ഭാര്യ സമ്മതിച്ചു; ട്രാൻസ് വനിതയെ കല്യാണം കഴിച്ച് യുവാവ്; മൂവരും ഒരുമിച്ച് കഴിയാനും സമ്മതം
തെരുവിൽ ഭിക്ഷ യാചിച്ചുകൊണ്ടിരിക്കെയാണ് ട്രാൻസ് വനിതയെ യുവാവ് കാണുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ അവളെ ഇഷ്ടമായി.
ഭുബനേശ്വർ: താൻ അറിയാതെ ഭർത്താവ് മറ്റൊരാളെ പ്രണയിക്കുന്നു എന്നറിഞ്ഞാൽ അത് പൊതുവെ വലിയ പ്രശ്നങ്ങളിലേക്കാവും നീങ്ങുക. എന്നാൽ ഒഡീഷയിലെ ഒരു ഭാര്യയുടെ കാര്യം അതിൽ നിന്ന് വ്യത്യസ്തമാണ്. ഭർത്താവ് ഒരു ട്രാൻസ് വനിതയെ പ്രണയിക്കുകയും അവളെ കല്യാണം കഴിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഭാര്യയോട് ചോദിച്ചപ്പോൾ നൂറ് ശതമാനം സമ്മതം.
പിന്നൊന്നും ആലോചിച്ചില്ല. രണ്ടാം ഭാര്യയായി ട്രാൻസ് വനിതയും ആ വീട്ടിലേക്കെത്തി. വിവാഹത്തിന് സമ്മതിക്കുക മാത്രമല്ല, ഒരേ വീട്ടിൽ ഒരുമിച്ച് കഴിയാനും ഭാര്യ സമ്മതിച്ചു. ഒഡീഷയിലെ കലഹണ്ടി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. രണ്ട് വയസുള്ള കുഞ്ഞിന്റെ പിതാവ് കൂടിയായ 32കാരൻ റായഗഡ ജില്ലയിലെ അംബഡോല സ്വദേശിനായ ട്രാൻസ് വനിതയെയാണ് വിവാഹം ചെയ്തത്.
തെരുവിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന ട്രാൻസ് വനിത യുവാവിന്റെ കണ്ണിൽപ്പെടുകയായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ അവളെ ഇഷ്ടമായി. മൊബൈൽ നമ്പർ വാങ്ങിയ യുവാവ് ട്രാൻസ് വനിതയുമായി ബന്ധം സ്ഥാപിച്ചു. അത് ഇരുവരിലും കടുത്ത പ്രണയമായി വളർന്നു.
ഒരു മാസത്തിനു ശേഷം, തന്റെ ഭർത്താവ് ഒരു ട്രാൻസ് വനിതയുമായി പ്രേമത്തിലാണെന്ന കാര്യം ഭാര്യയ്ക്ക് മനസിലായി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ട്രാൻസ് വനിതയുമായി താൻ പ്രണയത്തിലാണെന്ന കാര്യം ഭർത്താവ് വ്യക്തമാക്കി. നേരംപോക്കിനുള്ള ബന്ധമല്ലെന്ന് കൂടി ബോധ്യപ്പെട്ടതോടെ കുടുംബത്തിലേക്ക് അവരെ കൂടി സ്വീകരിക്കാൻ യുവതി സമ്മതിക്കുകയായിരുന്നു.
ഭാര്യയുടെ സമ്മതം നേടിയ ശേഷം, നർലയിലെ ഒരു ക്ഷേത്രത്തിൽ ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിയിലെ അംഗങ്ങൾ ഉൾപ്പെടെ പരിമിതമായ അതിഥികളുടെ സാന്നിധ്യത്തിൽ നടന്ന ഒരു ചെറിയ ചടങ്ങിൽ യുവാവ് ട്രാൻസ് വനിതയെ വിവാഹം ചെയ്തു. എന്നാൽ ഈ വിവാഹത്തിനു നിയമസാധുതയില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.
''ഹിന്ദു കുടുംബത്തിൽ ഒരു സ്ത്രീയുമായോ ട്രാൻസ്‌ജെൻഡറുമായോ ഉള്ള രണ്ടാമത്തെ വിവാഹം ഇന്ത്യൻ നിയമപ്രകാരം അനുവദനീയമല്ലെന്ന് ഒഡീഷ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ശ്രീനിവാസ് മൊഹന്തി പറഞ്ഞു. രണ്ടാം വിവാഹം അസാധുവാണ്. അത് ഇന്ത്യൻ നിയമപ്രകാരം ശിക്ഷാനടപടിക്ക് കാരണമാകുന്നതുമാണ്''- മൊഹന്തി പറഞ്ഞു.
അതേസമയം, "വിവാഹത്തിന് ശേഷം വിവാഹ വിവരം അറിയിക്കാൻ ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ പോയിരുന്നു. തങ്ങൾക്ക് ഇക്കാര്യത്തിൽ കാര്യമായൊന്നും ചെയ്യാനില്ലെന്നാണ് പൊലീസ് പറഞ്ഞത്"- എന്നാണ് ഇരുവരുടെയും വിവാഹത്തിന് നേതൃത്വം നൽകിയ ട്രാൻസ്‌ജെൻഡർ അസോസിയേഷൻ പ്രസിഡന്റ് കാമിനിയുടെ പ്രതികരണം.
അത്തരമൊരു സംഭവത്തിൽ (ട്രാൻസ്‌ജെൻഡർ വിവാഹം) ബുദ്ധിമുട്ട് തോന്നുന്ന ഭാര്യയോ മറ്റോ പരാതി നൽകിയാൽ ഞങ്ങൾ നിയമപ്രകാരം മുന്നോട്ടു പോകുമെന്ന് നർല പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഇൻസ്‌പെക്ടർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത നവദമ്പതികൾ, വിവാഹത്തിൽ ആദ്യ ഭാര്യ പോലും സന്തോഷവതിയാണെന്നും തങ്ങൾക്ക് നിയമത്തെക്കുറിച്ച് ആശങ്കയില്ലെന്നും പ്രതികരിച്ചു.
Adjust Story Font
16