10- 15 വയസുള്ള പെൺകുട്ടികളെ പെൺവാണിഭത്തിനും വേശ്യാവൃത്തിക്കും ഇരയാക്കി; ഉന്നത പൊലീസ്- സർക്കാർ ഉദ്യോഗസ്ഥരടക്കം 21 പേർ അറസ്റ്റിൽ
ഇവരെ കഴിഞ്ഞ 10 ദിവസത്തിനിടെ തലസ്ഥാനമായ ഇറ്റാനഗറിലും പരിസരത്തും നടന്ന പരിശോധനയുടെ ഭാഗമായി പൊലീസ് രക്ഷപ്പെടുത്തി.
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പെൺവാണിഭത്തിനും വേശ്യാവൃത്തിക്കും ഇരയാക്കിയ സംഭവത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരുമടക്കം 21 പേർ അറസ്റ്റിൽ. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും (ഡിവൈ.എസ്പി) ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടറും ഉൾപ്പെടെയാണ് അറസ്റ്റിലായത്. കുട്ടികളെ കടത്തുകയും പെൺവാണിഭം നടത്തുകയും ചെയ്ത കേസിലാണ് നടപടി.
10, 12 വയസുള്ള ഓരോ പെൺകുട്ടികളും 15 വയസുള്ള മൂന്ന് പെൺകുട്ടികളുമാണ് സംഘത്തിന്റെ ക്രൂരതയ്ക്ക് ഇരയായത്. ഇവരെ കഴിഞ്ഞ 10 ദിവസത്തിനിടെ തലസ്ഥാനമായ ഇറ്റാനഗറിലും പരിസരത്തും നടന്ന പരിശോധനയുടെ ഭാഗമായി പൊലീസ് രക്ഷപ്പെടുത്തി. അഞ്ച് പെൺകുട്ടികളും അസമിലെ ഗ്രാമങ്ങളിൽ നിന്ന് ഇറ്റാഗറിലേക്ക് കടത്തിയവരാണ്. ഇവരിൽ ആദ്യ രണ്ടുപേർ 8 വയസ് മാത്രം പ്രായമുള്ളപ്പോൾ ഇറ്റാനഗറിലേക്ക് കടത്തപ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു.
ഇതുവരെ അറസ്റ്റിലായ 21 പേരിൽ 10 പേർക്കെതിരെ പെൺകുട്ടികളെ കടത്തൽ, ഇടപാടുകാരെ കണ്ടെത്തൽ, ഇരകളെ ഇടപാടുകാരുടെ അടുത്തേക്ക് കൊണ്ടുപോവൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മറ്റ് 11 പേർ ഇരകളെ ലൈംഗികമായി പീഡിപ്പിച്ചവരാണ്. ഇവരിൽ അരുണാചൽ പൊലീസിലെ ഡെപ്യൂട്ടി എസ്പിയായ ബുലന്ദ് മാരിക്, ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. സെൻലാർ റോൻയ, അരുണാചൽ പൊലീസിലെ കോൺസ്റ്റബിൾ ടോയ് ബഗ്ര, പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റൻ്റ് എൻജിനീയറായ തകം ലാംഗ്ഡിപ്, റൂറൽ വർക്ക്സ് വകുപ്പിലെ ജൂനിയർ എൻജിനീയറായ മിച്ചി ടാബിൻ എന്നിവർ ഉൾപ്പെടുന്നു.
ഐപിസി 373 (പ്രായപൂർത്തിയാവാത്ത കുട്ടികളെ വേശ്യാവൃത്തിക്കായി വാങ്ങുക, ഉപയോഗിക്കുക) വകുപ്പും പോക്‌സോ ആക്ട്, ഇമ്മോറൽ ട്രാഫിക്കിങ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകളും പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
"കുട്ടിക്കടത്ത്, പെൺവാണിഭ സംഘവുമായി ബന്ധപ്പെട്ട് മെയ് നാലിനാണ് ഞങ്ങൾക്ക് വിവരം ലഭിച്ചത്. പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികളെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കടത്തിക്കൊണ്ടുവന്ന് ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു പ്രാഥമിക വിവരം"- എസ്.പി രോഹിത് രജ്ബീർ സിങ് പറഞ്ഞു. രണ്ട് സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിനും നാല് പെൺകുട്ടികളെ രക്ഷപ്പെടുത്തിയതിനും ശേഷം, ഇറ്റാനഗർ ആസ്ഥാനമാക്കി ബ്യൂട്ടിപാർലർ നടത്തുന്ന പുഷ്പാഞ്ജലി മിലി, ഗുവാഹത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന പൂർണിമ മിലി എന്നീ സഹോദരിമാരാണ് കുട്ടികളെ കടത്തുന്ന സംഘത്തിന് നേതൃത്വം നൽകുന്നതെന്ന് പൊലീസ് കണ്ടെത്തിയതായി സിങ് പറഞ്ഞു. ഇരുവരും അസമിലെ ധേമാജി ജില്ലക്കാരാണ്.
“ഇവർ സ്വന്തം നാട്ടിൽ നിന്ന് ദരിദ്ര കുടുംബങ്ങളെ ലക്ഷ്യമിടുകയും ഇവിടുത്തെ പെൺകുട്ടികൾക്ക് മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്ത് അരുണാചലിലേക്ക് കടത്തുകയുമായിരുന്നു. വ്യത്യസ്ത വർഷങ്ങളിലാണ് പെൺകുട്ടികളെ ഇവിടെ കൊണ്ടുവന്നത്. ഒരാളെ 2020ൽ കൊണ്ടുവന്നു. മറ്റൊരാളെ 2022ൽ. ഒന്നോ രണ്ടോ മാസത്തേക്ക് അവരെ പാർലറിൽ ജോലിക്ക് നിർത്തും. അതിനുശേഷം അവരെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയാണ് ചെയ്തിരുന്നത്. 2020ൽ ഒരു പെൺകുട്ടിയെ ഇവിടെ കൊണ്ടുവരുമ്പോൾ അവൾക്ക് എട്ട് വയസ് മാത്രമാണുണ്ടായിരുന്നത്. അതിനുശേഷം അവൾ എങ്ങനെയോ രക്ഷപെട്ടെങ്കിലും വീണ്ടും പിടിച്ചുകൊണ്ടുവന്ന് വേശ്യാവൃത്തിക്ക് ഇരയാക്കുകയായിരുന്നു”- അദ്ദേഹം പറഞ്ഞു.
പ്രതികൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഇരകളായ പെൺകുട്ടികളുടെ ഫോട്ടോകളും നിരക്കും പ്രചരിപ്പിക്കുകയമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ ഗ്രൂപ്പുകളിൽ നിരവധി ആളുകൾ ഉണ്ടായിരുന്നു. മെയ് നാലിന് ആദ്യ അറസ്റ്റിനു ശേഷം നടപടി ഭയന്ന് പലരും ഗ്രൂപ്പിൽ നിന്ന് പുറത്തുപോവാൻ തുടങ്ങി. 18 പേരുടെ അറസ്റ്റിനും നാല് കുട്ടികളെ രക്ഷപെടുത്തിയതിനും ശേഷം ചിമ്പുവിലെ ഒരു ഹോട്ടൽ ഉടമയും നടത്തിപ്പുകാരുമായ മൂന്ന് പേർ അറസ്റ്റിലായി. ഇതിൽ ദമ്പതികളായ ദുലാൽ ബസുമതരി, ദിപാലി ബസുമതരി എന്നിവരും ഉൾപ്പെടുന്നു.
ഇവർ അസമിലെ ഉദൽഗുരി സ്വദേശികളാണ്. ഇവരിൽ നിന്ന് 15 വയസുള്ള ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തി. ഈ പെൺകുട്ടിയും ഇവരുടെ ഗ്രാമത്തിൽ നിന്നുള്ളവളാണെന്നും ഇരുവരും ചേർന്ന് അരുണാചലിലേക്ക് കൊണ്ടുവന്നതാണെന്നും പൊലീസ് പറഞ്ഞു. കൗമാരപ്രായം എത്തിയപ്പോൾ അവർ അവളെ വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ടതായും പൊലീസ് വ്യക്തമാക്കി. പൊലീസ് രക്ഷപെടുത്തിയ ഇരകൾ ഇപ്പോൾ ചൈൽഡ് വെൽഫെയർ ഹോമിൽ ചികിത്സയിലാണെന്നും അവർക്ക് മനഃശാസ്ത്ര കൗൺസിലിങ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16