Quantcast

രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർധന; മുന്നിൽ നിൽക്കുന്നത് യു.പി

ഈ വർഷം ആറു മാസത്തിനിടെ 400 അതിക്രമങ്ങളാണ് ഉണ്ടായത്. 2014ന് ശേഷമാണ് അക്രമസംഭവങ്ങളിൽ വൻ വർധനയുണ്ടായതെന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

MediaOne Logo

Web Desk

  • Published:

    11 July 2023 10:41 AM GMT

Massive increase in violence against Christians
X

ന്യൂഡൽഹി: ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർധനയെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട കണക്കുകൾ. ഈ വർഷം 190 ദിവസത്തിനിടെ 400 അതിക്രമങ്ങളാണ് ക്രിസ്ത്യാനികൾക്കെതിരെ ഉണ്ടായത്. 23 സംസ്ഥാനങ്ങളിലാണ് അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 155 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട യു.പിയാണ് പട്ടികയിൽ മുന്നിൽനിൽക്കുന്നത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്ത് ക്രിസത്യാനികൾക്കെതിരെ 155 അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.

യു.പിയിലെ ആറു ജില്ലകളിലാണ് ക്രിസ്ത്യാനികൾ ആക്രമണത്തിനിരയായത്. ഛത്തീസ്ഗഢിലെ ബസ്തർ ജില്ലയിലാണ് ഈ വർഷം ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടന്നത്. 31 സംഭവങ്ങളാണ് ഇവിടെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വർഷം ജൂണിലാണ് ഏറ്റവും കൂടുതൽ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 88 അതിക്രമങ്ങളാണ് ജൂണിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മാർച്ച്-66, ഫെബ്രുവരി-63, ജനുവരി-62, മെയ്-50, ഏപ്രിൽ-47 എന്നിങ്ങനെയാണ് ഈ വർഷത്തെ കണക്കുകൾ.

84 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഛത്തീസ്ഗഢ് ആണ് യു.പിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. ജാർഖണ്ഡ്-35, ഹരിയാന-32, മധ്യപ്രദേശ്-21, പഞ്ചാബ്-12, കർണാടക-10, ബിഹാർ-9, ജമ്മു കശ്മീർ-8, ഗുജറാത്ത്-7, ഉത്തരാഖണ്ഡ്-4, തമിഴ്‌നാട്-3, പശ്ചിമ ബംഗാൾ-3, ഹിമാചൽപ്രദേശ്-3, മഹാരാഷ്ട്ര-3, ഒഡീഷ-2, ഡെൽഹി-2, ആന്ധ്രാപ്രദേശ്-1, അസം-1, ഛണ്ഡീഗഡ്-1, ഗോവ-1 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കണക്കുകൾ.

2014ന് ശേഷമാണ് അതിക്രമങ്ങളിൽ വൻ വർധനയുണ്ടായതെന്നും കണക്കുകൾ പറയുന്നു. 2014ൽ 147 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2015-177, 2016-208, 2017-240, 2018-292, 2019-328, 2020-279, 2021-505, 2022-599, 2023-400 (ആറുമാസം) എന്നിങ്ങനെയാണ് ഓരോ വർഷത്തെയും കണക്കുകൾ.

അതിക്രമങ്ങളുണ്ടാവുമ്പോൾ അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം കേസെടുക്കുന്നതും ഇരകളായവർക്കെതിരെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മതപരിവർത്തന നിരോധന നിയമപ്രകാരം 63 എഫ്.ഐ.ആറുകളാണ് ക്രിസ്ത്യൻ പാസ്റ്റർമാർക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടത്. 35 പാസ്റ്റർമാർ ജയിലിലാണ്. ഇവർക്ക് നിരന്തരം ജാമ്യം നിഷേധിക്കപ്പെടുന്നു. ജാമ്യം ലഭിച്ചാൽ പോലും ഉദ്യോഗസ്ഥ തലത്തിൽ നടപടിക്രമങ്ങൾ വൈകിപ്പിച്ച് ജയിൽമോചനം തടയുകയാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. നിരവധി ക്രിസത്യൻ പ്രതിനിധി സംഘങ്ങൾ ഇതിന് പരിഹാരം തേടി രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും കണ്ടെങ്കിലും യാതൊരു ഫലവും ഉണ്ടായില്ലെന്നും റിപ്പോർട്ട് പറയുന്നു.

TAGS :

Next Story