ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽഗാന്ധിയെ കെട്ടിപ്പിടിക്കാൻ ഓടിയെത്തി യുവാവ്; പിന്നീട് സംഭവിച്ചത്...
സംഭവിച്ചത് സുരക്ഷാവീഴ്ചയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഹോഷിയാപുർ: ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കെട്ടിപ്പിടിക്കാൻ ഓടിയെത്തി യുവാവ്. പഞ്ചാബിലെ ഹോഷിയാപുരിലാണ് സംഭവം. നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം നടക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഈ സമയം ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഓടിയെത്തിയ ഒരാൾ രാഹുൽ ഗാന്ധിയെ കെട്ടിപ്പിടിക്കുകയായിരുന്നു.
ജാക്കറ്റ് ധരിച്ചെത്തിയ ഇയാളുടെ പ്രവൃത്തിയിൽ എല്ലാവരും ഒരു നിമിഷം സ്തബ്ധരായെങ്കിലും കെട്ടിപ്പിടുത്തം അധികനേരം നീണ്ടുനിന്നില്ല. ഉടൻ തന്നെ നേതാക്കളുൾപ്പെടെയുള്ളവർ ഇടപെട്ട് ഇയാളെ പിടിച്ച് തള്ളിമാറ്റി. തുടർന്ന് രാഹുൽ യാത്ര തുടർന്നു.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് വാറിങ്ങും മറ്റ് നേതാക്കളും പ്രവർത്തകരുമാണ് രാഹുൽ ഗാന്ധിക്കൊപ്പം നടന്നിരുന്നത്. അമരീന്ദർ ഉൾപ്പെടെയുള്ളവരാണ് യുവാവിനെ തള്ളിമാറ്റിയത്. സംഭവിച്ചത് സുരക്ഷാവീഴ്ചയാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ ആരോപണം പൊലീസ് നിഷേധിച്ചു.
നേരത്തെ, ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തിയപ്പോൾ സുരക്ഷാ വീഴ്ചയുണ്ടായതായി ആരോപിച്ച് കോൺഗ്രസ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. തുടർ യാത്രയിൽ അദ്ദേഹത്തിന് സുരക്ഷയൊരുക്കണം എന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ആരോപണങ്ങൾ തള്ളിയ സർക്കാർ, മാർഗനിർദേശങ്ങൾക്കനുസൃതമായി രാഹുൽ ഗാന്ധിക്ക് സമ്പൂർണ സുരക്ഷാ ക്രമീകരണങ്ങൾ നൽകിയിരുന്നെന്നും എന്നാൽ അദ്ദേഹം തന്നെ 2020 മുതൽ 113 തവണ സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ചെന്നും മറുപടി നൽകി.
പഞ്ചാബിലെ യാത്രയുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ തണ്ടയിൽ നിന്നാണ് യാത്ര പുനരാരംഭിച്ചത്. മാർച്ച് രാത്രി മുകേരിയനിൽ അവസാനിപ്പിക്കും. സെപ്തംബർ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നാരംഭിച്ച യാത്ര ജനുവരി 30ന് ജമ്മു കശ്മീരിലാണ് സമാപിക്കുക.
തമിഴ്നാട്, കേരള, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾ പിന്നിട്ടാണ് യാത്ര ഇപ്പോൾ പഞ്ചാബിൽ എത്തിയിരിക്കുന്നത്.
ശനിയാഴ്ച, കോൺഗ്രസ് എം.പി സന്തോഖ് സിങ് ചൗധരിയുടെ അവിചാരിത മരണത്തെ തുടർന്ന് യാത്ര 24 മണിക്കൂർ താൽക്കാലികമായി നിർത്തിയിരുന്നു. ഭാരത് ജോഡോ യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. തുടർന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ജലന്ധറിൽ നിന്നാണ് യാത്ര പുനരാരംഭിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഫത്തേഗഡ് സാഹിബിലെ സിർഹിന്ദിൽ നിന്നാണ് പഞ്ചാബിലെ മാർച്ച് ആരംഭിച്ചത്.
Adjust Story Font
16