വീഡിയോ എടുക്കാന്‍ വിഷപ്പാമ്പിനെ കഴുത്തിലിട്ടു; 55കാരന് ദാരുണാന്ത്യം
ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ടിനായാണ് പാമ്പിനെ കഴുത്തിലിട്ടത്
ലഖ്‌നൗ: ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ചെയ്യാന്‍ വിഷപ്പാമ്പിനെ കഴുത്തിലിട്ട 55കാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം.
ബജ്‍രംഗി സാധു എന്ന 55കാരനാണ് പാമ്പിന്‍റെ കടിയേറ്റത്. റീല്‍സ് എടുക്കുന്നതിനിടെ പാമ്പിന്‍റെ കടിയേറ്റെന്ന് ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി. ബജ്‍രംഗിയെ ഉടന്‍ പ്രദേശത്തെ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ലഖ്നൌവിലെ ട്രോമ സെന്‍ററിലേക്ക് കൊണ്ടുപോയി. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കകോരിയിലെ ബനിയ ഖേര സ്വദേശിയാണ് ബജ്‍രംഗി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം ഭാവന ഖേര ഗ്രാമത്തിലാണ് താമസിക്കുന്നത്. സൗന്ദര്യവർദ്ധക വസ്തുക്കൾ കൊണ്ടുനടന്നു വില്‍ക്കുന്ന ജോലിയാണ് ബജ്‍രംഗി ചെയ്തിരുന്നത്.
വെള്ളിയാഴ്ച പ്രദേശത്തെ ഒരു പഞ്ചര്‍ കടയില്‍ വിഷപ്പാമ്പിനെ കണ്ടെത്തിയിരുന്നു. കടയുടമ പാമ്പിനെ അടിച്ചുകൊല്ലാന്‍ ശ്രമിക്കുന്നതിനിടെ ബജ്‍രംഗി ഇടപെട്ടു. പാമ്പിനെ കൊല്ലുന്നത് പാപമാണെന്ന് ബജ്‍രംഗി പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം പാമ്പിനെ പിടിച്ചു പെട്ടിയിലാക്കി.
ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ചെയ്യാന്‍ പാമ്പിനെ പുറത്തെടുക്കാമോ എന്ന് പ്രദേശത്തെ യുവാക്കള്‍ ചോദിച്ചു. ഇതോടെ പാമ്പിനെ കഴുത്തിലും തോളിലുമിട്ട് ബജ്‍രംഗി വീഡിയോയ്ക്ക് പോസ് ചെയ്യാന്‍ തുടങ്ങി. പാമ്പിന്‍റെ വായ് കൈകൊണ്ട് മുറുക്കെ അടച്ചുപിടിച്ചാണ് ബജ്‍രംഗി പോസ് ചെയ്തത്. ഇതിനിടെയാണ് പാമ്പ് ബജ്‍രംഗിയെ കടിച്ചത്.
Adjust Story Font
16