'കഴിവുള്ള നേതാവ്': 'ഇൻഡ്യ'യെ നയിക്കാൻ ഒരുക്കമാണെന്ന മമതയുടെ പരാമർശത്തിൽ ശരദ് പവാർ
ഒരവസരം നൽകിയാൽ പശ്ചിമ ബംഗാളിൽ നിന്ന് സഖ്യത്തെ നയിക്കാൻ ഒരുക്കമാണെന്നായിരുന്നു മമത വ്യക്തമാക്കിയിരുന്നത്
മുംബൈ: പ്രതിപക്ഷ സഖ്യമായ 'ഇന്‍ഡ്യ'യുടെ ചുമതല ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനയെ പിന്തുണച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്പി) നേതാവ് ശരദ് പവാർ.
'തൃണമൂൽ കോൺഗ്രസ് അധ്യക്ഷ കഴിവുള്ള നേതാവാണ്, പ്രതിപക്ഷ സഖ്യത്തിന്റെ തലപ്പത്ത് എത്താനുള്ള മമത ബാനര്‍ജിയുടെ ഉദ്ദേശ്യശുദ്ധിയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. കോലാപൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശരദ് പവാര്‍.
'ഇൻഡ്യ' സഖ്യത്തിന്റെ നിലവിലെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടായിരുന്നു മമതയുടെ പരാമർശം. ഒരവസരം നൽകിയാൽ പശ്ചിമ ബംഗാളിൽ നിന്ന് സഖ്യത്തെ നയിക്കാൻ ഒരുക്കമാണെന്നായിരുന്നു മമത വ്യക്തമാക്കിയിരുന്നത്. ഒരേസമയം പ്രതിപക്ഷ സഖ്യത്തെ നയിക്കാനും ബംഗാൾ മുഖ്യമന്ത്രിയെന്ന ചുമതല നിർവഹിക്കാനും തനിക്ക് സാധിക്കുമെന്നും മമത പറഞ്ഞിരുന്നു.
നേരത്തെ തൃണമൂൽ നേതാവും എംപിയുമായ കല്യാൺ ബാനർജിയും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. കോൺഗ്രസും മറ്റ് സഖ്യകക്ഷികളും കടുംപിടുത്തം മാറ്റിവെച്ച് മമത ബാനർജിയെ പ്രതിപക്ഷ സഖ്യത്തിന്റെ നേതാവായി അംഗീകരിക്കണമെന്നായിരുന്നു കല്യാൺ ബാനർജി പറഞ്ഞത്.
ചില പാര്‍ട്ടികളില്‍ നിന്നുള്ള അതൃപ്തിയും ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കോൺഗ്രസിനുണ്ടായ സമീപകാല തെരഞ്ഞെടുപ്പ് തിരിച്ചടികളും കാരണം 'ഇന്‍ഡ്യക്കു'ള്ളില്‍ പ്രശ്നങ്ങള്‍ ഉരുണ്ടുകൂടുന്നതിനിടെയാണ് മമത ബാനര്‍ജിയുടെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം.
Adjust Story Font
16