ആധുനിക ഇന്ത്യൻ സ്ത്രീകൾക്ക് പ്രസവിക്കാൻ താത്പര്യമില്ലെന്ന് കർണാടക മന്ത്രി
"നിർഭാഗ്യവശാൽ നമ്മൾ ഇന്ന് പടിഞ്ഞാറൻ മാതൃകയാണ് പിന്തുടരുന്നത്."
ആധുനിക ഇന്ത്യൻ സ്ത്രീകൾക്ക് കല്യാണം കഴിക്കാനോ കല്യാണം കഴിച്ചാൽ തന്നെ പ്രസവിക്കാനോ താൽപര്യമില്ലെന്ന് കർണാടക ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ.
"ഇന്നെനിക്കിത് പറയുന്നതിൽ ഖേദമുണ്ട്. ഒരുപാട് ആധുനിക ഇന്ത്യൻ സ്ത്രീകൾ അവിവാഹിതരായിരിക്കാനാണ് ആഗ്രഹിക്കുന്നത്. കല്യാണം കഴിച്ചാൽ തന്നെ ഇവർക്ക് പ്രസവിക്കാൻ താൽപര്യമില്ല. വാടക ഗർഭമാണ് അവർക്ക് വേണ്ടത്. അവരുടെ ചിന്തയിൽ വ്യക്തമായ ഒരു മാറ്റമുണ്ടായിരിക്കുന്നു. ഇത് ശരിയല്ല" ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ബംഗളുരുവിലെ നിംഹാൻസിൽ നടത്തിയ പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
ഇന്ത്യൻ സമൂഹത്തിന്മേലുള്ള പാശ്ചാത്യ സ്വാധീനത്തെ വിമർശിച്ച അദ്ദേഹം ആളുകൾ തങ്ങളുടെ മാതാപിതാക്കൾ തങ്ങളോടൊപ്പമുണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. "നിർഭാഗ്യവശാൽ നമ്മൾ ഇന്ന് പടിഞ്ഞാറൻ മാതൃകയാണ് പിന്തുടരുന്നത്. നമ്മുടെ മാതാപിതാക്കൾ പോലും നമ്മുടെ കൂടെ ഉണ്ടാവണമെന്ന് നമുക്ക് ആവശ്യമില്ല. " - മന്ത്രി പറഞ്ഞു
ഓരോ ഏഴ് ഇന്ത്യക്കാരിൽ ഒരാൾക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളുണ്ടെന്നും പരിപാടിയിൽ മന്ത്രി പറഞ്ഞു. സമ്മർദങ്ങൾ അതിജീവിക്കുന്നത് ഒരു കലയാണ്. ലോകത്തിൽ നിന്ന് പഠിക്കുന്നതിന് പകരം ലോകത്തിന് നമ്മൾ ഇത് പഠിപ്പിച്ചു കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Adjust Story Font
16