മനുസ്മൃതി സ്ത്രീകൾക്ക് മാന്യമായ സ്ഥാനം നൽകുന്നുവെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി
സ്ത്രീകളെ ബഹുമാനിക്കണമെന്ന് വേദഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നുണ്ടെന്നും ഡൽഹി ഹൈക്കോടതി ജഡ്ജിയായ പ്രതിഭ എം സിങ് പറഞ്ഞു.
ന്യൂഡൽഹി: മനുസ്മൃതി പോലുള്ള ഗ്രന്ഥങ്ങൾ സ്ത്രീകൾക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനം നൽകുന്നതിനാൽ ഇന്ത്യൻ സ്ത്രീകൾ അനുഗ്രഹീതരാണെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി പ്രതിഭ എം സിങ്. സ്ത്രികളെ എങ്ങനെ ബഹുമാനിക്കണമെന്ന് വേദഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ബുധനാഴ്ച ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് പ്രതിഭ.
ഇന്ത്യയിലെ സ്ത്രീകൾ അനുഗ്രഹീതരാണെന്ന് ഞാൻ ശരിക്കും കരുതുന്നു. അതിന് കാരണം നമ്മുടെ വേദങ്ങൾ എപ്പോഴും സ്ത്രീകൾക്ക് വളരെ മാന്യമായ സ്ഥാനം നൽകിയിട്ടുണ്ട്. നിങ്ങൾ സ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നില്ലെങ്കിൽ, പൂജകളും ആരാധനകളും ചെയ്യുന്നതിൽ അർഥമില്ല എന്നാണ് മനുസ്മൃതിയിൽ പറയുന്നത്- ജസ്റ്റിസ് പ്രതിഭ സിങ് പറഞ്ഞു.
ജോലി ചെയ്യുന്ന സ്ത്രീകൾ കൂട്ടുകുടുംബത്തിൽ ജീവിക്കണമെന്നും ജഡ്ജി ഉപദേശിച്ചു. അത്തരം കുടുംബങ്ങളിലെ പുരുഷൻമാർ പ്രായവും ബുദ്ധിയും ഉള്ളവരായതിനാൽ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഇതിന് ന്യായീകരണമായി അവർ പറഞ്ഞത്.
അതേസമയം ജഡ്ജിയുടെ പരാമർശത്തിനെതിരെ വൻ വിമർശനവും ഉയരുന്നുണ്ട്. ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങൾ പ്രതിഭാ സിങ്ങിനെപ്പോലുള്ള ജഡ്ജിമാരുടെ കാരുണ്യത്തിൽ കിടക്കുന്നത് ഭയാനകമാണെന്ന് സിപിഐഎംഎൽ നേതാവും ആക്ടിവിസ്റ്റുമായ കവിതാ കൃഷ്ണൻ പറഞ്ഞു.
Adjust Story Font
16