'പ്രധാനമന്ത്രിക്ക് തമിഴിനോട് വലിയ സ്നേഹമല്ലേ...എന്താണ് അതൊന്നും പ്രവൃത്തിയിൽ കാണാത്തത്?'; തമിഴിനെ ഔദ്യോഗിക ഭാഷയാക്കണമെന്ന് സ്റ്റാലിൻ
കേന്ദ്രത്തിന്‍റെ തമിഴ് സംസ്‌കാരത്തോടുള്ള പ്രതിബദ്ധതയെ സ്റ്റാലിൻ ചോദ്യം ചെയ്തു

ചെന്നൈ: ഹിന്ദി അടിച്ചേൽപ്പിക്കുന്നത് നിർത്തണമെന്നും തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സെങ്കാൽ സ്ഥാപിക്കുന്നത് പോലുള്ള പ്രതീകാത്മക ആംഗ്യങ്ങളേക്കാൾ തമിഴ്നാടിൻ്റെ വികസനത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴകത്തെ പിന്തുണക്കുന്നുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കേന്ദ്രത്തിന്‍റെ തമിഴ് സംസ്‌കാരത്തോടുള്ള പ്രതിബദ്ധതയെ സ്റ്റാലിൻ ചോദ്യം ചെയ്തു. "നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് തമിഴിനോട് വലിയ സ്നേഹമുണ്ടെന്ന ബിജെപിയുടെ അവകാശവാദം ശരിയാണെങ്കിൽ, എന്തുകൊണ്ടാണ് അത് ഒരിക്കലും പ്രവർത്തനത്തിൽ പ്രതിഫലിക്കാത്തത്?" അദ്ദേഹം എക്സിൽ കുറിച്ചു. പ്രതീകാത്മക ആംഗ്യങ്ങൾക്ക് പകരം തമിഴിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സ്റ്റാലിൻ നിർദേശിച്ചു."പാർലമെൻ്റിൽ സെങ്കോൽ സ്ഥാപിക്കുന്നതിനുപകരം, തമിഴ്‌നാട്ടിലെ കേന്ദ്രസർക്കാർ ഓഫീസുകളിൽ നിന്ന് ഹിന്ദി നീക്കം ചെയ്യുക. പൊള്ളയായ പ്രശംസയ്ക്ക് പകരം തമിഴിനെ ഹിന്ദിക്ക് തുല്യമായി ഔദ്യോഗിക ഭാഷയാക്കുക, സംസ്‌കൃതം പോലുള്ള മൃതഭാഷയേക്കാൾ തമിഴിന് കൂടുതൽ ഫണ്ട് അനുവദിക്കുക." അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടിൽ സംസ്‌കൃതവും ഹിന്ദിയും പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളെയും മുഖ്യമന്ത്രി അപലപിച്ചു.തിരുവള്ളുവരെ കാവിവൽക്കരിക്കാനുള്ള തീവ്രശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹത്തിൻ്റെ കാലാതീതമായ ക്ലാസിക്കായ തിരുക്കുറലിനെ ഇന്ത്യയുടെ ദേശീയ പുസ്തകമായി പ്രഖ്യാപിക്കണമെന്നും ഡിഎംകെ നേതാവ് ആവശ്യപ്പെട്ടു. പ്രതീകാത്മകമായ ആംഗ്യങ്ങളിലൂടെയല്ല, പ്രവർത്തനങ്ങളിലൂടെയാണ് തമിഴിനോടുള്ള യഥാർഥ സ്നേഹം പ്രകടമാക്കുകയെന്ന് സ്റ്റാലിൻ ഊന്നിപ്പറഞ്ഞു. തമിഴനോടുള്ള പ്രണയം തെളിയുന്നത് പ്രവൃത്തിയിലൂടെയാണ്, ചതിയിലൂടെയല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റാലിൻ നടത്തിയ പരാമർശത്തിനെതിരെ ബിജെപി തമിഴ്നാട് പ്രസിഡൻ്റ് കെ. അണ്ണാമലൈ രംഗത്തെത്തി. സംസ്ഥാനത്തിൻ്റെ അതിർത്തിക്കപ്പുറത്തേക്ക് തമിഴ് പ്രചരിപ്പിക്കാനുള്ള സ്റ്റാലിൻ്റെ ശ്രമങ്ങളെ ചോദ്യം ചെയ്ത അണ്ണാമലൈ, "സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലിരിക്കുമ്പോൾ തമിഴ് ഭാഷ തമിഴ്‌നാടിൻ്റെ അതിർത്തിക്കപ്പുറത്ത് പ്രചരിപ്പിക്കുന്നതിൽ നിങ്ങളുടെ നേട്ടങ്ങൾ എന്തായിരുന്നു? ഡിഎംകെയെ അത് ചെയ്യുന്നതിൽ നിന്ന് ആരെങ്കിലും തടഞ്ഞോ?" എക്സിൽ പങ്കുവച്ച പോസ്റ്റിൽ ചോദിച്ചു. കഴിഞ്ഞ എഐഎഡിഎംകെ സർക്കാർ ആരംഭിച്ച തമിഴ് വികസന കേന്ദ്ര പരിപാടി അണ്ണാമലൈ ചൂണ്ടിക്കാട്ടി. കഴിഞ്ഞ എഐഎഡിഎംകെ സര്‍ക്കാര്‍ തുടങ്ങിയ തമിഴ് വികസന കേന്ദ്രം പദ്ധതി നടപ്പാക്കാൻ നിങ്ങൾ എന്ത് ശ്രമമാണ് നടത്തിയതെന്ന് അദ്ദേഹം ചോദിച്ചു.തമിഴ് ഭാഷയെ തമിഴ്നാട്ടിൽ ഒതുക്കി നിർത്തുകയാണ് സ്റ്റാലിൻ്റെ യഥാർത്ഥ ലക്ഷ്യമെന്നും ബിജെപി നേതാവ് ആരോപിച്ചു.
Adjust Story Font
16