Quantcast

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്; കളം പിടിക്കാന്‍ ജനസമ്പര്‍ക്ക പരിപാടിയുമായി അജിത് പവാര്‍

പവാർ നയിക്കുന്ന ജൻസൻവാദ് യാത്ര നാസികിൽ നിന്ന് ആരംഭിക്കുമെന്ന് ജൻ സമ്മാൻ യാത്ര നയിക്കുന്ന എന്‍.സി.പിയുടെ മഹാരാഷ്ട്ര ഘടകം പ്രസിഡൻ്റ് സുനിൽ തത്കരെ ഞായറാഴ്ച പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-07-29 07:07:05.0

Published:

29 July 2024 7:04 AM GMT

ajit pawar
X

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ നാണം കെട്ട തോല്‍വിക്ക് പിന്നാലെ പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് അജിത് പവാര്‍ പക്ഷം. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹായുതി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ വിശദീകരിച്ച് സംസ്ഥാനത്തുടനീളം ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കാനൊരുങ്ങുകയാണ് എന്‍സിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍. പവാർ നയിക്കുന്ന ജൻസൻവാദ് യാത്ര നാസികിൽ നിന്ന് ആരംഭിക്കുമെന്ന് ജൻ സമ്മാൻ യാത്ര നയിക്കുന്ന എന്‍.സി.പിയുടെ മഹാരാഷ്ട്ര ഘടകം പ്രസിഡൻ്റ് സുനിൽ തത്കരെ ഞായറാഴ്ച പറഞ്ഞു.

288 നിയമസഭാ മണ്ഡലങ്ങളിലൂടെ യാത്ര കടന്നുപോകും.പവാർ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 'മുഖ്യമന്ത്രി മാസി ലഡ്‌കി ബഹിൻ യോജന'യെ ചുറ്റിപ്പറ്റിയുള്ള തർക്കത്തിൻ്റെ പശ്ചാത്തലത്തിലാണ് ജൻസൻവാദ് യാത്ര. പദ്ധതി പ്രകാരം 2.5 ലക്ഷം രൂപയിൽ താഴെ കുടുംബ വരുമാനമുള്ള 21 മുതല്‍ 65 വരെ പ്രായത്തിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ ലഭിക്കും. ഖജനാവിലെ വൻ സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടയിൽ, പദ്ധതിക്ക് ധനകാര്യ ആസൂത്രണ വിഭാഗത്തിന്‍റെയും സംസ്ഥാന കാബിനറ്റിന് പുറമെ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും അനുമതിയുണ്ടെന്ന് അജിത് പവാർ വ്യക്തമാക്കിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഭരണ സഖ്യത്തിൻ്റെ തോൽവിക്ക് ശേഷം വിധാൻ സഭാ തെരഞ്ഞെടുപ്പ് അജിത് പവാറിനെ സംബന്ധിച്ചിടത്തോളം വലിയൊരു ദൗത്യമാണ്. പൊതുതെരഞ്ഞടുപ്പില്‍ നാല് സീറ്റുകളിൽ മത്സരിച്ചതിൽ ഒരു സീറ്റിൽ മാത്രമാണ് എൻസിപിക്ക് വിജയിക്കാനായത്. സംസ്ഥാന പ്രസിഡൻ്റ് സുനിൽ തത്കരെ റായ്ഗഡിൽ നിന്നുള്ള ജയം മാത്രമാണ് ആശ്വാസമായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാരാമതിയിൽ അജിത് പവാറിന് വലിയ തിരിച്ചടി നേരിട്ടിരുന്നു. പവാറിന്‍റെ ഭാര്യ സുനേത്ര പവാർ എൻസിപി (എസ്പി) നേതാവ് ശരത് പവാറിൻ്റെ മകളായ സുപ്രിയ സുലെയോട് പരാജയപ്പെട്ടിരുന്നു. പിന്നീട് സുനേത്രയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുകയാണുണ്ടായത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് ഏഴ് തവണ എംഎൽഎയായ അജിത് പവാറിനെതിരെ യുഗേന്ദ്ര പവാറിനെ മത്സരിപ്പിക്കാനാണ് ശരത് പവാര്‍ പക്ഷം ആലോചിക്കുന്നത്. നിലവിൽ മഹായുതി സഖ്യത്തിൽ ബിജെപിക്ക് 103 എം.എൽ.എമാരും എൻസിപിയുടെ 40 എംഎൽഎമാരും ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 38 എംഎൽഎമാരുമാണുള്ളത്.ഒക്ടോബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് പോരാടുമെന്ന് സഖ്യത്തിലെ നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സീറ്റ് വിഭജനം എങ്ങനെയായിരിക്കുമെന്ന ആശങ്ക ഘടക കക്ഷികള്‍ക്കുണ്ട്. കൂടാതെ എന്‍സിപിയുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയതില്‍ ആര്‍.എസ്.എസ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അജിത് പവാര്‍ എന്‍.സി.പിയുമായി കൈ കോര്‍ത്തതിനു ശേഷം ജനവികാരം പൂര്‍ണമായും ബി.ജെ.പിക്ക് എതിരായി എന്ന് ആര്‍.എസ്.എസ് മറാത്തി വാരികയായ വിവേകില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.

ഈയിടെ അജിത് പവാര്‍ വിഭാഗത്തിലെ നാല് പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടതും പാര്‍ട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. എൻസിപിയുടെ പിംപ്രി-ചിഞ്ച്‌വാഡ് യൂണിറ്റ് തലവൻ അജിത് ഗവ്ഹാനെയും രാജിവച്ചവരില്‍ ഉള്‍പ്പെടുന്നു. പിംപ്രി ചിഞ്ച്‌വാഡ് സ്റ്റുഡൻ്റ്‌സ് വിംഗ് മേധാവി യാഷ് സാനെ, മുൻ കോർപ്പറേറ്റർമാരായ രാഹുൽ ഭോസാലെ, പങ്കജ് ഭലേക്കർ എന്നിവരാണ് പാര്‍ട്ടിവിട്ട മറ്റു നേതാക്കള്‍. അജിത് പവാർ ക്യാമ്പിലെ ചില നേതാക്കൾ ശരദ് പവാറിന്‍റെ എന്‍സിപിയിലേക്ക് തിരിച്ചുപോകാനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടയിലായിരുന്നു രാജി.

തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ അജിത് പവാർ പക്ഷത്ത് ഭിന്നത രൂക്ഷമാകുന്നതായുള്ള റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ചേർന്ന പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ നിന്നും 5 പേർ വിട്ടു നിന്നു. പതിനഞ്ചോളം എംഎൽഎമാർ ശരത്പവാർ പക്ഷവുമായി അനൗദ്യോഗികമായി ചർച്ച നടത്തിയെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ തന്‍റെ ഒപ്പം നിൽക്കുന്നവരുടെ കാര്യത്തിൽ പൂർണമായി വിശ്വാസം പ്രകടിപ്പിച്ചു കൊണ്ട് അജിത് പവാർ രംഗത്ത് വരികയായിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിനാണ് അജിത് പവാർ എൻ.സി.പി പിളർത്തി ബി.ജെ.പി സഖ്യത്തിനൊപ്പം ചേർന്നത്. മറുകണ്ടം ചാടിയ അജിത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും ഒപ്പം വന്ന ഒമ്പത് എം.എൽ.എമാർക്ക് മന്ത്രിസ്ഥാനവും ലഭിച്ചിരുന്നു. ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാർ നേതൃത്വം കൊടുക്കുന്നതിനിടെയായിരുന്നു അജിത് പവാറിന്റെ നീക്കം .

TAGS :

Next Story