ഉണ്ടായ ഭവിഷ്യത്തുകൾക്കുള്ള ശിക്ഷയിൽ നിന്ന് രക്ഷപെടാൻ ഇത്തരം വ്യക്തികളെ അനുവദിക്കാനാവില്ലെന്നും കോടതി അന്ന് വിശദമാക്കിയിരുന്നു.
Adjust Story Font
16