'ഇവിഎം ക്രമക്കേട് ആരോപിച്ചാൽ കടുത്ത നടപടി'; മുന്നറിയിപ്പുമായി മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മിഷൻ
ഇവിഎം ഹാക്ക് ചെയ്യാനാകുമെന്ന് അവകാശപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വിഡിയോ ചെയ്തതിന് കഴിഞ്ഞ ദിവസം മലയാളിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു
മുംബൈ: ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരെ(ഇവിഎം) വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്നു മുന്നറിയിപ്പ്. മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ എസ് ചൊക്കലിംഗം ആണ് ഇക്കാര്യം അറിയിച്ചത്. ഇവിഎമ്മിൽ കൃത്രിമം നടത്താൻ കഴിയുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ക്രമക്കേട് ആരോപിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
വിഷയം ആരു കത്തിക്കാൻ ശ്രമിച്ചാലും കർശനമായ നടപടിയുണ്ടാകുമെന്ന് ചൊക്കലിംഗം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അധികൃതർ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ഇവിഎമ്മിൽ ക്രമക്കേട് നടന്നതായുള്ള ആരോപണവുമായി മഹാവികാസ് അഘാഡി നേതാക്കൾ രംഗത്തെത്തിയിരുന്നു.
ഇവിഎം ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുമെന്ന് ശരദ് പവാർ എൻസിപി തലവൻ ജയന്ത് പാട്ടീൽ വ്യക്തമാക്കി. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ വൈകീട്ട് അഞ്ചു മണിക്കുശേഷം വോട്ടിങ് വർധിക്കുന്ന പ്രവണതയുണ്ട്. ഇത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇവിഎം ലളിതമായ കാൽകുലേറ്ററാണ്. രാത്രി സമയത്ത് ഇത് വോട്ട് വർധിപ്പിക്കുകയാണു ചെയ്യുന്നത്. ഈ ഗുരുതരമായ വിഷയം ചർച്ച ചെയ്യണം. ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ എന്തൊക്കെയോ ഒളിച്ചുവയ്ക്കുന്ന പോലെയാണെന്നും ജയന്ത് പാട്ടീൽ ആരോപിച്ചു. ജനങ്ങളുടെ വിശ്വാസത തിരിച്ചുകൊണ്ടുവരാൻ ബാലറ്റ് പേപ്പറുകൾ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, ഇവിഎം ഹാക്ക് ചെയ്യാനാകുമെന്ന് അവകാശപ്പെട്ടതിനു കഴിഞ്ഞ ദിവസം മലയാളിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. യുഎസിൽ ജോലി ചെയ്യുന്ന ഷുജാ സയ്യിദ് എന്നയാൾക്കെതിരെയാണ് മുംബൈ സൈബർ പൊലീസിന്റെ നടപടിയെന്ന് 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തും സമാനമായ വാദം ഉന്നയിച്ചതിന് യുവാവിനെതിരെ കേസെടുത്തിരുന്നു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പ്രതിപക്ഷം ഉയർത്തന്ന ഇവിഎം ക്രമക്കേട് ആരോപണങ്ങൾ സോഷ്യൽ മീഡിയ വിഡിയോയിലൂടെ ആവർത്തിക്കുകയാണ് ഷുജാ സയ്യിദ് ചെയ്തത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഇവിഎം ക്രമക്കേടിനു സാധ്യതയുണ്ടെന്നാണ് യുവാവ് വിഡിയോയിലൂടെ വാദിച്ചത്. ഇതിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ മുംബൈ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭാരതീയ ന്യായ സംഹിത(ബിഎൻഎസ്) 317/4, ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തത്.
ഇവിഎമ്മുകളിൽ ക്രമക്കേട് നടത്താനാകില്ലെന്നും വൈഫൈ, ബ്ലൂടൂത്ത് ഉൾപ്പെടെയുള്ള ഒരു നെറ്റ്വർക്കുമായും ബന്ധിപ്പിക്കാനാകില്ലെന്നും മഹാരാഷ്ട്ര ചീഫ് ഇലക്ടറൽ ഓഫിസർ വാർത്താകുറിപ്പിൽ അറിയിച്ചു. ഇതിനാൽ ഇവിഎം ദുരുപയോഗപ്പെടുത്താനാകുമെന്ന ചോദ്യം ഉയരുന്നില്ല. സുപ്രിംകോടതി പലഘട്ടങ്ങളിൽ ഇവിഎമ്മിലുള്ള വിശ്വാസം ഉറപ്പാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങളും അഭ്യൂഹങ്ങളും തീർക്കാനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ വിശദമായ ചോദ്യോത്തരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.
2019ൽ യുകെയിൽ നടന്ന ഒരു അക്കാദമിക കോൺഫറൻസിലാണ് ഇവിഎം ഹാക്ക് ചെയ്യാനാകുമെന്ന് ഷുജാ സയ്യിദ് വാദിച്ചത്. അവസാനമായി യുകെയിലാണ് ഇദ്ദേഹത്തിന്റെ ലൊക്കേഷൻ കണ്ടെത്തിയതെന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ ക്രൈംബ്രാഞ്ച് അറിയിച്ചു.
Summary: Maharashtra Chief Election Officer warns of strict legal action over EVM tampering allegations
Adjust Story Font
16