മണിപ്പൂരിന് കൂടുതൽ പ്രാധാന്യം നൽകണം, അക്രമം അവസാനിപ്പിക്കണം: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്
‘പത്ത് വർഷം മുമ്പ് മണിപ്പൂരിൽ സമാധാനമുണ്ടായിരുന്നു’
നാഗ്പൂർ: മണിപ്പൂർ ഒരു വർഷമായി സമാധാധനത്തിനായി കാത്തിരിക്കുകയാണെന്നും ഈ വിഷയത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും ആർ.എസ്.എസ് മേധാവി ഡോ. മോഹൻ ഭാഗവത്. നാഗ്പൂരിൽ ആർ.എസ്.എസ് ട്രെയിനുകളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘കഴിഞ്ഞ ഒരു വർഷമായി മണിപ്പൂർ സമാധാനത്തിനായി കാത്തിരിക്കുകയാണ്. പത്ത് വർഷം മുമ്പ് മണിപ്പൂരിൽ സമാധാനമുണ്ടായിരുന്നു.
തോക്ക് സംസ്കാരം അവിടെ അവസാനിപ്പിച്ചതുപോലെ എനിക്ക് തോന്നിയിരുന്നു. എന്നാൽ, സംസ്ഥാനം പെട്ടെന്ന് അക്രമത്തിന് സാക്ഷിയായി. മണിപ്പൂരിലെ സാഹചര്യത്തിന് മുൻഗണന നൽകേണ്ടതുണ്ട്.
തെരഞ്ഞെടുപ്പിലെ വാചാടോപങ്ങൾ അവസാനിപ്പിച്ച് രാജ്യം നേരിടുന്ന യഥാർഥ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം’ -മോഹൻ ഭാഗവത് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പരസ്പരം ആക്രമിക്കുന്നത്, സാങ്കേതിക വിദ്യയുടെ ദുരുപയോഗം, തെറ്റായ വിവരങ്ങളുടെ പ്രചാരണം എന്നിവയെ അദ്ദേഹം വിമർശിച്ചു.
മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റതിന് പിന്നാലെയാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന വരുന്നത്. മണിപ്പൂരിൽ കലാപം തുടങ്ങിയതിന് ശേഷം മോദി അവിടം സന്ദർശിക്കാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും മോദി മണിപ്പൂർ സന്ദർശിച്ചിരുന്നില്ല.
Adjust Story Font
16