ബംഗാളിൽ കോൺഗ്രസുമായി സഖ്യ ചർച്ചകൾക്ക് തയ്യാറെന്ന് മമതാ ബാനർജി
നാളെ നടക്കുന്ന ഇൻഡ്യ മുന്നണി യോഗത്തിനായാണ് മമത ഡൽഹിയിലെത്തിയത്.
ന്യൂഡൽഹി: ബംഗാളിൽ കോൺഗ്രസുമായി സഖ്യ ചർച്ചകൾക്ക് തയ്യാറെന്ന് മമതാ ബാനർജി. ആത്മാർഥമായി കോൺഗ്രസ് വരികയാണെങ്കിൽ സഖ്യത്തിന് തയ്യാറാണ്. നിലവിൽ രണ്ട് സീറ്റുകൾ മാത്രമാണ് ബംഗാളിൽ കോൺഗ്രസിനുള്ളതെന്നും മമത പറഞ്ഞു. ഇൻഡ്യ മുന്നണി യോഗത്തിനായാണ് മമത ഡൽഹിയിലെത്തിയത്. നാളെയാണ് ഇൻഡ്യ മുന്നണി യോഗം ചേരുന്നത്.
ഇൻഡ്യ മുന്നണി യോഗത്തിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടക്കമുള്ള നേതാക്കളും ഡൽഹിയിലെത്തിയിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി മമത ഇന്ന് രാത്രി ചർച്ച നടത്തും. മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ട കോൺഗ്രസിനെതിരെ പ്രതിപക്ഷ പാർട്ടികൾ വിമർശനമുന്നയിക്കുമെന്നാണ് സൂചന.
പ്രധാനമന്ത്രി സ്ഥാനാർഥി ആരാകണമെന്നത് സംബന്ധിച്ച ചർച്ചകൾ നാളെ ഇൻഡ്യ മുന്നണി യോഗത്തിലുണ്ടാവും. മമത ബാനർജിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് തോൽവിയിൽനിന്ന് പാഠം പഠിക്കണം. നിരവധി തവണയാണ് കോൺഗ്രസ് ബി.ജെ.പിയോട് പരാജയപ്പെട്ടത്. എന്നാൽ മമത പല തവണ ബി.ജെ.പിയെ പരാജയപ്പെടുത്തിയ നേതാവാണെന്നും കുനാൽ പറഞ്ഞു.
Adjust Story Font
16