'അക്രമി സംഘങ്ങൾ കോം ഗ്രാമങ്ങളിൽ കടക്കുന്നത് തടയാൻ സുരക്ഷാ സേനയുടെ സഹായം വേണം'; അമിത് ഷായ്ക്ക് കത്തയച്ച് മേരി കോം
മെയ്തികളും കുക്കികളും ഒരുമിച്ച് ചേരണമെന്നും അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ പ്രയത്നിക്കണമെന്നും മേരി കോം അഭ്യർഥിച്ചു.
ഇംഫാൽ: മണിപ്പൂരിലെ കോം ഗ്രാമങ്ങളിലേക്കുള്ള ഇരു വിഭാഗം അക്രമി സംഘങ്ങളുടെയും നുഴഞ്ഞുകയറ്റം തടയാൻ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബോക്സിങ് താരം മേരി കോമിന്റെ കത്ത്. കോം ഗ്രാമങ്ങളിലേക്കുള്ള നുഴഞ്ഞുകയറ്റത്തിൽ നിന്ന് അക്രമി സംഘങ്ങളെ സുരക്ഷാസേന തടയുന്നത് ഉറപ്പാക്കാൻ ഇടപെടണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
താനടങ്ങുന്ന കോം സമുദായം മണിപ്പൂരിലെ ഒരു തദ്ദേശീയ ഗോത്രമാണെന്നും ന്യൂനപക്ഷങ്ങളിൽ ഏറ്റവും ചെറിയ വിഭാഗമാണെന്നും കത്തിൽ പറയുന്നു. 'എതിരാളികളായ രണ്ട് സമുദായങ്ങൾക്കിടയിൽ ഞങ്ങൾ ചിതറിക്കിടക്കുകയാണ്. ദുർബലമായ ആഭ്യന്തര ഭരണവും ന്യൂനപക്ഷ ഗോത്രങ്ങളിൽ ഏറ്റവും ചെറുതായത് കൊണ്ടും എന്റെ സമുദായത്തിനെതിരെ ഇരുവശത്തു നിന്നും എപ്പോഴും ഊഹാപോഹങ്ങളും സംശയങ്ങളും ഉയരാറുണ്ട്. ഞങ്ങൾ എല്ലാ പ്രശ്‌നങ്ങൾക്കും നടുവിൽ അകപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ അധികാരപരിധിയിലേക്ക് നുഴഞ്ഞുകയറുന്ന ഒരു ശക്തിക്കെതിരെയും നിലകൊള്ളാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല'- മേരി കോം വിശദമാക്കുന്നു.
കോം ഗ്രാമങ്ങളിലേക്കുള്ള നുഴഞ്ഞുകയറ്റം തടയാൻ ഞങ്ങൾ സുരക്ഷാ സേനയുടെ സഹായം തേടുന്നു. സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്ന സൈനിക, അർധസൈനിക, സംസ്ഥാന സേനകളിലെ എല്ലാ അംഗങ്ങളോടും ജനങ്ങളെ സംരക്ഷിക്കാനും സമാധാനവും സാധാരണ നിലയും നിലനിർത്താനും ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ നിഷ്പക്ഷത പുലർത്തണമെന്നും മുൻ രാജ്യസഭാംഗം കൂടിയായ മേരി കോം അഭ്യർഥിച്ചു.
മണിപ്പൂരിലെ എല്ലാവരും, പ്രത്യേകിച്ച് മെയ്തികളും കുക്കികളും ഒരുമിച്ച് ചേരണമെന്നും അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് സംസ്ഥാനത്ത് സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കാൻ പ്രയത്നിക്കണമെന്നും മേരി കോം അഭ്യർഥിച്ചു. 'നമുക്കെല്ലാവർക്കും സഹവർത്തിത്വം ആവശ്യമാണ്. അതിനാൽ നമുക്ക് എല്ലാവിധ മുറിവുകളും മാറ്റിവയ്ക്കാം'- അവർ കൂട്ടിച്ചേർത്തു.
Adjust Story Font
16