ഉച്ചഭാഷിണിയിൽ നമസ്‌കാരം നടത്തുന്നതായി പരാതി; യു.പിയിൽ മദ്രസാകെട്ടിടം പൊളിച്ചുനീക്കി
1961ൽ തദ്ദേശ ഭരണകൂടത്തിൽനിന്ന് മുത്തച്ഛൻ സ്വന്തമാക്കിയ ഭൂമിയിലാണ് കെട്ടിടം നിർമിച്ചതെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നും മദ്രസാ മാനേജർ ഇഷ്തിയാഖ് അഹ്‌മദ് വ്യക്തമാക്കിയിട്ടുണ്ട്
ലഖ്‌നൗ: ഉച്ചഭാഷിണിയിൽ നമസ്‌കാരം നടത്തിയതായുള്ള പരാതികൾക്കു പിന്നാലെ ഉത്തർപ്രദേശിൽ മദ്രസാകെട്ടിടം ഭരണകൂടം പൊളിച്ചുനീക്കി. കഴിഞ്ഞ ദിവസം അംറോഹ ജില്ലയിലെ ജെബ്രയിലാണ് സംഭവം. ഗ്രാമസഭാ ഭൂമി കൈയേറി നിർമിച്ചെന്ന് ആരോപിച്ചാണ് ബുൾഡോസർ ഉപയോഗിച്ച് കെട്ടിടം പൊളിച്ചുനീക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഭരണകൂടത്തിന്റെ വാദം മദ്രസാ മാനേജർ ഇഷ്തിയാഖ് അഹ്‌മദ് തള്ളിയിട്ടുണ്ട്. 1961ൽ തദ്ദേശ ഭരണകൂടത്തിൽനിന്ന് മുത്തച്ഛൻ സ്വന്തമാക്കിയ ഭൂമിയിലാണ് മദ്രസ നിർമിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തന്റെ കൈയിലുണ്ടെന്നും ഇഷ്തിയാഖ് വ്യക്തമാക്കി. ഏഴു മാസം മുൻപാണ് കെട്ടിടം ഇവിടെ പണിതത്. കഴിഞ്ഞ മാസമാണ് ഇവിടെ നമസ്‌കാരം ആരംഭിച്ചത്.
റെഹ്‌റ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പൊളിച്ചുനീക്കിയ മദ്രസയുണ്ടായിരുന്നത്. കെട്ടിടത്തിൽ ഒരു വിഭാഗം പ്രാർത്ഥന നിർവഹിക്കുന്നതായുള്ള പരാതി ലഭിച്ചതിനെ തുടർന്നാണ് പൊളിച്ചുനീക്കിയതെന്ന് ഹസൻപൂർ സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ്(എസ്.ഡി.എം) സുധീർകുമാർ പറഞ്ഞു. ''കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് കെട്ടിടം അനധികൃതമായി നിർമിച്ചതാണെന്നു വ്യക്തമായത്. ഈ ഭൂമിയിൽ കന്നുകാലികളെ മേയ്ക്കാൻ മാത്രമേ ഗ്രാമീണർക്ക് അനുമതി നൽകിയിരുന്നുള്ളൂ. ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് കെട്ടിടം നിർമിച്ചത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതിയോടുകൂടിയാണ് കെട്ടിടം പൊളിച്ചത്''- എസ്.ഡി.എം കൂട്ടിച്ചേർത്തു.
മദ്രസാ അധികാരികൾക്ക് കെട്ടിടം ഒഴിയാൻ നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നുവെന്നും എസ്.ഡി.എം സുധീർകുമാർ പറഞ്ഞു. സുധീർകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം മദ്രസാകെട്ടിടം പൊളിക്കാനെത്തിയത്. വൻ പൊലീസ് സന്നാഹവും കൂടെയുണ്ടായിരുന്നു.
Summary: Madrassa bulldozed after complaints of namaz on loudspeaker in Amroha, UP
Adjust Story Font
16