Quantcast

വെട്ടിയെടുത്ത തലയും കൈകളും കൊണ്ട് ദുർമന്ത്രവാദം, ബോളിവുഡ് നടിയാകാൻ ഒളിച്ചോട്ടം; യുപിയിലെ 29കാരന്റെ ക്രൂരകൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

സാഹിലിന്റെ അന്ധവിശ്വാസങ്ങളെ മുസ്‌കാൻ മുതലെടുത്തതായും ആരോപണമുണ്ട്. മുസ്‌കാൻ വ്യാജ സ്‌നാപ്ചാറ്റ് അക്കൗണ്ടുകളുണ്ടാക്കി, മരിച്ചുപോയ അമ്മയാണെന്നു പറഞ്ഞ് സാഹിലിന് സന്ദേശം അയയ്‌ക്കുകയും സൗരഭിനെ കൊല്ലാൻ പ്രേരിപ്പിക്കുകയും ചെയ്‌തു.

MediaOne Logo

Web Desk

  • Updated:

    21 March 2025 12:51 PM

Published:

21 March 2025 10:02 AM

Meerut murder mystery deepens Black magic, Bollywood dream, money transfer
X

ലഖ്നൗ: ഉത്തർപ്രദേശിലെ മീറഠിൽ മർച്ചന്റ് നേവി ഉദ്യോ​ഗസ്ഥനായ യുവാവിനെ ഭാര്യയും ആൺസുഹൃത്തും ചേർന്ന് കുത്തിക്കൊന്ന ശേഷം മൃതദേഹം കഷണങ്ങളാക്കി വെള്ളം നിറയ്ക്കുന്ന ഡ്രമ്മിലിട്ട് സിമന്റ് തേച്ചടച്ച സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 29കാരനായ സൗരഭ് രജ്പുത്താണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ മുസ്കാന്‍ റസ്തോഗി(27)യും കാമുകന്‍ സാഹില്‍ ശുക്ല (25) എന്ന മോഹിതും ചേർന്നായിരുന്നു ക്രൂരകൊലപാതകം നടത്തിയത്. ഇരുവരും അറസ്റ്റിലായതിനു പിന്നാലെയാണ് കേസിൽ ദുർമന്ത്രവാദവും ആഢംബര ജീവിതവും ബോളിവുഡ് മോഹവും സാമ്പത്തിക ഇടപാടുകളുമൊക്കെ വെളിപ്പെടുന്നത്.

സൗരഭിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ ശേഷം മുസ്‌കാന്റെ ആൺസുഹൃത്ത് സാഹിൽ, തലയും കൈകളും തന്റെ മുറിയിലേക്ക് കൊണ്ടുപോയി മന്ത്രവാദം നടത്തിയതായി പൊലീസ് പറഞ്ഞു. സാഹിലിന്റെ മുറിയിൽ നിന്ന് ചില വിചിത്രമായ ചിത്രങ്ങൾ, ഡ്രാഗണുകളുടെ രേഖാചിത്രങ്ങൾ, മറ്റ് വിചിത്ര ചിഹ്നങ്ങൾ എന്നിവ കണ്ടെത്തുകയും ചെയ്തു. മുറിയിൽ നിരവധി ബിയർ കുപ്പികളും ചിതറിക്കിടന്നിരുന്നതായി പൊലീസ് പറയുന്നു.

സൗരഭിന്റെ മുറിച്ചുമാറ്റിയ തലയും കൈകളും സാഹിൽ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ചില മന്ത്രവാദ ചടങ്ങുകൾ നടത്തിയ ശേഷം മുസ്‌കാന്റെ വീട്ടിലേക്ക് തിരികെ എത്തിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഇരുവരും ശരീരഭാഗങ്ങൾ ഡ്രമ്മിലാക്കിയ ശേഷം സിമന്റിട്ട് അടയ്ക്കുകയും ഉപേക്ഷിക്കുകയുമായിരുന്നു.

മയക്കുമരുന്നിന് അടിമയായിരുന്ന സാഹിൽ അമാനുഷികതയിൽ വിശ്വസിച്ചിരുന്നതായും മറ്റുള്ളവരോട് അപൂർവമായി മാത്രമേ സംസാരിക്കാറുള്ളൂവെന്നും ഒതുങ്ങി ജീവിക്കുന്ന വ്യക്തിയാണെന്നും അന്വേഷണത്തിൽ വ്യക്തമായി. കൂടുതൽ സമയവും തന്റെ വീട്ടിൽ തന്നെയായിരുന്നു ഇയാൾ ചെലവഴിച്ചിരുന്നത്. സാഹിലിന്റെ അമ്മ വളരെക്കാലം മുമ്പ് മരിച്ചു. അച്ഛൻ നോയിഡയിലാണ് താമസിച്ചിരുന്നത്.

സാഹിലിന്റെ അന്ധവിശ്വാസങ്ങളെ മുസ്‌കാൻ മുതലെടുത്തതായും ആരോപണമുണ്ട്. മുസ്‌കാൻ വ്യാജ സ്‌നാപ്ചാറ്റ് അക്കൗണ്ടുകളുണ്ടാക്കി, മരിച്ചുപോയ അമ്മയാണെന്നു പറഞ്ഞ് സാഹിലിന് സന്ദേശം അയയ്‌ക്കുകയും സൗരഭിനെ കൊല്ലാൻ പ്രേരിപ്പിക്കുകയും ചെയ്‌തു. അതേസമയം, സൗരഭ് ലണ്ടനിൽ നിന്ന് വന്നത് ഗണ്യമായ തുകയുമായിട്ടാണെന്ന് സഹോദരൻ ബബ്‌ലു അവകാശപ്പെട്ടു. ബോളിവുഡ് നടിയാകാൻ വേണ്ടി മുസ്കാൻ പലതവണ വീട്ടിൽ നിന്ന് ഒളിച്ചോടിയിട്ടുണ്ടെന്നും ഇത് ദമ്പതികൾക്കിടയിൽ തർക്കങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും സഹോദരൻ ആരോപിച്ചു.

2021ൽ സൗരഭ് വിവാഹമോചന കേസ് ഫയൽ ചെയ്തു. എന്നാൽ സൗരഭിന്റെ കുടുംബം അക്കാര്യം പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടു. സൗരഭിന്റെ പണം ഉപയോ​ഗിച്ച് മുസ്കാൻ സ്ഥലവും ഐഫോണും വാങ്ങി. പാസ്പോർട്ട് പുതുക്കാനുംകൂടിയാണ് സൗരഭ് ഇന്ത്യയിലേക്ക് മടങ്ങിയത്. മുസ്‌കാന്റെ മാതാപിതാക്കളും ഗൂഢാലോചനയിൽ പങ്കാളികളാണെന്നും ബബ്‌ലു ആരോപിച്ചു.

സാഹിലുമായുള്ള മുസ്കാന്റെ പ്രണയവും സാമ്പത്തിക ഇടപാടുകളുമാണ് കൊലയ്ക്ക് പിന്നിലെ കാരണങ്ങളെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതെന്ന് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ ആയുഷ് വിക്രം പറഞ്ഞു. 12ാം മാത്രം ക്ലാസ് പാസായ സൗരഭ് ലണ്ടനിൽ ജോലി ചെയ്തിരുന്നോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളും മുസ്‌കാന്റെയും അമ്മയുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയ ആറ് ലക്ഷം രൂപ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിച്ചുവരികയാണ്. കേസിൽ രണ്ട് ടീമുകൾ രൂപീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

മാർച്ച് നാലിന് മീറഠിലെ ഇന്ദിരാ ന​ഗറിലായിരുന്നു കൊടുംക്രൂരത. മുസ്കാനും സാഹിൽ ശുക്ലയും ചേര്‍ന്ന് സൗരഭിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിലാക്കി സിമന്‍റ് തേച്ച് അടയ്ക്കുകയായിരുന്നു. മകനെ കാണാതായതോടെ സംശയം തോന്നിയ സൗരഭിന്‍റെ കുടുംബം നല്‍കിയ പരാതിപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ 14 ദിവസത്തിന് ശേഷം വാടക വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

2016ലാണ് സൗരഭും മുസ്‌കാനും വിവാഹിതരാകുന്നത്. പ്രണയവിവാഹമായതിനാല്‍ ഇരു വീട്ടുകാരും ബന്ധത്തെ എതിർത്തിരുന്നു. ഭാര്യക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സൗരഭ് മര്‍ച്ചന്‍റ് നേവിയിലെ ജോലി ഉപേക്ഷിച്ച് മീറഠില്‍ വാടക വീട്ടിടെടുത്ത് താമസം തുടങ്ങി. 2019ല്‍ ദമ്പതികള്‍ക്ക് മകള്‍ ജനിച്ചു. അതിനിടെ തന്‍റെ സുഹൃത്തായ സാഹിലുമായി മുസ്കാന് ബന്ധമുണ്ടെന്ന് സൗരഭ് അറിഞ്ഞു. ഇതോടെ വിവാഹബന്ധം വേർപ്പെടുത്താൻ തീരുമാനിച്ചെങ്കിലും മകളുടെ ഭാവി ഓര്‍ത്ത് സൗരഭ് പിന്മാറി.

പിന്നീട് വീണ്ടും മര്‍ച്ചന്‍റ് നേവിയിൽ തന്നെ ജോലി ലഭിക്കുകയും 2023ൽ സൗരഭ് ലണ്ടനിലേക്ക് പോവുകയും ചെയ്തു. ഇതോടെ സാഹിലും മുസ്കാനും തമ്മിലുള്ള ബന്ധം വലുതാവുകയായിരുന്നു. ലണ്ടനില്‍ ജോലി ചെയ്തിരുന്ന സൗരഭ് മകളുടെ പിറന്നാളിനായി ഫെബ്രുവരി 24നാണ് നാട്ടിലെത്തിയത്. ഇതോടെ സൗരഭിനെ ഇല്ലാതാക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് നാലിന് സൗരഭിന്‍റെ ഭക്ഷണത്തില്‍ മുസ്കാന്‍ ഉറക്കഗുളിക ചേര്‍ത്തുനൽകി.

ഉറക്കത്തിനിടെ കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയും ശേഷം മൃതദേഹം 15 കഷണങ്ങളാക്കി ഡ്രമ്മിനകത്താക്കുകയും സിമന്റ് തേച്ച് ഒളിപ്പിച്ചുവയ്ക്കുകയുമായിരുന്നു. കുറ്റകൃത്യത്തിനു ശേഷം ഇയാൾ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനും ഭാര്യ ശ്രമിച്ചു. സാഹിലിനൊപ്പം ഉത്തരാഖണ്ഡിലെ കൗസാനിയിലേക്ക് വിനോദസഞ്ചാരത്തിന് പോയ മുസ്കാൻ സൗരഭിന്റെ ഫോണും കൈയിലെടുത്തിരുന്നു. തുടർന്ന്, സംശയമുണ്ടാവാതിരിക്കാൻ ഈ ഫോണിൽനിന്ന് സൗരഭിന്റെ വീട്ടുകാർക്ക് സന്ദേശങ്ങൾ അയക്കുകയും ചെയ്തു. എന്നാൽ നിരവധി തവണ വിളിച്ചിട്ടും മകൻ ഫോണെടുക്കാതായതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. തുടർന്ന് പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍, സംശയത്തെ തുടർന്ന് പൊലീസ് മുസ്കാനെയും സാഹിലനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഡ്രമ്മില്‍ താഴ്ത്തി സിമന്‍റ് ഉപയോഗിച്ച് മൂടിയതായി ഇരുവരും മൊഴി നല്‍കി.



TAGS :

Next Story