Quantcast

'എവിടെ മത്സരിച്ചാലും പരാജയപ്പെടുത്തും'; ബി.ജെ.പിയിൽ ചേർന്ന മുൻ ജഡ്ജിക്കെതിരെ മമത

ബംഗാൾ സർക്കാരിനെതിരായ അഴിമതിയാരോപണത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയാണ് അഭിജിത് ഗംഗോപാധ്യായ.

MediaOne Logo

Web Desk

  • Published:

    7 March 2024 1:13 PM GMT

Mamata Banerjee Dares Ex Judge Who Joined BJP
X

കൊൽക്കത്ത: രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 'ബി.ജെ.പി ബാബു' എന്നാണ് മമത മുൻ ജഡ്ജിയെ വിശേഷിപ്പിച്ചത്.

''ബെഞ്ചിൽ അംഗമായിരുന്ന ഒരു ബി.ജെ.പി ബാബു ഇപ്പോൾ പരസ്യമായി ബി.ജെ.പിയിൽ ചേർന്നിരിക്കുന്നു. അവരിൽനിന്ന് എങ്ങനെയാണ് നീതി പ്രതീക്ഷിക്കുന്നത്? മുഖംമൂടി അഴിഞ്ഞുവീണിരിക്കുന്നു''-മമത പറഞ്ഞു.

ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോൾ അധ്യാപക-അനധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത് അഭിജിത് ഗംഗോപാധ്യായ ആയിരുന്നു. ഇന്നാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പി അംഗത്വം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ബംഗാളിലെ അഴിമതി സർക്കാരിനെ അധികാരത്തിൽനിന്ന് പുറത്താക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ബി.ജെ.പിയിൽ ചേർന്ന ശേഷം അദ്ദേഹം പറഞ്ഞിരുന്നു.

നിരവധി വിദ്യാർഥികൾക്ക് ജോലി ഇല്ലാതാക്കിയ ആളാണ് മുൻ ജഡ്ജി. അദ്ദേഹം എവിടെ മത്സരിച്ചാലും ഞങ്ങൾ തോൽപ്പിക്കും. അദ്ദേഹത്തിനെതിരെ പോരാടാൻ വിദ്യാർഥികൾ രംഗത്തിറങ്ങും. ജനങ്ങൾ വിധി പറയുന്ന ദിവസം വരുമെന്ന് ഓർമിക്കണമെന്നും മമത പറഞ്ഞു.

TAGS :

Next Story