എത്തിക്സ് കമ്മിറ്റിക്ക് പുറത്താക്കാൻ അധികാരമില്ല; മഹുവ മൊയ്ത്ര നിയമ നടപടിക്കൊരുങ്ങുന്നു
എം.പി സ്ഥാനത്ത് നിന്നും പുറത്താക്കിയതിൽ ഭരണഘടനാപരമായ പിഴവുണ്ടായി എന്നാണ് മഹുവ മൊയ്ത്രയുടെ പ്രാഥമിക വിലയിരുത്തൽ.
മഹുവ മൊയ്ത്ര
ന്യൂഡൽഹി: ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര നിയമനടപടികൾക്കായി കൂടിയാലോചന ആരംഭിച്ചു. തൃണമൂൽ അധ്യക്ഷ മമത ബാനർജിയുടെ അനുമതി ലഭിച്ചാൽ പുറത്താക്കൽ നടപടിയെ നിയമപരമായി ചോദ്യം ചെയ്യും. സുപ്രിംകോടതിയിൽ നേരിട്ട് ഹരജി സമർപ്പിക്കാനാണ് നീക്കം.
എം.പി സ്ഥാനത്ത് നിന്നും പുറത്താക്കിയതിൽ ഭരണഘടനാപരമായ പിഴവുണ്ടായി എന്നാണ് മഹുവ മൊയ്ത്രയുടെ പ്രാഥമിക വിലയിരുത്തൽ. അവകാശ ലംഘനം സംബന്ധിച്ച പരാതികൾ പരിഗണിക്കേണ്ടത് പ്രിവിലേജ് കമ്മറ്റിയാണ്. എന്നാൽ പുറത്താക്കൽ നടപടി ശിപാർശ ചെയ്തത് എത്തിക്സ് കമ്മിറ്റിയും. അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച പരാതികളാണ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണയിൽ വരേണ്ടത്. പാർലമെന്ററി നടപടി ചട്ടങ്ങളുടെ 316 ഡി പ്രകാരം എത്തിക്സ് കമ്മിറ്റിക്കു പുറത്താക്കൽ ശിപാർശ നൽകാനാവില്ല.
അംഗം തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിക്കു കഴിയും. ചോദ്യത്തിന് കോഴ നൽകി എന്ന് ആരോപണം ബിസിനസുകാരനായ ഹീരാ നന്ദാനിയുടെ പേരിലാണ്. ഇദ്ദേഹത്തെ തെളിവെടുപ്പിനായി വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി തയാറായിരുന്നില്ല. മഹുവയുമായി ഒരു ധനകാര്യ ഇടപാടും ഉണ്ടായിട്ടില്ല എന്ന് പലവട്ടം ഹിരാനന്ദാനി വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു കമ്മിറ്റിയുടെ പ്രവർത്തന രീതിയും നിയമപരമായി ചോദ്യം ചെയ്യാം.
മാത്രമല്ല ലോഗിൻ ഐ.ഡി കൈമാറ്റം കുറ്റകരമായി ചട്ടങ്ങളിലോ നിയമത്തിലോ വ്യക്തമാക്കിയിട്ടില്ല. കുറ്റം ചെയ്യാത്ത സ്ഥിതിക്ക് ശിക്ഷിക്കാൻ കഴിയില്ല. കുറ്റമാണെന്ന് കോടതിയിൽ സ്ഥാപിച്ചാൽ പോലും കുറ്റത്തിന് ആനുപാതികമായ ശിക്ഷയല്ല നൽകിയത് എന്നും വാദിക്കാൻ കഴിയും. ഭരണഘടനയുടെ 14, 20, 21 വകുപ്പുകൾ പ്രകാരം ഇത്തരം നിലപാടുകൾ സാധൂകരിക്കാമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16