Quantcast

'മണിപ്പൂരിലെ പള്ളികള്‍ തകര്‍ക്കപ്പെട്ടിട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അപലപിച്ചില്ല': മിസോറാം ബി.ജെ.പി ഉപാധ്യക്ഷന്‍ രാജിവെച്ചു

'357 ക്രിസ്ത്യൻ പള്ളികള്‍ തകര്‍ത്തു. എന്നിട്ടും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് അപലപിച്ചില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇംഫാൽ സന്ദർശിച്ചെങ്കിലും പള്ളികൾ കത്തിച്ചതിനെ അദ്ദേഹവും അപലപിച്ചില്ല'

MediaOne Logo

Web Desk

  • Updated:

    2023-07-14 05:38:23.0

Published:

14 July 2023 5:30 AM GMT

Mizoram BJP vice president resigns to protest attacks on churches in Manipur
X

R Vanramchhuanga

ഐസ്‍വാള്‍: മിസോറാമിലെ ബി.ജെ.പി ഉപാധ്യക്ഷന്‍ ആര്‍ വന്‍‍റാംചുവാംഗ രാജിവെച്ചു. മണിപ്പൂരില്‍ ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് രാജി. പള്ളികള്‍ തകര്‍ത്തപ്പോള്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ അപലപിച്ചില്ല. അതുകൊണ്ടുതന്നെ പള്ളികൾ വൻതോതിൽ തകർക്കുന്നതിന് സംസ്ഥാന - കേന്ദ്ര അധികാരികളുടെ പിന്തുണയുണ്ടെന്ന് താൻ വിശ്വസിക്കുന്നുവെന്നും മിസോറാം ബി.ജെ.പി അധ്യക്ഷൻ വൻലാൽമുകയ്ക്ക് അയച്ച കത്തിൽ വൻറാംചുവാംഗ പറഞ്ഞു.

"മണിപ്പൂരില്‍ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട വംശീയ സംഘർഷത്തെ തുടർന്ന് 357 ക്രിസ്ത്യൻ പള്ളികളും പാസ്റ്റർ ക്വാർട്ടേഴ്സുകളും വിവിധ പള്ളികളുടെ ഓഫീസ് കെട്ടിടങ്ങളും കത്തിനശിച്ചു. എന്നിട്ടും മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് അപലപിച്ചില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇംഫാൽ സന്ദർശിച്ചെങ്കിലും പള്ളികൾ കത്തിച്ചതിനെ അദ്ദേഹവും അപലപിച്ചില്ല. ക്രിസ്ത്യൻ പള്ളികൾ കത്തിച്ചതിനെതിരെ കേന്ദ്ര സർക്കാർ പോലും ഒരു വാക്കു പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പള്ളികൾ വൻതോതിൽ തകർക്കുന്നതിന് സംസ്ഥാന - കേന്ദ്ര അധികാരികളുടെ പിന്തുണയുണ്ടെന്ന് താൻ വിശ്വസിക്കുന്നു"- രാജിക്കത്തില്‍ വന്‍‍റാംചുവാംഗ കുറ്റപ്പെടുത്തി.

മണിപ്പൂരിലെ സംഭവങ്ങൾ ബി.ജെ.പി ക്രിസ്ത്യൻ വിരുദ്ധ പാർട്ടിയാണെന്ന ആരോപണങ്ങൾക്ക് ശക്തിപകരുന്നതായി ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വൻറാംചുവാംഗ ആരോപിച്ചു- "സംസ്ഥാന നേതാക്കളും കേന്ദ്ര നേതാക്കളും അക്രമികളുടെ പ്രവൃത്തിയെ അപലപിക്കേണ്ടതായിരുന്നു. ഇരകളെ സംരക്ഷിക്കുന്നതിനോ ആശ്വസിപ്പിക്കുന്നതിനോ അവർ എന്തെങ്കിലും ചെയ്യണമായിരുന്നു. മിസോറാം ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമാണ്. ചില പാർട്ടികൾ ബി.ജെ.പിയെ ക്രിസ്ത്യന്‍ വിരോധമുള്ള പാര്‍ട്ടിയെന്ന് വിമർശിക്കാറുണ്ട്. മണിപ്പൂരിലാണ് ഈ ആശയം നിലവിൽ വന്നത്. ബി.ജെ.പി യഥാർത്ഥത്തിൽ ഒരു ക്രിസ്ത്യൻ വിരുദ്ധ പാർട്ടിയാണെന്ന് ആളുകൾക്ക് പറയാൻ കഴിയും. എന്റെ ജനങ്ങളുടെ ആശയങ്ങളെ ഞാൻ മാനിക്കണം. ഒരു സഭാ നേതാവെന്ന നിലയിൽ ബി.ജെ.പിയുമായി എനിക്ക് ബന്ധം പാടില്ല"

മറ്റ് ചില പാർട്ടികളുടെ നേതാക്കൾ തന്നെ സന്ദർശിച്ചെങ്കിലും അടുത്ത നടപടികൾ ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് വൻറാംചുവാംഗ പറഞ്ഞു. മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ബി.ജെ.പി വൈസ് പ്രസിഡന്റിന്റെ രാജി. മിസോറാമിലെ ജനസംഖ്യയുടെ 87 ശതമാനത്തിലധികം ക്രിസ്ത്യാനികളാണ്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റില്‍ വിജയിച്ച് ബി.ജെ.പി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നിരുന്നു. മെയ് 3ന് മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 130ലധികം പേര്‍ക്ക് ജീവൻ നഷ്ടമായി. 3000ത്തിലധികം പേർക്ക് പരിക്കേറ്റു.

Summary- Mizoram BJP vice president R Vanramchhuanga Thursday resigned from his post to protest the massive demolition of Christian Churches during the violence in Manipur.

TAGS :

Next Story