'ബിജെപിയുടെ ബുൾഡോസർ രാഷ്ട്രീയം നിരപരാധികളുടെ ജീവൻ അപഹരിക്കുന്നു'; യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് മായാവതി
കാൺപൂരിൽ വീട് ഒഴിപ്പിക്കുന്നതിനിടെ അമ്മയും മകളും തീപൊള്ളലേറ്റ് മരിച്ചിരുന്നു
ലഖ്നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാരിനെ പരിഹസിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. കാൺപൂരിൽ വീട് ഒഴിപ്പിക്കുന്നതിനിടെ അമ്മയും മകളും തീപൊള്ളലേറ്റ് മരിച്ച സംഭവത്തിലായിരുന്നു മായാവതിയുടെ പ്രതികരണം.
'ബിജെപി സർക്കാരിന്റെ ബുൾഡോസർ രാഷ്ട്രീയം നിരപരാധികളും പാവപ്പെട്ടവരുമായ മനുഷ്യരുടെ ജീവൻ അപഹരിക്കുന്നു, ഇത് വളരെ ദാരുണമാണ്. സർക്കാർ ജനവിരുദ്ധ സമീപനം മാറ്റണം,' അവർ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. ഈയിടെ യുപി സർക്കാർ സംഘടിപ്പിച്ച ആഗോള നിക്ഷേപക ഉച്ചകോടിയെക്കാളും ഈ സംഭവം വാർത്തകളിൽ ഇടംനേടിയെന്നും മായാവതി പറഞ്ഞു.
ഉത്തർപ്രദേശിലെ കാൺപൂർ ദേഹത് ജില്ലയിലെ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് 45 കാരിയായ സ്ത്രീയും 20 വയസ്സുള്ള മകളും പൊള്ളലേറ്റ് മരിച്ചത്. വീടിനുള്ളിൽ ആളുണ്ടെന്ന് അറിഞ്ഞിട്ടും പൊലീസ് തീയിടുകയായിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ പൊലീസ് ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി. എന്നാൽ സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, നാല് റവന്യൂ ഉദ്യോഗസ്ഥർ, ഒരു പൊലീസ് സ്റ്റേഷൻ മേധാവി, മറ്റ് പൊലീസുകാർ എന്നിവരുൾപ്പെടെ 39 പേർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. മരണത്തെതുടർന്ന് പ്രദേശവാസികളും പൊലീസും തമ്മിൽ സംഘർഷവും നടന്നിരുന്നു. പൊലീസിന് നേരെ നാട്ടുകാർ കല്ലെറിയുകയും ചെയ്തു.
Adjust Story Font
16