Quantcast

ഒഡീഷ ട്രെയിൻ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ല​ക്ഷം ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി

ട്രെയിൻ അപകടത്തിന്റെ വിശദാംശങ്ങൾ അന്വേഷിക്കാൻ തമിഴ്‌നാട് മന്ത്രിമാർ ഒഡീഷയിലെ ബലസോറിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2023-06-03 13:12:28.0

Published:

3 Jun 2023 12:32 PM GMT

MK Stalin Announces Financial Assistance For Train Accident Victims of Odisha Train Tragedy
X

ചെന്നൈ: രാജ്യത്തെ നടുക്കി ഒഡീഷയിലെ ബലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ചെന്നൈയിലെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിലെത്തി അദ്ദേഹം സ്ഥിതി​ഗതികൾ വിലയിരുത്തി. ട്രെയിൻ അപകടത്തിന്റെ വിശദാംശങ്ങൾ അന്വേഷിക്കാൻ തമിഴ്‌നാട് മന്ത്രിമാർ ഒഡീഷയിലെ ബലസോറിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കുമായി സംസാരിച്ചതായും തമിഴ്‌നാട് സർക്കാരിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പ് നൽകിയതായും സ്റ്റാലിൻ അറിയിച്ചു. 'അപകടത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം ഞാൻ നവീൻ പട്‌നായിക്കിനോട് സംസാരിക്കുകയും തമിഴ്‌നാട് സർക്കാരിന്റെ ഭാ​ഗത്തുനിന്നും സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തു. എന്നിരുന്നാലും അവർ അവരുടേതായ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നുണ്ട്'- മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ സ്റ്റാലിൻ പറഞ്ഞു.

'മന്ത്രിമാരായ ഉദയനിധി സ്റ്റാലിൻ, ശിവശങ്കർ, ഐ.എ.എസ് ഉദ്യോഗസ്ഥർ എന്നിവർ അവിടേക്ക് പോകുന്നുണ്ട്. അപകടത്തെ തുടർന്ന് ഇന്നലെ മുതൽ ഈ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ പ്രവർത്തിച്ചുവരികയും അവശരായവർക്ക് ആവശ്യമായ സഹായം നൽകുകയും ചെയ്യുന്നുണ്ട്'- അദ്ദേഹം വ്യക്തമാക്കി.

'നിലവിൽ, അപകടത്തിൽ മരിച്ചതോ പരിക്കേറ്റതോ ആയ തമിഴ്നാട് സ്വദേശികളുടെ എണ്ണം സംബന്ധിച്ച് വിശദാംശങ്ങളൊന്നുമില്ല. ഞങ്ങളുടെ ഉദ്യോഗസ്ഥർ ഒഡീഷ സർക്കാർ ഉദ്യോഗസ്ഥരുമായി തുടർച്ചയായി ബന്ധപ്പെടുകയും സഹകരിക്കുകയും ചെയ്യുന്നുണ്ട്'- സ്റ്റാലിൻ കൂട്ടിച്ചേർത്തു.

'ഞങ്ങൾ വിശദാംശങ്ങൾ അന്വേഷിക്കാനായി അങ്ങോട്ടു പോവുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി ഒഡീഷ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. സ്ഥലത്തെത്തിയ ശേഷം വിവരങ്ങൾ അറിയിക്കാം. അപകടത്തിൽ പരിക്കേറ്റ തമിഴ്‌നാട്ടുകാർക്കായി ആശുപത്രി സൗകര്യങ്ങളും തയ്യാറാണ്'- മന്ത്രി ഉദയനിധി സ്റ്റാലിൻ ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോടു പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് ഒഡീഷയിലെ ബലസോറിൽ രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത്. യശ്വന്ത്പൂരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് (12864), ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ് (12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തിൽപ്പെട്ടത്. യശ്വന്ത്പൂരിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ട്രെയിൻ അതേ പാളത്തിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിൽ ഇടിച്ചു. തുടർന്ന് പാളം തെറ്റിയ ഈ ട്രെയിനിന്റെ കോച്ചുകളിലേക്ക് തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമാണ്ഡൽ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ ഇതുവരെ 261പേരുടെ മരണം സ്ഥിരീകരിച്ചു. 900ലേറെ പേർക്ക് പരിക്കേറ്റതായും ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നും ഒഡീഷ ചീഫ് സെക്രട്ടറി പറഞ്ഞു. അപകടത്തിൽപ്പെട്ട രണ്ട് ട്രെയിനുകളിലുമായി റിസർവ് ചെയ്ത് യാത്ര ചെയ്തത് 2296 പേരാണ്. കോറമാണ്ഡൽ എക്‌സ്പ്രസിൽ 1257 പേരും യശ്വന്ത്പൂർ എക്‌സ്പ്രസിൽ 1039 പേരുമാണ് റിസർവ് ചെയ്തത്. 23 കോച്ചുകാണ് പാളം തെറ്റിയത്.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രം 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടു ലക്ഷവും നിസാരമായി പരിക്കേറ്റവർക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. ഇതു കൂടാതെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും രണ്ടു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സിഗ്നൽ നൽകിയതിലെ പിഴവാണ് ട്രെയിൻ അപകടത്തിന് കാരണമെന്നാണ് റെയിൽവേ സംഘത്തിന്റെ പ്രാഥമിക നിഗമനം. അപകടസ്ഥലം പരിശോധിച്ച റെയിൽവേ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

TAGS :

Next Story