"മണിപ്പൂരിലേക്ക് മടങ്ങണം", മിസോറാമിൽ കുടിയേറിയ മെയ്‌തികളോട് സംസ്ഥാനം വിടാൻ ആഹ്വാനം: സുരക്ഷയൊരുക്കി സർക്കാർ
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യിച്ച സംഭവത്തിൽ മിസോറാം യുവാക്കൾക്കിടയിൽ രോഷമുണ്ട്. അതിനാൽ, സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനം വിട്ട് പോകണമെന്നാണ് ആവശ്യം
സംസ്ഥാനം വിടാൻ മുൻ മിസോറാം കലാപകാരികൾ മെയ്തേയ് സമുദായത്തിൽ നിന്നുള്ളവരോട് പരസ്യമായി ആഹ്വാനം ചെയ്തതിനെത്തുടർന്ന് മെയ്തികൾക്ക് സുരക്ഷയൊരുക്കി മിസോറാം സർക്കാർ. പീസ് അക്കോർഡ് എംഎൻഎഫ് റിട്ടേണീസ് അസോസിയേഷൻ (PAMRA)യാണ് മണിപ്പൂരിൽ നിന്നുള്ള മെയ്‌തികളോട് സംസ്ഥാനം വിടാൻ ആവശ്യപ്പെട്ടത്.
സ്വന്തം സുരക്ഷാ കണക്കിലെടുത്താണ് മെയ്‌തികളോട് സംസ്ഥാനം വിടാൻ ആഹ്വനം ചെയ്തതെന്നാണ് അസോസിയേഷൻ പറയുന്നത്. വംശീയ കലഹത്തിൽ തകർന്ന മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യിച്ച സംഭവത്തിൽ മിസോറാം യുവാക്കൾക്കിടയിൽ രോഷമുണ്ട്. അതിനാൽ, സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനം വിട്ട് പോകണമെന്നാണ് വെള്ളിയാഴ്ച ഐസ്വാളിൽ നിന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ, പീസ് അക്കോർഡ് എംഎൻഎഫ് റിട്ടേണീസ് അസോസിയേഷൻ പറയുന്നത്.
മണിപ്പൂരിലെ ഗോത്രവർഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ മിസോറാമിലെ ജനങ്ങളുടെ വികാരങ്ങൾ ആഴത്തിൽ വ്രണപ്പെടുത്തിയതായും അസോസിയേഷൻ പറയുന്നു. മിസോറാമിലെ മെയ്തികൾക്ക് നേരെ എന്തെങ്കിലും അക്രമം ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം അവർക്ക് തന്നെയായിരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
"മിസോറാമിലെ സ്ഥിതിഗതികൾ സംഘർഷഭരിതമാണ്. മണിപ്പൂരിൽ അക്രമികൾ നടത്തിയ പ്രാകൃതവും ഹീനവുമായ പ്രവൃത്തികളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ നിന്നുള്ള മെയ്തേയ് ആളുകൾക്ക് ഇനി മിസോറാമിൽ താമസിക്കുന്നത് സുരക്ഷിതമല്ല. സുരക്ഷാ നടപടിയെന്ന നിലയിൽ മിസോറാമിലെ എല്ലാ മെയ്തേയി ജനങ്ങളോടും സ്വന്തം സംസ്ഥാനത്തേക്ക് പോകണമെന്ന് PAMRA അഭ്യർത്ഥിക്കുന്നു"; പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത് ഇങ്ങനെ.
പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ മെയ്തേയ് സമുദായക്കാർക്ക് മിസോറാം സർക്കാർ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഒരു മെയ്തേയ് വ്യക്തിക്കും പരിക്കേൽക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മിസോറാം സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇക്കാര്യം മിസോറാം മുഖ്യമന്ത്രി സോറാംതംഗ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
മിസോകളുമായി വംശപരമ്പര പങ്കിടുന്ന മണിപ്പൂരിലെ സോ അല്ലെങ്കിൽ കുക്കി വംശജർക്കെതിരെയുള്ള മെയ്തേയ് സമുദായക്കാരുടെ നിഷ്ഠൂരവും ക്രൂരവുമായ പ്രവൃത്തിയിൽ കടുത്ത രോഷമാണ് സംസ്ഥാനത്ത് ഉയരുന്നത്. പ്രസ്താവന മണിപ്പൂരിൽ നിന്നുള്ള മെയ്തികൾക്ക് വേണ്ടി മാത്രമാണെന്നും മറ്റിടങ്ങളിൽ നിന്നുള്ളവരെ ബാധിക്കില്ലെന്നും മുൻ കലാപകാരികൾ വ്യക്തമാക്കിയിട്ടുണ്ട്.
മണിപ്പൂരിൽ നിന്നും അസമിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് മെയ്തികളാണ് മിസോറാമിൽ താമസിക്കുന്നത്. മണിപ്പൂരിൽ നിന്ന് കുടിയിറക്കപ്പെട്ട 12,000-ത്തിലധികം കുക്കികളും ക്രിസ്ത്യൻ ആധിപത്യമുള്ള മിസോറാമിൽ അഭയം പ്രാപിച്ചതായി റിപ്പോർട്ടുകളുണ്ട്. മിസോ സമാധാന ഉടമ്പടിയിലെ എല്ലാ വ്യവസ്ഥകളും നടപ്പിലാക്കാൻ ശ്രമിക്കുന്ന മുൻ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) കലാപകാരികളുടെ ഒരു രാഷ്ട്രീയേതര സംഘടനയാണ് PAMRA.
Adjust Story Font
16