മണിപ്പൂർ സംഘർഷം; ഡൽഹിയിൽ പ്രതിഷേധവുമായി മെയ്തി വിഭാഗം
കുകി വിഭാഗത്തിന് കേന്ദ്രം നൽകുന്ന സഹായം റദ്ദാക്കണമെന്നും ആവശ്യം
ന്യൂഡൽഹി: മണിപ്പൂർ സംഘർഷത്തിൽ ഡൽഹിയിൽ പ്രതിഷേധവുമായി മെയ്തി വിഭാഗം. സംഘർഷം തുടങ്ങി ഒന്നരവർഷം പിന്നിട്ടിട്ടും സംസ്ഥാന, കേന്ദ്രസർക്കാരിന് ഒന്നും ചെയ്യാനാകുന്നില്ലെന്ന് പറഞ്ഞാണ് പ്രതിഷേധം. ഡൽഹി ജന്തർ മന്ദറിലാണ് പ്രതിഷേധമരങ്ങേറിയത്. കുകി വിഭാഗത്തിന് കേന്ദ്രം നൽകുന്ന സഹായം റദ്ദാക്കണമെന്നും ആവശ്യമുണ്ട്.
മണിപ്പൂരിലെ സ്ഥിതിഗതികൾ ശനിയാഴ്ച മുതൽ കൂടുതൽ വഷളായിരിക്കുകയാണ്. ജിരിബാമിൽനിന്ന് തട്ടിക്കൊണ്ടുപോയ ആറ് മെയ്തെയ് വിഭാഗക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് സംഘർഷം രൂക്ഷമായത്. പ്രതിഷേധക്കാർ രാഷ്ട്രീയ നേതാക്കളുടെ വസതികൾ ആക്രമിച്ചതോടെ വെസ്റ്റ് ഇംഫാലിൽ അനിശ്ചിത കാലത്തേക്ക് കർഫ്യൂ ഏർപ്പെടുത്തി.ശനിയാഴ്ച പകൽ നിരവധി ബിജെപി നേതാക്കളുടെ വസതികളും വാഹനങ്ങളും ഇവർ ആക്രമിച്ചു. മുഖ്യമന്ത്രി ബിരേൻ സിങ്ങിെൻറ മരുമകൻ രാജ്കുമാർ ഇമോ സിങ്, സംസ്ഥാന മന്ത്രി എൽ. സുസിദ്രോ, എംഎൽഎമാരായ രഘുമണി സിങ്, സപം കുഞ്ചകേശ്വർ, ജോയ് കിസാൻ സിങ്, സപം നിഷികാന്ത എന്നിവരുടെ വസതികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ശനിയാഴ്ച രാത്രി മുഖ്യമന്ത്രി ബിരേൻ സിങ്ങിൻെറ ഇംഫാൽ ഹെയ്ങ്ങാങ്ങിലുള്ള സ്വകാര്യ വസതിക്ക് നേരെയും ആക്രമണ ശ്രമമുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിയുതിർക്കുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള വഴിയിൽ നിരവധി ടയറുകളാണ് പ്രതിഷേധക്കാർ കത്തിച്ചിട്ടത്. വിവിധയിടങ്ങളിൽ വീടുകൾക്കും ദേവാലയങ്ങൾക്കും നേരെ ആക്രമണമുണ്ടായി. അഞ്ച് ക്രൈസ്തവ ദേവാലയങ്ങൾക്കും ഏഴ് കുക്കി വിഭാഗക്കാരുടെ വീടുകൾക്കും തീയിട്ടു. ഏഴ് ജില്ലകളിൽ ഇൻറർനെറ്റ് സേവനം വിച്ഛേദിച്ചിട്ടുണ്ട്.പ്രതിഷേധം അക്രമാസക്തമായതോടെ 19 ബിജെപി എംഎൽഎമാരും മന്ത്രിമാരും രാജിവെക്കുമെന്ന വിവരം പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എംഎൽഎമാരായ ടി. റോബിന്ദ്രോ, രാധേശ്യാം, പാനം ബ്രോജൻ എന്നിവർ തിങ്കളാഴ്ച രാജിവെക്കുമെന്നാണ് വിവരം.
Adjust Story Font
16