Quantcast

മീനാ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് ഹിന്ദുമഹാസഭ; കൃഷ്ണ ജന്മഭൂമിയിലാണ് പള്ളി നില്‍ക്കുന്നതെന്ന് ഹരജി

മഥുര സിവില്‍ കോടതിയിലാണ് ഹിന്ദു മഹാസഭ ട്രഷറര്‍ ദിനേശ് ശര്‍മ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-09-15 13:43:25.0

Published:

15 Sep 2022 5:51 AM GMT

മീനാ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് ഹിന്ദുമഹാസഭ; കൃഷ്ണ ജന്മഭൂമിയിലാണ് പള്ളി നില്‍ക്കുന്നതെന്ന് ഹരജി
X

മഥുര: മഥുരയിലെ മീനാ മസ്ജിദ് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ ഹരജി സമർപ്പിച്ചു. മുഗൾ ഭരണകാലത്തെ മസ്ജിദായ മീനാ മസ്ജിദ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് മഥുര കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. മഥുര സിവില്‍ കോടതിയിലാണ് ഹിന്ദു മഹാസഭ ട്രഷറര്‍ ദിനേശ് ശര്‍മ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഹരജി കോടതി ഒക്ടോബര്‍ 26ന് പരിഗണിക്കും. മീനാ മസ്ജിദ് കൃഷ്ണ ജന്മഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത് എന്നാണ് ഹരജിയില്‍ പറയുന്നത്.

മുഗള്‍ ഭരണാധികാരി ഔറംഗസീബ്‌ കൃഷ്ണ ജന്മക്ഷേത്രം പൊളിക്കുകയായിരുന്നുവെന്നും അവിടെയാണ് ഷാഹി ഈദ്ഗാഹ് പള്ളി നിര്‍മിച്ചതെന്നും ഹരജിയില്‍ പറയുന്നു. കൃഷ്ണ ജന്മഭൂമിയിലെ കിഴക്കന്‍ അതിര്‍ത്തി മേഖലയിലാണ് മീനാ മസ്ജിദ് നിര്‍മിച്ചത്. കൃഷ്ണ ക്ഷേത്രത്തിന് ചുറ്റും കൈയ്യേറാനാണ് മുസ്‍ലിങ്ങള്‍ ശ്രമിച്ചിരുന്നത്. വടക്ക് ഭാഗത്ത് ഷാഹി ഈദ്ഗാഹും കീഴക്കന്‍ ഭാഗത്ത് മീനാ മസ്ജിദും നിര്‍മിച്ചു. അവര്‍ ക്രമേണ ക്ഷേത്രഭൂമി മുഴുവന്‍ കൈയ്യേറാന്‍ ശ്രമിക്കുകയായിരുന്നു എന്നും ദിനേശ് ശര്‍മ നല്‍കിയ ഹരജിയില്‍ ആരോപിക്കുന്നു.

ഉത്തര്‍ പ്രദേശില്‍ കൂടുതല്‍ പള്ളികളില്‍ അവകാശവാദം ഉന്നയിച്ച് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു മഹാസഭ നേര​ത്തേ തന്നെ രംഗത്തെത്തിയിരുന്നു. വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവ് കോടതിയില്‍ നിന്ന് വന്നതിന് പിന്നാലെയാണ് മീനാ മസ്ജിദുമായി ബന്ധപ്പെട്ട ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഗ്യാന്‍വാപി മസ്ജിദിന്റെ മതിലിനോട് ചേര്‍ന്ന പ്രദേശത്ത് വിഗ്രഹങ്ങള്‍ കണ്ടുവെന്നും ഇവിടെ നിത്യാരാധനക്ക് അനുമതി വേണമെന്നും അഞ്ച് സ്ത്രീകള്‍ ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ആവശ്യം പരിഗണിച്ച് ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നടത്താന്‍ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. സ്ത്രീകളുടെ ഹരജി നിലനില്‍ക്കുമെന്നാണ് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

TAGS :

Next Story