‘അധ്യാപകന് പ്രസവാവധി നൽകി വിദ്യാഭ്യാസവകുപ്പ്’ സാങ്കേതിക പിഴവിൽ അന്വേഷണം പ്രഖ്യാപിച്ച് ബിഹാർ സർക്കാർ
ലീവ് അനുവദിച്ചതിന്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വകുപ്പ് സാങ്കേതിക പിഴവാണെന്ന് വിശദീകരിച്ച് രംഗത്തെത്തി
പട്ന: ബിഹാറിൽ പ്രസവാവധിക്ക് അപേക്ഷിച്ച അധ്യാപകന് അവധി അനുവദിച്ച് നൽകി വിദ്യാഭ്യാസവകുപ്പ്. പ്രസവാവധിക്ക് അപേക്ഷിക്കുകയും ലീവിന് അനുമതി ലഭിക്കുകയും ചെയ്തതോടെ അധ്യാപകൻ ഒരാഴ്ച അവധിയെടുത്തതിന് ശേഷമാണ് വകുപ്പ് പിഴവ് കണ്ടെത്തിയത്.
സാങ്കേതിക പിഴവിന്റെ സ്ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് വകുപ്പ് സാങ്കേതിക പിഴവാണെന്ന് വിശദീകരിച്ച് രംഗത്തെത്തിയത്. ‘പ്രസവാവധി സ്ത്രീകൾക്ക് മാത്രമാണ് അനുവദിക്കുന്നത്. ലീവ് അപേക്ഷ ഫോർമാറ്റിലുണ്ടായ പിഴവാണിത്. ഇത് തികച്ചും സാങ്കേതികമാണ്. സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിച്ചു വരുകയാണ്. എത്രയും വേഗം ഇത് പരിഹരിക്കും. എന്നാൽ പുരുഷൻമാർക്ക് പെറ്റേർണിറ്റി ലീവ് അനുവദിക്കുന്നുണ്ടെന്നും മഹുവ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അർച്ചന കുമാരി അറിയിച്ചു.’
അതോടൊപ്പം കാഷ്വൽ ലീവിന് അപേക്ഷിക്കുമ്പോൾ തങ്ങൾക്ക് അനുവദിച്ചു നൽകിയ ലീവിൽ നിന്ന് അത് കുറയുന്നതായി ചില അധ്യാപകർ പരാതിപ്പെട്ടതായി വിദ്യാഭ്യാസ ഓഫീസർ കൂട്ടിച്ചേർത്തു.
Adjust Story Font
16