Quantcast

രാജ്യത്തിന്റെ സമ്പത്തെല്ലാം മോദി ഗുജറാത്തിലേക്ക് മാറ്റി; പ്രശാന്ത് കിഷോർ

ബിഹാറിൽ, കഴിഞ്ഞ 30 വർഷമായി ജനങ്ങൾ ആർജെഡിക്കോ ബിജെപിക്കോ വോട്ടുചെയ്യുന്നു. ആ നിർബന്ധം അവസാനിപ്പിക്കണമെന്നും പ്രശാന്ത് കിഷോർ

MediaOne Logo

Web Desk

  • Published:

    3 Oct 2024 8:40 AM GMT

prashand kishore
X

പറ്റ്‌ന: രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. രാജ്യത്തിന്റെ സമ്പത്തെല്ലാം മോദി ഗുജറാത്തിലേക്ക് മാറ്റിയെന്ന് പ്രശാന്ത് കിഷോർ ആരോപിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയെ അധികാരമേറ്റിയ തന്ത്രമൊരുക്കിയ പ്രശാന്ത് കിഷോറാണ് പരസ്യമായി അദ്ദേഹത്തെ തള്ളിപ്പറയുന്നത്.

ജന്‍ സൂരജ് എന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പേര്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും പാർട്ടി മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബിഹാറിലെ മദ്യനിരോധനം അവസാനിപ്പിക്കുമെന്നും വരുമാനം വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താൻ ഉപയോഗിക്കുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

'' ഗുജറാത്തിന്റെ വികസനത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്തു എന്ന ധാരണയിൽ മോദിയുടെ പ്രസംഗങ്ങൾ കേട്ടാണ് നിങ്ങളെയും എന്നെയും പോലുള്ളവർ മോദിക്ക് വോട്ട് ചെയ്തത്. ഗുജറാത്ത് പുരോഗമിക്കുന്നുണ്ട്. എല്ലാ ഗ്രാമങ്ങളിലും ഫാക്ടറികൾ സ്ഥാപിക്കുന്ന ഗുജറാത്തിലേക്ക് രാജ്യത്തിൻ്റെ മുഴുവൻ സമ്പത്തും വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ബിഹാറിൽ നിന്നുള്ള ആളുകൾ തൊഴിൽ തേടി ആ സംസ്ഥാനത്തേക്ക് ഒഴുകുന്നു''- പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ബിഹാറിൽ, കഴിഞ്ഞ 30 വർഷമായി ജനങ്ങൾ ആർജെഡിക്കോ ബിജെപിക്കോ വോട്ടുചെയ്യുന്നു. ആ നിർബന്ധം അവസാനിപ്പിക്കണമെന്ന് പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളും സന്ദർശിച്ച് ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ബോധവത്കരിക്കുക, നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി വോട്ട് ചെയ്യാതിരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസം, കൃഷി, തൊഴിൽ ഉൾപ്പെടെയുള്ളവയിൽ സംസ്ഥാനത്തിൻ്റെ പുരോഗതിക്കായി പ്രവർത്തിക്കുക മുതലായവയാണ് താൻ ലക്ഷ്യമിടുന്നതെന്ന് കിഷോർ വ്യക്തമാക്കി. രാഷ്ട്രീയപ്പാര്‍ട്ടി രൂപികരിച്ച് പ്രവർത്തനം ആരംഭിക്കുമെന്ന് ഈ വർഷം ആദ്യം പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story