Quantcast

മഹാരാഷ്ട്രയിൽ സ്കൂളിലെ ബിസ്കറ്റ് കഴിച്ച 150ലേറെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; നിരവധി പേർ ചികിത്സയിൽ

ഗുരുതര രോഗലക്ഷണങ്ങൾ കണ്ട ഏഴ് വിദ്യാർഥികളെ കൂടുതൽ ചികിത്സയ്ക്കായി ഛത്രപതി സംഭാജിനഗർ സിവിൽ ആശുപത്രിയിലേക്ക് മാറ്റി.

MediaOne Logo

Web Desk

  • Published:

    18 Aug 2024 9:26 AM GMT

Many students hospitalised after eating biscuits at Maharashtra school
X

മുംബൈ: മഹാരാഷ്ട്രയിൽ സ്‌കൂളിലെ പോഷകാഹാര പരിപാടിയുടെ ഭാഗമായി നൽകിയ ബിസ്‌ക്കറ്റ് കഴിച്ചതിനെ തുടർന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. 150ലേറെ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 80ലേറെ പേർ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു. ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഒരു ജില്ലാ കൗൺസിൽ സ്കൂളിലെ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

കെകെത് ജൽഗാവ് ഗ്രാമത്തിലെ സ്‌കൂളിൽ ശനിയാഴ്ച രാവിലെ 8.30യോടെ ബിസ്‌കറ്റ് കഴിച്ച കുട്ടികൾക്ക് ഓക്കാനം, ഛർദി തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവമറിഞ്ഞ് സ്കൂളിലെത്തിയ അധികൃതർ കുട്ടികളെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യമേർപ്പെടുത്തി.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. 'ശനിയാഴ്ച രാവിലെ 8.30യോടെ ബിസ്‌ക്കറ്റ് കഴിച്ച 257 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ 153 പേരെ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ നൽകുകയും ചെയ്തു. ചിലരെ വീട്ടിലേക്കയച്ചു'- ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ബാബാസാഹേബ് ഘുഗെ പറഞ്ഞു.

ഗുരുതര രോഗലക്ഷണങ്ങൾ കണ്ട ഏഴ് വിദ്യാർഥികളെ കൂടുതൽ ചികിത്സയ്ക്കായി ഛത്രപതി സംഭാജിനഗർ സിവിൽ ആശുപത്രിയിലേക്ക് മാറ്റിയതായി ഘുഗെ പറഞ്ഞു. 296 കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. ഭക്ഷ്യവിഷബാധയുടെ കാരണമറിയാനുള്ള അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് ഉദ്യോ​ഗസ്ഥർ കൂട്ടിച്ചേർത്തു.

TAGS :

Next Story