സൊണാലി ഫോഗട്ടിന്‍റെ ഫോണും ലാപ്ടോപ്പും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
ഗോവ പൊലീസ് സൊണാലിയുടെ ഫാംഹൗസില്‍ പരിശോധന നടത്തി
കൊല്ലപ്പെട്ട നടിയും ബി.ജെ.പി നേതാവുമായ സൊണാലി ഫോഗട്ടിന്‍റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. ഹരിയാനയിലെ ഹിസാര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സൊണാലിയുടെ ഫാംഹൌസില്‍ നിന്ന് ഫോണും ലാപ്ടോപ്പും മോഷ്ടിക്കപ്പെട്ടെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ശിവം എന്ന കമ്പ്യൂട്ടര്‍ ഓപറേറ്ററാണ് ഇവ മോഷ്ടിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുകയുണ്ടായി. ഇയാള്‍ ഒളിവിലായിരുന്നു. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. അതിനിടെ ഗോവ പൊലീസ് സൊണാലിയുടെ ഫാംഹൌസിലെത്തി പരിശോധന നടത്തി. കേസ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണം എന്നാണ് കുടുംബത്തിന്‍റെ ആവശ്യം.
ഗോവയില്‍ വെച്ചാണ് സൊണാലിയുടെ ദുരൂഹ മരണം സംഭവിച്ചത്. ആഗസ്ത് 23ന് രാവിലെ മരിച്ച നിലയിൽ സൊണാലിയെ സഹായിയും സുഹൃത്തും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പോസ്റ്റുമോർട്ടത്തില്‍ സൊണാലിയുടെ ശരീരത്തിൽ മുറിവുകള്‍ കണ്ടെത്തി. തുടർന്ന് ഗോവ പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സൊണാലിയുടെ സഹായി സുധീർ സാങ്‌വാൻ, സുഹൃത്ത് സുഖ്‌വീന്ദർ സിങ് എന്നിവരെ ഗോവ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.
സൊണാലിയെ കൂട്ടാളികൾ നിർബന്ധിച്ച് മാരകമായ ലഹരിമരുന്ന് കലർത്തിയ പാനീയം കുടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഇതുവരെ അഞ്ചു പേരെ അറസ്റ്റ് ചെയ്തു.
Adjust Story Font
16