'മഹാവികാസ് അഘാഡി ഔറാംഗസേബിന്റെ ഫാൻ ക്ലബ്'; വിദ്വേഷപ്രസംഗവുമായി അമിത് ഷാ
സവർക്കറെക്കുറിച്ച് രണ്ടു മിനിറ്റ് സംസാരിക്കാൻ രാഹുൽ ഗാന്ധിക്ക് വെല്ലുവിളി
മുംബൈ: പല സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പടുത്തതോടെ വീണ്ടും വിദ്വേഷ പരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാക്കൾ. തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ പ്രചാരണത്തിനിടെയാണ് മഹാവികാസ് അഘാഡിക്കെതിരെ വിദ്വേഷ പരാമർശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്. മഹാ വികാസ് അഘാഡിയിലെ ആളുകൾ ഔറാംഗസേബിന്റെ ആരാധകസംഘമാണെന്നാണ് അമിത് ഷാ പ്രസംഗത്തിനിടെ പറഞ്ഞത്.
'ചത്രപതി ശിവജി മഹാരാജിന്റെയും വീർ സവർക്കറിന്റെയും പാതയാണോ അതോ ഔറാംഗസേബിന്റെ പാതയാണോ മഹാരാഷ്ട്ര പിന്തുടരാൻ പോകുന്നതെന്ന് വരും തെരഞ്ഞെടുപ്പ് തീരുമാനിക്കാൻ പോകുന്നു. മഹാ വികാസ് അഘാഡിയിലെ ആളുകൾ ഔറാംഗസേബ് ഫാൻ ക്ലബ്ബാണ്' എന്നാണ് അമിത് ഷാ പറഞ്ഞത്.
ഹിംഗോലി ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് അമിത് ഷാ വീണ്ടും വിദ്വേഷം വാരിവിതറിയത്. കിട്ടിയ അവസരത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ ആക്രമിക്കാനും ഷാ മറന്നില്ല.
'രാഹുൽ ബാബ എന്ന് പേരിട്ട വിമാനം 20 തവണ ശബരിമലയിൽ ഇറക്കാൻ സോണിയ ഗാന്ധി ശ്രമിച്ചു എന്നാൽ 20 തവണയും ആ വിമാനം തകർന്നു. 21ാം തവണയും ഇറക്കാൻ ശ്രമിക്കുകയാണ്, ഇത്തവണയും അത് തകരുമെന്നുറപ്പാണ്' എന്നാണ് ഷാ രാഹുലിനെക്കുറിച്ച് പറഞ്ഞത്.
മഹാരാഷ്ട്രയിലെ ജനം പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പമാണ് ആയതിനാൽ സംസ്ഥാനത്ത് ബിജെപി തന്നെ അധികാരത്തിലെത്തും എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ഹരിയാനയിൽ കോൺഗ്രസ് ജയിച്ചുവെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കോൺഗ്രസ് സംസ്ഥാനത്ത് തുടച്ചുനീക്കപ്പെടുകയും ബിജെപി സർക്കാർ രൂപീകരിക്കുകയും ചെയ്തുകഴിഞ്ഞു. ജനാധിപത്യത്തിനോട് ധാർഷ്ട്യമാണ് രാഹുലിന് എന്നും ഷാ പറഞ്ഞു. കോൺഗ്രസിന്റെ സഖ്യകക്ഷികളായ എൻസിപിയുടെ തലവൻ ശരദ് പവാർ. ശിവസേന തലവൻ ഉദ്ധവ് താക്കറെ എന്നിവരെ ആക്രമിക്കാനും ഷാ അവസരം മുതലാക്കി.
മഹാ വികാസ് അഘാഡി കള്ളന്മാരുടെ സൈന്യമാണെന്ന് പറഞ്ഞ ഷാ രാഹുലിന് മഹാരാഷ്ട്രയിൽ വീർ സവർക്കറിനെക്കുറിച്ചോ ഉദ്ധവ് താക്കറെയുടെ പിതാവ് ബാലാസാഹെബ് താക്കറെയെക്കുറിച്ചോ രണ്ട് മിനിറ്റ് സംസാരിക്കാനാവുമോ എന്ന് വെല്ലുവിളിച്ചു. രാഹുലിനെ ശരദ് പവാർ ഇവരെക്കുറിച്ച് പറയുന്നതിൽ നിന്നും വിലക്കിയിരിക്കുകയാണെന്നും അമിത് ഷാ കുട്ടിച്ചേർത്തു. ദിവസങ്ങൾക്ക് മുൻപ് മറ്റൊരു പ്രചരണ റാലിക്കിടെ എസ്.സി, എസ്.ടി, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം വെട്ടിക്കുറച്ച് മുസ്‌ലിംകൾക്ക് നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞിരുന്നു.
'മുസ്‌ലിം സമുദായത്തിന് വേണ്ടിയുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് മുസ്‌ലിം നേതാക്കൾ കത്ത് നൽകിയതായി വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളും രേഖകളും ഞാൻ ഈയിടെ കണ്ടു. സംവരണമാണ് ഇതിലെ പ്രധാന ആവശ്യം. കോൺഗ്രസ് അധ്യക്ഷൻ നാന പട്ടോലെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. എന്നോടു പറയൂ, മഹാരഷ്ട്രയിലെ ജനങ്ങൾ എസ്.സി, എസ്.ടി, ഒബിസി സംവരണ അവകാശങ്ങൾ മുസ്‌ലിംകൾക്ക് നൽകുന്നതിനെ അനുകൂലിക്കുന്നുണ്ടോ? അതിനാൽ ഈ വിഭാഗങ്ങൾ ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്. അവരുടെ ക്വാട്ട കുറയ്ക്കാനുള്ള ശ്രമങ്ങൾ തടയുകയും വേണം' എന്നാണ് അന്ന് അമിത് ഷാ പറഞ്ഞത്.
മഹാരാഷ്ട്രയിൽ കോൺഗ്രസിന് പിന്നാലെ ശിവസേന ഉദ്ധവ് വിഭാഗവും തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയതോടെ തിരക്കിട്ട പ്രചാരണങ്ങളുമായാണ് പാർട്ടികൾ മുന്നേറുന്നത്. സൗജന്യ വാഗ്ദാനങ്ങൾ വോട്ടർമാർക്കിടയിൽ സ്വാധീനം ചെലുത്തും എന്നാണ് പാർട്ടികളുടെ വിലയിരുത്തൽ. കർണാടക മാതൃകയിൽ അഞ്ച് പ്രഖ്യാപനങ്ങളാണ് കോൺഗ്രസ് ഉറപ്പു നൽകിയിരിക്കുന്നത്. ബിജെപിയുടെ പ്രചാരണ പരിപാടികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനത്തെത്തിയിട്ടുണ്ട്. 9 റാലികളാണ് വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നിശ്ചയിച്ചിരിക്കുന്നത്.
Adjust Story Font
16