മോഷ്ടിച്ച ലക്ഷങ്ങൾ കാണിച്ച് കള്ളന്മാരുടെ ഇൻസ്റ്റഗ്രാം റീൽ; പിന്നാലെ സംഭവിച്ചത്...
തരുൺ ശർമയെന്ന ജ്യോത്സന്റെ വീട്ടിൽ നിന്നാണ് യുവാക്കൾ പണം മോഷ്ടിച്ചത്.
ലഖ്നൗ: ജ്യോതിഷിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ചതടക്കമുള്ള ലക്ഷങ്ങൾ കാണിച്ച് ഇൻസ്റ്റഗ്രാം റീലുമായി കള്ളന്മാർ. പണം പോയ ജ്യോത്സന്റെ പരാതിയിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് മോഷ്ടാക്കളെ തെരഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണ് റീൽ പുറത്തുവന്നത്. ഇതോടെ പൊലീസിന് പണി എളുപ്പമായി. സംഘത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
യു.പിയിലെ കാൺപൂരിലാണ് സംഭവം. തരുൺ ശർമയെന്ന ജ്യോത്സന്റെ വീട്ടിൽ നിന്നാണ് യുവാക്കൾ പണം മോഷ്ടിച്ചത്. തുടർന്ന് മോഷ്ടിച്ച പണം കാണിക്കാൻ ഒരു ഇൻസ്റ്റാഗ്രാം റീൽ ഇടാൻ ഇവർ തീരുമാനിച്ചു. കുറെ പണം ഹോട്ടലിലെ കിടക്കയിൽ വിതറുകയും ബാക്കി അടുക്കിവയ്ക്കുകയും ചെയ്ത ശേഷം വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
ഇതോടൊപ്പം 500 രൂപ നോട്ടുകളുടെ ഒരു കെട്ടും റീൽ ചെയ്തയാളുടെ കൈയിൽ കാണാം. റീൽ ശ്രദ്ധയിൽപ്പെട്ട പൊലീസ് ഡിജിറ്റൽ ട്രാക്കിങ്ങിലൂടെ ഈ സ്ഥലം കണ്ടെത്തുകയും മോഷ്ടാക്കളിൽ ഒരാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയിൽ നിന്ന് രണ്ട് ലക്ഷത്തോളം രൂപയും രണ്ട് മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു.
Adjust Story Font
16