വിവാഹ വാർഷികത്തിന് സമ്മാനം നൽകിയില്ല; ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കുത്തിപ്പരിക്കേൽപ്പിച്ചു
അയൽക്കാരുടെ സഹായത്തോടെയാണ് യുവാവ് ആശുപത്രിയിലെത്തിയത്
ബെംഗളൂരു: വിവാഹ വാർഷികത്തിന് സമ്മാനം നൽകാത്തതിനെത്തുടർന്ന് ഭർത്താവിനെ ഭാര്യ കുത്തിപ്പരിക്കേൽപ്പിച്ചു. ബെഗളൂരുവിലാണ് സംഭവം. ഫെബ്രുവരി 27 ന് പുലർച്ചെ 1:30 ഓടെയാണ് 35 കാരി ഉറങ്ങിക്കിടന്ന ഭർത്താവിനെ കറിക്കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്. വിവാഹ വാർഷികത്തിന് സമ്മാനം ലഭിക്കാത്തതിലുള്ള അമർഷത്തിലാണ് ഭർത്താവിനെ കുത്തിപ്പരിക്കേൽപ്പിച്ചതെന്ന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി പൊലീസിനോട് പറഞ്ഞു.
കൈക്ക് കുത്തുകൊണ്ട ഉടൻ ഭാര്യയെ തള്ളിമാറ്റിയതുകൊണ്ടാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് യുവാവ് പറയുന്നു. ഭാര്യയെ തള്ളിമാറ്റി വീടിന് പുറത്തേക്കിറങ്ങിയ യുവാവ് അയൽക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിയത്. തുടർന്ന് മാർച്ച് ഒന്നിന് ഭാര്യക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
മുത്തച്ഛന്റെ മരണത്തെ തുടർന്നാണ് വിവാഹ വാർഷികത്തിന് ഭാര്യക്ക് സമ്മാനം വാങ്ങി നൽകാതിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ആദ്യമായിട്ടാണ് ഭർത്താവ് വിവാഹവാർഷികത്തിന് സമ്മാനം നൽകാതിരുന്നത്. ഇത് യുവതിയെ അസ്വസ്ഥയാക്കിയെന്നും പൊലീസ് പറയുന്നു.
ഭാര്യ ചില വ്യക്തിപരമായ പ്രശ്നങ്ങളിൽ അസ്വസ്ഥനാണെന്നും അവളെ കൗൺസിലിംഗിന് വിധേയയാക്കണമെന്നും ഭർത്താവ് തങ്ങളോട് പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അതേസമയം, ഇതൊരു കുടുംബ പ്രശ്‌നമായതിനാൽ ഇരുവരും തമ്മിൽ സംസാരിക്കാനുള്ള സമയം നൽകിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Adjust Story Font
16